ലോക്ഡൗണ്‍ പലര്‍ക്കും തങ്ങളുടെ കലാഭിരുചി പൊടി തട്ടിയെടുക്കുന്നതിനുള്ള അവസരമായിരുന്നു. ചിലര്‍ പാചക പരീക്ഷണം നടത്തി. ചിലരാകട്ടെ ചിത്ര രചനയില്‍ മുഴുകി. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ കുടിയാന്മല സ്വദേശിയായ ആന്‍മരിയ ബിജു ചെയ്തത് തന്റെ മനോഹരമായ കൈയക്ഷരത്തെ കലയോട് ചേര്‍ത്തു വെച്ചു. ആന്‍മരിയയുടെ ആ ശ്രമം കൊണ്ടെത്തിച്ചത് ലോക കൈയെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനമെന്ന നേട്ടത്തിലാണ്. ചെമ്പേരി നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആന്‍മരിയ. 

ann mariya hand writing
ആൻ മരിയയുടെ കൈയെഴുത്തുകൾ

ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹാന്‍ഡ് റൈറ്റിങ് ഫോര്‍ ഹ്യുമാനിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 13-നും 19-നും ഇടയില്‍ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആന്‍ മരിയ ഒന്നാം സ്ഥാനം നേടിയത്. ആര്‍ട്ടിസ്റ്റിക്, പ്രിന്റഡ്, കേഴ്‌സീവ് എന്നീ മൂന്ന് മേഖലകളിലാണ് മത്സരം. ഇതില്‍ ആര്‍ട്ടിസ്റ്റിക് വിഭാഗത്തിലാണ് ആന്‍ മരിയയുടെ കൈയക്ഷരം തിരഞ്ഞെടുക്കപ്പെട്ടത്. ജൂണിലായിരുന്നു മത്സരം. ഓണ്‍ലൈനായാണ് ആന്‍മരിയ മത്സരത്തിലേക്ക് അപേക്ഷ നല്‍കിയത്. ടെലിഗ്രഫി സര്‍ട്ടിഫിക്കറ്റും മൂന്ന് ലക്ഷ്വറി പേനകളുമാണ് സമ്മാനം.

Ann mariya hand writing

ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴേ വളരെ മനോഹരമായിരുന്നു ആന്‍മരിയയുടെ കൈയക്ഷരങ്ങള്‍. പുസ്തകത്തിലും നോട്ട്ബുക്കിലുമൊക്കെ നെയിംസ്ലിപ്പില്‍ കൂട്ടുകാര്‍ ആന്‍ മരിയയെക്കൊണ്ട് പേരുകളെഴുതിക്കും. നോട്ട്ബുക്കില്‍ പഠിപ്പിക്കുന്ന വിഷയങ്ങളുടെ പേരുകള്‍ എഴുതിപ്പിക്കും-ആന്‍ മരിയ ഓര്‍ത്തെടുത്തു. ആന്‍മരിയയുടെ കഴിവിന് അകമഴിഞ്ഞ് പ്രോത്സാഹനം നല്‍കിയത് നാലാം ക്ലാസിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ജെയ്‌സ് മരിയയും മലയാളം അധ്യാപികയായിരുന്ന ബെറ്റിയുമാണ്. 

അമ്മയുടെ സഹോദരി ഡോ.ക്രിസ്റ്റീനാ ഫ്രാന്‍സിസ് ആണ് ഹാന്‍ഡ് റൈറ്റിങ് ഫോര്‍ ഹ്യുമാനിറ്റിയെക്കുറിച്ചും കൈയക്ഷര മത്സരത്തെക്കുറിച്ചുമെല്ലാം ആന്‍മരിയയോട് പറഞ്ഞത്. അവരുടെ നിര്‍ദേശപ്രകാരം ആന്‍മരിയ മത്സരത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കി.  

Ann mariya

ആന്‍മരിയയ്ക്ക് പ്രത്യേകം കൈയക്ഷര പരിശീലനത്തിന് ആവശ്യമായ പ്രത്യേകതരം പേനയും നിബും എല്ലാം മേടിച്ചുകൊടുത്ത് അച്ഛന്‍ ബിജു ജോസും അമ്മ സ്വപ്‌ന ഫ്രാന്‍സിസും കൂടെ നിന്നു. എന്നാല്‍, ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ പതിഞ്ഞാന്‍ ആന്‍ മരിയയുടെ പഠനത്തെ ബാധിക്കുമോയെന്ന് അവര്‍ക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, മത്സരഫലമറിഞ്ഞപ്പോള്‍ ബിജുവും സ്വപ്‌നയും മകളുടെ നേട്ടത്തില്‍ അതിയായി സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 

സാമൂഹിക മാധ്യമത്തെയാണ് കാലിഗ്രഫി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആന്‍മരിയ ആശ്രയിച്ചത്. നിരന്തരമായ പരിശ്രമമായിരുന്നു കൂട്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആന്‍മരിയ കാലിഗ്രഫി ചെയ്യുമെങ്കിലും തനിക്ക് കൂടുതല്‍ എളുപ്പമായി തോന്നുന്നത് ഇംഗ്ലീഷ് ആണെന്ന് ആൻ മരിയ പറഞ്ഞു. കൂടുതല്‍ ക്രിയേറ്റീവ് ആകാൻ കഴിയുമെന്നതാണ് കാരണം. 

ഇലക്ട്രിക് ടെക്‌നീഷ്യനാണ് ആന്‍മരിയയുടെ അച്ഛന്‍ ബിജു. അമ്മ സ്വപ്ന. സഹോദരന്‍ അലന്‍ ബിജു പ്ലസ്ടു വിദ്യാര്‍ഥിയും സഹോദരി അമല ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

Content highlights: kannur kudiyanmala native got first prize for world handwriting contest