മേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അതിപ്രധാനമുള്ള ദിവസമാണ് 2021 ജനുവരി 20. രാജ്യത്തിന്റെ ആദ്യ കറുത്ത വർ​ഗക്കാരിയായ, വനിതാ, ഏഷ്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ആയി കമലാ ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത ദിനം. ലോകം ഉറ്റുനോക്കിയ ചടങ്ങിൽ കമല ധരിച്ച വസ്ത്രവും ശ്രദ്ധ നേടിയിരുന്നു. മനോഹരമായ പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് കമല ച‌ടങ്ങിനെത്തിയത്. കമലയെക്കൂടാതെ മുൻ പ്രഥമവനിത മിഷേൽ ഒബാമ, 2016ലെ പ്രസിഡൻഷ്യൽ നോമിനി ഹിലരി ക്ലിന്റൺ, സെനറ്റർ എലിസബത്ത് വാറൻ തുടങ്ങിയവരും പർപ്പിളിന്റെ വിവിധ വകഭേദങ്ങളണിഞ്ഞാണ് എത്തിയത്. അതിനു പിന്നിൽ ചില കാരണങ്ങളുമുണ്ട്. 

മൂവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചത് അത്ര യാദൃച്ഛികമല്ലെന്നു വേണം കരുതാൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ചുവപ്പും ഡെമോക്രാറ്റിക് പാർട്ടിയുടെ നീലനിറവും കലർന്ന പർപ്പിൾ തിരഞ്ഞെടുത്തത് ഉഭയകക്ഷിബന്ധത്തിന്റെ പ്രതീകമായാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ചരിത്രപ്രധാനമായ മറ്റൊരു കാരണം കൂടി അതിനു പിന്നിലുണ്ട്. സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനവുമായി ബന്ധമുള്ള നിറം കൂടിയാണ് പർപ്പിൾ എന്നതാണത്. വെള്ളയ്ക്കും പച്ചയ്ക്കുമൊപ്പം പർപ്പിൾ നിറംകൂടിയാണ് സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പതാകയിലുള്ളത്. 

മറ്റൊരു കാരണം കൂടി പർപ്പിൾ തിരഞ്ഞെടുക്കാൻ കമലയ്ക്ക് പ്രചോദനമായേക്കാം എന്ന് പറയപ്പെടുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിക്കു കീഴെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യകറുത്ത വർ​ഗക്കാരിയായ വനി ഷെർലി ചിഷോമിനെ ആദരിക്കാനാവാം എന്നാണത്. യുഎസ് കോൺ​ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ കറുത്ത വർ​ഗക്കാരിയുമാണ് ഷിർലി. തന്റെ പ്രചാരണവേളകളിലെല്ലാം ഷിർലി തിരഞ്ഞെടുത്തിരുന്നത് പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു.

കമല ധരിച്ച വസ്ത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കറുത്ത വർ​ഗക്കാരനായ ഡിസൈനറാണ് കമലയ്ക്കുവേണ്ടി സത്യപ്രതിജ്ഞാ വസ്ത്രം ഡിസൈൻ ചെയ്തത്. ക്രിസ്റ്റഫർ ജോൺ റോജേഴ്സ് ആണ് കമലയുടെ പർപ്പിൾ നിറത്തിലുള്ള ഓവർകോട്ടും വസ്ത്രവും ഒരുക്കിയത്. 

Content Highlights: Kamala Harris To Michelle Obama: Why Many Wore Purple To The Inauguration