ബിടൗണിൽ ആരാധകർ ഏറെയുള്ള താരമാണ് നടി കജോൾ. വിവാഹത്തോടെ ​സിനിമാലോകത്തോട് താൽക്കാലികമായി വിടപറഞ്ഞ താരം തിരികെയെത്തിയപ്പോഴും മികച്ച സ്വീകരണമാണ് ലഭിച്ചത്. തന്റെ കരിയർ വളർച്ചയ്ക്കു പിന്നിൽ കുടുംബത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് കജോൾ പറയാറുണ്ട്. അമ്മ തനൂജ മുഖർജിയുമായി സുഹൃത്ബന്ധത്തിന് സമാനമായ ആത്മബന്ധമാണെന്ന് പറയുന്നു കജോൾ. അമ്മയും അച്ഛനും പിരിയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അമ്മ ക്ഷമയോടെ തന്നോട് ചർച്ച ചെയ്തിരുന്നുവെന്നും കജോൾ പറയുന്നു. ‌‌‌

മ്മ തന്റെ ജീവിതത്തിൽ ചെയ്തുതന്ന ഓരോ കാര്യങ്ങളും ഓരോ തീരുമാനങ്ങളും തനിക്ക് മനസ്സിലാകുന്ന രീതിയിലാണ് പറഞ്ഞുതന്നിട്ടുള്ളത്. അച്ഛനും അമ്മയും പിരിയുന്ന കാര്യമായാലും ജോലിക്ക് പോകുന്നത് സംബന്ധിച്ചുള്ളവയായാലുമൊക്കെ. തനിക്കരികിലിരുന്ന് സമയമെടുത്ത് ക്ഷമയോടെ മനസ്സിലാകുംവിധത്തിൽ പറഞ്ഞുതരും. അമ്മയുടെ പാരന്റിങ് ശൈലിയെ അതിശയത്തോടെയാണ് താൻ നോക്കിക്കണ്ടിട്ടുള്ളതെന്നും അതുപോലെ തന്റെ മക്കളെയും വളർത്താൻ ആ​ഗ്രഹിക്കുന്നുവെന്നും കജോൾ പറയുന്നു. 

കുട്ടിയായിരുന്നപ്പോൾ അമ്മ പകർന്നുനൽകിയ കാര്യങ്ങൾ മൂലമാണ് താൻ ഇന്നത്തെ വ്യക്തിയായി തീർന്നത്. ഒരിക്കലും അമ്മയോട് കലഹിക്കേണ്ട‌ി വന്നിട്ടില്ല. ഞാൻ നല്ലൊരു വ്യക്തിയായി തീരണമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു. അതിന്റെ പകുതിയെങ്കിലും എന്റെ മകനോടും മകളോടും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ നല്ല രണ്ടു കുട്ടികളെ വളർത്തിയെടുക്കുകയാണെന്ന് കരുതാം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിനിടെയാണ് കജോൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 

Content Highlights: Kajol on how mom explained all to her