ലോകത്ത് മാറ്റിനിര്‍ത്തലുകള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ട്രാന്‍സ് വ്യക്തികള്‍. പലപ്പോഴും മുന്‍നിരയിലെത്താനുള്ള യാത്രയില്‍ ധാരാളം പ്രതിബന്ധങ്ങളും വിവേചനങ്ങളും ഇവര്‍ നേരിടാറുണ്ട്. എങ്കിലും അവയെല്ലാം മറികടന്ന് വിജയിക്കുന്നവരും ഏറെയുണ്ട്. അത്തരം ഒരു വിജയഗാഥയാണ് പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളുടേത്. 

കറാച്ചിയിലെ ആദ്യത്തെ ട്രാന്‍ഡ്‌ജെന്‍ഡര്‍ ടെയ്‌ലര്‍ ഷോപ്പ് ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ട്രാന്‍സ് പ്രൈഡ് സോസൈറ്റി എന്ന എന്‍.ജി.ഒയുടെ നേതൃത്വത്തിലാണ് സംരംഭം തുടങ്ങിയിരിക്കുന്നതെന്നാണ് പാകിസ്താനിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സംഘടനയുടെ നേതൃത്വം നിഷ റാവു എന്നയാള്‍ക്കാണ്. സംഘടനയുടെ ഇന്‍സ്റ്റഗ്രാമില്‍ ഉദ്ഘാടനത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

 'കറാച്ചിയിലെ ആദ്യത്തെ ട്രാന്‍സ് സംരംഭമായ ട്രാന്‍സ് പ്രൈഡ് സ്റ്റിച്ച് ഷോപ്പ്, ഇതിന്റെ നേതൃത്വമെല്ലാം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്കാണ്. ഇത്തരമൊരു തുടക്കത്തിന് ഒപ്പം നിന്ന എല്ലാ ട്രാന്‍സ്‌പ്രൈഡ് സൊസൈറ്റി അംഗങ്ങള്‍ക്കും സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. എല്ലാ വിജയാശംസകളും നേരുന്നു. ' ചിത്രങ്ങളുടെ ക്യാപ്ഷന്‍ ഇങ്ങനെയാണ്. ഒപ്പം ഷോപ്പിന്റെ അഡ്രസ്സും നല്‍കിയിട്ടുണ്ട്. ധാരാളം ആളുകളാണ് ഇവരെ അഭിനന്ദിക്കുന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്.

Content Highlights: Karachi gets its first commercial trans-led tailor shop