ബോളിവു‍ഡ് താരങ്ങളായ കത്രീന കൈഫ്- വിക്കി കൗശൽ വിവാഹ വാർത്തകളാണ് സമൂഹമാധ്യമത്തിലെങ്ങും. കർശന സുരക്ഷയോടെയാണ് ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമിടുന്നത്. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് നടി കങ്കണ റണൗട്ട് പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറി. ജെൻ‍ഡർ സ്റ്റീരിയോടൈപ്പുകളെ കാറ്റിൽ പറത്തി വിവാഹിതരാകുന്ന കത്രീനയ്ക്കും വിക്കിക്കും ആശംസകൾ നേരുകയാണ് കങ്കണ. 

ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ലിം​ഗവിവേചനത്തെക്കുറിച്ചും അതിനെ വകവെക്കാതെ വിവാഹിതരാകുന്ന കത്രീനയെയും വിക്കിയെയും കുറിച്ചുമാണ് കങ്കണയുടെ പോസ്റ്റ്. ജീവിതവിജയം വരിച്ച സമ്പന്നരായ പുരുഷന്മാർ വളരെ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന കഥകൾ ധാരാളം കേട്ടിട്ടുണ്ടെന്നു പറഞ്ഞാണ് കങ്കണ കുറിപ്പ് ആരംഭിക്കുന്നത്.

kangana

ഭർത്താവിനേക്കാൾ വിജയം വരിച്ച ഭാര്യ എന്നത് പ്രധാന പ്രശ്നമായാണ് കണ്ടിരുന്നത്. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് തന്നേക്കാൾ ഇളയ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് സാധ്യമല്ലായിരുന്നു. സമ്പന്നായ ജീവിതവിജയം കൈവരിച്ച ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ മുൻനിര സ്ത്രീകൾ സെക്സിസ്റ്റ് ചട്ടങ്ങളെ തകർക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. - കങ്കണ കുറിച്ചു. 

മുപ്പത്തിയെട്ടുകാരിയായ കത്രീന തന്നേക്കാൾ അഞ്ചു വയസ്സിന് ഇളപ്പമുള്ള വിക്കി കൗശലിനെ വിവാഹം കഴിക്കുന്നതിനെ പേരെടുത്തു പറയാതെ അഭിനന്ദിക്കുകയാണ് കങ്കണ. 

ഇതാദ്യമായല്ല ബിടൗണിൽ തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരെ താരങ്ങൾ വിവാഹം കഴിക്കുന്നത്. 2018ൽ നടി പ്രിയങ്കാ ചോപ്രയും ​അമേരിക്കൻ ​ഗായകൻ നിക്ക് ജോനാസും വിവാഹിതരായപ്പോഴും പ്രായം ചർച്ചയായിരുന്നു. നിക്കിനേക്കാൾ പത്തു വയസ്സ് പ്രായക്കൂടുതലുണ്ട് പ്രിയങ്കയ്ക്ക്. അതിന് മുമ്പേ വിവാഹിതരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പ്രായം വകവെച്ചിരുന്നില്ല. ഐശ്വര്യക്ക് മുപ്പത്തിനാലും അഭിഷേകിന് മുപ്പത്തിയൊന്നുമായിരുന്നു വിവാഹിതരാകുമ്പോൾ പ്രായം. 

Content Highlights: kangana ranaut applauds katrina kaif, vicky kaushal, katrina vicky wedding