വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ആയുരാരോ​ഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്ന ആഘോഷമാണ് കർവാ ചൗത്. ഉത്തരേന്ത്യയിലാണ് കർവാ ചൗതിന് പ്രചാരമുള്ളത്. സ്ത്രീയും പുരുഷനും മാത്രമല്ല ആണും ആണും പെണ്ണും പെണ്ണുമൊക്കെ പ്രണയത്തിലാവുകയും പങ്കാളികളാവുകയും ചെയ്യുന്നതിനെ സ്വാഭാവികമായി കാണേണ്ട കാലത്ത് അവർക്ക് പിന്തുണയുമായെത്തിയ ഒരു പരസ്യം ശ്രദ്ധിക്കപ്പെടുകയാണ്. കർവാ ചൗത് ആഘോഷിക്കുന്ന രണ്ട് പെൺകുട്ടികളാണ് പരസ്യത്തിലുള്ളത്. 

ആദ്യത്തെ കർവാ ചൗതിനു വേണ്ടി തയ്യാറെടുക്കുന്ന രണ്ട് പെൺകുട്ടികളാണ് വീഡിയോയിലുള്ളത്. ഒരു പെൺകുട്ടിയുടെ മുഖത്ത് മറ്റൊരു പെൺകുട്ടി ബ്ലീച്ച് ഇട്ടുകൊടുക്കുകയാണ്. ഒപ്പം കർവാചൗതിനെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഉപവാസം അനുഷ്ടിക്കുന്ന ദിനമാണ് കർവാ ചൗത് എന്ന നിരീക്ഷണവും അവർ നടത്തുന്നുണ്ട്. ഒടുവിലാണ് രണ്ടുപേരും പരസ്പരമാണ് ഉപവാസം അനുഷ്ടിച്ച് കർവാ ചൗത് ആചരിക്കുന്നതെന്ന് വ്യക്തമാവുക. ചന്ദ്രനെ കണ്ട് പങ്കാളിയെ നോക്കുന്ന ആചാരവും ഇരുവരും ചെയ്യുന്നതു കാണാം.

എൽജിബിടിക്യു സമൂഹത്തെ പിന്തുണച്ചുകൊണ്ടുള്ള ഇത്തരം മാറ്റങ്ങളെ പിന്തുണയ്ക്കണമെന്നു പറഞ്ഞാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്. അപ്പോഴും പുരോ​ഗമന ആശയം പ്രചരിപ്പിക്കാൻ പഴഞ്ചൻ കാഴ്ചപ്പാടുകളെ പൊക്കിപ്പിടിക്കുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. വെളുപ്പാണ് നല്ലത്, ചർമ സൗന്ദര്യം പ്രധാനമാണ് എന്നീ ആശയങ്ങൾ പകരുന്ന രീതികൾക്ക് മാറ്റം വരേണ്ടതുണ്ടെന്നാണ് അവരുടെ വാദം. 

Content Highlights: Karwa Chauth ad featuring same-sex couple