രണ്ടാമതും അമ്മയാകാനൊരുങ്ങുന്ന ബോളിവുഡ് താരം കരീന കപൂര്‍ മുമ്പത്തെപ്പോലെ തന്നെ ഇപ്പോഴും ജോലിയുമായി തിരക്കിലാണ്. ഗര്‍ഭകാലത്ത് വിശ്രമിച്ചിരിക്കാന്‍ തന്നെ കിട്ടില്ലെന്നും പറ്റുന്നത്രയും ജോലിക്ക് പോകണമെന്നുമാണ് കരീനയുടെ നയം. ഇപ്പോഴിതാ ജോലി ചെയ്യുന്ന അമ്മ എന്നതില്‍ ഏറെ അഭിമാനിക്കുന്ന വനിതയാണ് താനെന്ന് പറയുകയാണ് കരീന.
ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്. ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത് എന്നൊന്നും പ്ലാന്‍ ചെയ്യാറില്ല. ഇനി അല്‍പം വീട്ടിലിരുന്ന് വിശ്രമിക്കാം എന്നൊന്നും കരുതുന്ന ആളേയല്ല താന്‍. അതിനു ഗര്‍ഭകാലമെന്നോ പ്രസവശേഷമുള്ള കാലമെന്നോ ഉള്ള വ്യത്യാസമില്ല. ഗര്‍ഭിണികള്‍ക്ക് ജോലി ചെയ്യാനാവില്ല എന്നത് എപ്പോഴാണ് ആരെങ്കിലും പറഞ്ഞിട്ടുള്ളത്- കരീന ചോദിക്കുന്നു.
ഗര്‍ഭിണിയായ സ്ത്രീ എത്രത്തോളം സജീവമായി ഇരിക്കുന്നോ അത്രത്തോളം കുഞ്ഞും ആരോഗ്യമുള്ളതായി തീരുമെന്നും കരീന പറയുന്നു. പ്രസവശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തെന്നു തോന്നിയാല്‍ അപ്പോള്‍മുതല്‍ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ തോന്നുന്നോ അതു ചെയ്യണം. കുഞ്ഞിനു വേണ്ട സമയം നല്‍കുന്നതോടൊപ്പം തന്നെ ജോലിക്ക് വേണ്ടിയും നിങ്ങള്‍ക്കു വേണ്ടിയും സമയം കണ്ടെത്താം. ജോലി ചെയ്യുന്ന അമ്മ എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നയാളാണ് ഞാന്‍- കരീന പറയുന്നു.
ഗര്‍ഭകാലത്തുടനീളം തനിക്ക് മാനസിക പിന്തുണയുമായി കൂടെയുള്ള ഭര്‍ത്താവ് സെയ്ഫ് അലി ഖാനെക്കുറിച്ചും കരീന പറയുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് സെയ്‌ഫെന്ന് കരീന പറയുന്നു. തങ്ങള്‍ക്ക് ചെയ്യേണ്ടതെന്തോ അതു ചെയ്യാനുള്ള ഇടം സെയ്ഫ് നല്‍കാറുണ്ട്. ഇഷ്ടപ്പെട്ടത് ചെയ്യാന്‍ കഴിയുന്ന സ്ത്രീ ആയിരിക്കും ഏറ്റവും സന്തുഷ്ട. തന്നെ മനസ്സിലാക്കുന്ന ഭര്‍ത്താവാണ് സെയ്ഫ്. ആ ഗുണം അദ്ദേഹത്തിന് അമ്മയില്‍ നിന്നാണ് കിട്ടിയതെന്നാണ് വിശ്വസിക്കുന്നതെന്നും കരീന പറയുന്നു.
മഹാമാരിക്കാലത്തും ഗര്‍ഭിണിയാണെന്നു പറഞ്ഞു മാറിയിരിക്കാതെ ജോലി ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് കരീന നേരത്തേ പറഞ്ഞിരുന്നു. ലാല്‍ സിങ് ഛദ്ദയുടെ ഷൂട്ടിങ് പൂര്‍ത്തീകരിക്കാനാണ് കരീന കൊറോണ വകവെക്കാതെ ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയത്. എല്ലാ മുന്നൊരുക്കങ്ങളും പാലിച്ച് ജോലി ചെയ്യാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നാമ് അന്ന് താരം പറഞ്ഞത്. ഗര്‍ഭം ഒരസുഖമല്ലെന്നും സാഹചര്യത്തെ പഴിചാരി മാറിയിരിക്കുന്ന ആളല്ല താനെന്നും താരം പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കരീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നത്. 2016ലാണ് സെയ്ഫിനും കരീനയ്ക്കും തൈമുര്‍ പിറക്കുന്നത്. തൈമുറിനെ ഗര്‍ഭം ധരിച്ച കാലത്തുടനീളം സിനിമകളും ഫാഷന്‍ റാംപുകളുമായി താരം തിരക്കിലായിരുന്നു.
Content Highlights: Kareena Kapoor on working through her pregnancy