ര്‍ഭകാലത്തിന്റെ അവസാനനാളുകളിലായിരുന്നു ബ്രേശ്വതി. എന്നുവേണമെങ്കിലും വീട്ടിലേക്ക് പുതിയ അതിഥി എത്തിയേക്കാം. ബ്രേശ്വതിയുടെ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വീടുകളില്‍ തന്നെയാണ് പ്രസവിക്കാറുള്ളത്. ബ്രേശ്വതിയുടെ ആദ്യത്തെ രണ്ടു പ്രസവങ്ങളും വീട്ടില്‍വെച്ചുതന്നെയായിരുന്നു. പക്ഷേ ഇത്തവണ ബ്രേശ്വതിക്ക് ഒരു ധൈര്യക്കുറവ്. വല്ലാത്ത ക്ഷീണമുണ്ട്, വിളര്‍ച്ചയും ക്ഷയരോഗത്തിനുള്ള ചികിത്സയെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ട് വരുന്നതേയുള്ളൂ. പ്രസവത്തെ തുടര്‍ന്ന് ഒരുപക്ഷേ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ എന്തുചെയ്യും. ഒടുവില്‍ അകലെയുള്ള ആസ്പത്രിയില്‍ പ്രവേശിക്കാന്‍ തന്നെ ബ്രേശ്വതിയും കുടുംബവും തീരുമാനിച്ചു. 

അഞ്ചുമണിക്കൂറോളം കാല്‍നടയായി കുന്നിറങ്ങി, അതിനിടയില്‍ വലിയൊരു അരുവിയെ മുറിച്ച് കടന്ന് റോഡിലെത്തി അവിടെ നിന്നും 200 കിലോമീറ്ററോളം സഞ്ചരിച്ച് വേണം അവരുടെ ഗ്രാമത്തിന് 'സമീപ'മുള്ള ആസ്പത്രിയില്‍ എത്തിച്ചേരാന്‍. പക്ഷേ കുന്നിറങ്ങാന്‍ തുടങ്ങിയതോടെ ബ്രേശ്വതിക്ക് പ്രസവവേദന ആരംഭിച്ചു. നദിമുറിച്ചുകടന്ന്  ഇനിയും നടക്കാനുണ്ട്. പക്ഷേ അതുവരെ സംഭരിച്ച ധൈര്യമെല്ലാം ചോര്‍ന്നുതുടങ്ങി. താന്‍ മരണപ്പെട്ടേക്കുമോ എന്ന ആശങ്കയിലായി അവര്‍.  ബ്രേശ്വതിക്ക് ഇനി മുന്നോട്ട് നടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവളെയും അമ്മയെയും വഴിയിലിരുത്തി കൂടുതല്‍ സഹായത്തിനാളെ വിളിക്കാന്‍ ഭര്‍ത്താവ് തിരികെ ഗ്രാമത്തിലേക്ക് ഓടി. 

ഭര്‍ത്താവ് തിരികെ എത്തുന്നതിന് മുമ്പ് തന്നെ ഒരാണ്‍ കുഞ്ഞിന് അവള്‍ ജന്മം നല്‍കി. പ്രസവത്തെ കുറിച്ച് ഒന്നുമറിയാത്ത ബ്രേശ്വതിയുടെ അമ്മയാണ് അവലുടെ പ്രസവം എടുത്തത്. ഒരു അമ്മയെന്ന നിലയേക്കാള്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സഹായിക്കുന്നത് പോലെ. പക്ഷേ കുഞ്ഞിന്‍രെ പൊക്കിള്‍ക്കൊടി മുറിക്കാന്‍ അവരുടെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്തുചെയ്യും എന്ന് ആശങ്കപ്പെട്ട് നില്‍ക്കുമ്പോഴാണ് കുറ്റിച്ചെടികള്‍ക്ക് സമീപത്തുള്ള കല്ലില്‍ ഒരു തുരുമ്പെടുത്ത ബ്ലേഡ് ഇരിക്കുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ദൈവം കൊണ്ടുവച്ചതാണ് ആ ബ്ലെയ്‌ഡെന്നാണ് ബ്രേശ്വത പറയുന്നത്. 

കുഞ്ഞിന് ജന്മം നല്‍കി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കുന്ന് തിരികെ കയറി അവര്‍ വീട്ടിലേക്ക് മടങ്ങി. അങ്ങനെ ശുഭപര്യവസായിയായി ബ്രേശ്വതിയുടെ മൂന്നാമത്തെ പ്രസവവും നടന്നു. ഒരുപക്ഷേ പ്രസവത്തിനിടയില്‍ എന്തെങ്കിലും അത്യാഹിതങ്ങള്‍ സംഭവിച്ചിരുന്നെങ്കില്‍? 

ഇത് ബ്രേശ്വതിയുടെ മാത്രം കഥയല്ല. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും ജീവിതാനുഭവമാണ്. ഉത്തരാഖണ്ഡിലെ ടോണ്‍സ് വാലിയിലുള്ള കലപ് ഗ്രാമവാസിയാണ് ബ്രേശ്വതി. 20,000ത്തില്‍ അധികം ആളുകള്‍ വസിക്കുന്ന ഈ ഗ്രാമത്തില്‍ പ്രാഥമിക ചികിത്സാ സഹായം പോലും ഇവര്‍ക്ക് ലഭ്യമല്ല. പിന്നെയാണ് പ്രസവചികിത്സ. ബഹുഭൂരിപക്ഷം സ്ത്രീകളും വീടിനടുത്തുള്ള ചെറിയ കാടിനുള്ളില്‍ വെച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. അവരില്‍ മരണപ്പെടുന്നവര്‍ നിരവധി. ശിശുമരണത്തിന്‍രെയും മാതൃമരണത്തിന്റെയും കണക്കുകളില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും അത് തങ്ങളുടെ ഭരണനേട്ടമാണെന്നും അവകാശപ്പെടുന്നവര്‍ക്കിടയില്‍ പനിക്കുള്ള മരുന്നുപോലും കിട്ടാത്ത ഒരു കുന്നിന്‍ മുകളില്‍ ഇവര്‍ ജീവിച്ചുതീര്‍ക്കുകയാണ്. 

ഗ്രാമവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി ഗ്രാമത്തിന് തൊട്ടടുത്തായി കലപ് ട്രസ്റ്റ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ എന്ന പേരില്‍ ഒരു ആസ്പത്രി തുടങ്ങാനുള്ള ശ്രമത്തിലാണ് കലപ് ട്രസ്റ്റ്. ടോണ്‍സ് വാലിയിലെ ജനങ്ങളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കലപ് ട്രസ്റ്റ്. സുസ്ഥിരമായ വികസനത്തിലൂടെ ജനജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. 

ഇതിനോടകം ആസ്പത്രിക്കായി 5,45,000 രൂപ അവര്‍ സമാഹരിച്ചുകഴിഞ്ഞു. ചുരുങ്ങിയത് 23 ലക്ഷം രൂപയെങ്കിലുമില്ലാതെ അടിസ്ഥാന സൗകര്യങ്ങളോടെ ഒരു ആസ്പത്രി പണിതുയര്‍ത്തുന്നത് അസാധ്യമാണ്. ആസപത്രിക്കായുള്ള ധനശേഖരണത്തിന് വേണ്ടി കലപ് ട്രസ്റ്റ് തയ്യാറാക്കിയ വീഡിയോ ആണ് മലമുകളിലെ ഒരു ജനതയുടെ ദുരവസ്ഥകളെ രാജ്യത്തിന് മുന്നില്‍ തുറന്ന് കാണിച്ചത്. 

courtesy : Kalap Trust