മ്മുടെ വൈദ്യശാസ്ത്ര രംഗം ഇന്ന് കാണുന്ന അവസ്ഥയിലേക്കെത്തിയതിന് പുറകില്‍ എത്രയോ പേരുടെ വിയര്‍പ്പിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടേയും കഥകളുണ്ട്. പലതും നമ്മള്‍ മറന്ന് പോയിരിക്കുന്നു. മറവിയുടെ പുകച്ചുരുളുകള്‍ക്കുള്ളിലേക്ക് വലയം പ്രാപിച്ച നിസ്വാര്‍ത്ഥമായ ഒരു പോരാട്ടത്തിന്റെ കഥ ഈ വര്‍ഷത്തെ ഡോക്ടേഴ്സ് ഡേയില്‍ നമുക്ക് ഓര്‍മ്മിച്ചെടുക്കാം.

ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറുടെ കഥ

ഡോക്ടറാവുക എത് പോയിട്ട്', പൊതുസമൂഹത്തിലേക്ക് നേരിട്ടിടപെടാന്‍ പോലും വനിതകള്‍ക്ക് വിലക്കുകളുള്ള കാലത്താണ് കാദംബിനി ഗാംഗുലി എ ബംഗാളി വനിത ഏഷ്യയിലെ തന്നെ ആദ്യത്തെ ആധുനിക വൈദ്യശാസ്ത്ര ബിരുദം കൈവരിച്ചത്. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ വനിതകള്‍ക്കുണ്ടായിരുന്ന പിന്നാക്കാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിന്റെ നാളുകളിലെ സുവര്‍ണ്ണ അധ്യായം കൂടിയാണ് കാദംബിനി ഗാംഗുലിയുടെ കഥ.

19-ാം നൂറ്റാണ്ടിന് മുന്‍പ് ആതുരസേവന രംഗത്തേക്ക് കടന്നുവന്ന വനിതകളുടെ കഥകള്‍ ലോകചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ആദ്യ വനിതാ ഡോക്ടറുടെ പേര് ഈജിപ്തിലെ സ്മാരകങ്ങളില്‍ നിന്നാണ് കണ്ടെടുക്കപ്പെട്ടത്.  'ചീഫ് ഫിസിഷ്യന്‍' എ സൂചനയോടെയാണ് മെറിറ്റ് താഹ് എന്ന ഈ സ്ത്രീയുടെ പേരുള്‍പ്പെടെയുള്ള ലിഖിതം കണ്ടെത്തിയത് ഈജിപ്തിലെ കയ്‌റോയ്ക്കടുത്താണ്. എന്നാല്‍ വിശദമായ പഠനങ്ങളില്‍ ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നുവോ എന്നതില്‍ സംശയങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

അറിയപ്പെടുന്ന ചരിത്രത്തിലെ ആദ്യ വനിതാ മെഡിക്കല്‍ ബിരുദധാരി ഡോ. എലിസബത്ത് ബ്ലാക്ക് വെല്‍ ആണ്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ 1821ല്‍ ജനിച്ച ഇവര്‍ 1847 ലാണ് ജനീവ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. അതിനായി ഇവര്‍ നടത്തിയ പോരാട്ടത്തിനുമുണ്ട് അനേകം കഥകള്‍ പറയാന്‍. സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യങ്ങളിലുള്‍പ്പെടെ പുരോഗമനപരമായ നിലപാടുകളുള്ള പാശ്ചാത്യ രാജ്യത്ത് ഒരു വനിതയ്ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നേടുവാന്‍ 1847 വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ആശ്ചര്യജനകമാണ്. എന്നാല്‍ ഇതും കഴിഞ്ഞ് 40 വര്‍ഷമാകുമ്പോഴാണ് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടറാകുവാന്‍ കാദംബിനി ഗാംഗുലി പ്രവേശനം നേടിയത്.

പോരാട്ടത്തിന്റെ വഴിത്താരകള്‍

ചരിത്രവനിതയാകുവാനുള്ള കാദംബിനിയുടെ പോരാട്ടങ്ങള്‍ ഒരിക്കല്‍ പോലും അനായാസകരമായ ഒന്നായിരുില്ല. കല്ലും മുള്ളും നിറഞ്ഞ വഴിത്താരകളില്‍ കൈപിടിച്ച് കൂടെ നില്‍ക്കാനും പിന്‍തുണ നല്‍കുവാനും തയ്യാറായിരുന്ന പിതാവ് ബ്രജ കിഷോര്‍ ബാസുവിന്റെയും ഭര്‍ത്താവ് ധ്വാരകനാഥ് ഗാംഗുലിയുടേയും സാന്നിധ്യം അവര്‍ക്ക് പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജം വളരെ വലുതായിരുന്നു. ശൈശവ വിവാഹവും സതിയും ഉള്‍പ്പെടെയുള്ള സാമൂഹ്യദുരാചാരങ്ങളുടെ നാളുകളിലാണ് അന്നത്തെ വനിതകള്‍ സ്വപ്നം കാണാന്‍ പോലും തയ്യാറാകാത്ത വിദ്യാഭ്യാസം നേടിയെടുക്കാന്‍ കാദംബിനി ഇറങ്ങിത്തിരിച്ചത്.

ചെറുപ്പകാലത്തെ ഏറ്റവും വലിയ സ്വാധീനം ബ്രഹ്‌മസമാജ പ്രസ്ഥാനവും അതിന്റെ നേതാവായിരുന്ന സ്വന്തം പിതാവ് ബ്രജ കിഷോര്‍ ബാസുവുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ബംഗാള്‍ മഹിളാ വിദ്യാലയത്തിലും തുടര്‍ വിദ്യാഭ്യാസം ബെതുന്‍ കോളോജിലുമായി പൂര്‍ത്തീകരിച്ച കാദംബിനി 1878ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊല്‍ക്കത്ത എന്‍ട്രന്‍സ് എക്‌സാം എഴുതിയ ആദ്യ വനിതയും വിജയിച്ച ആദ്യ വനിതയുമായി. തുടര്‍ന്ന് എഫ് എ (First Arts) കോഴ്‌സും 1883-ല്‍ ഗ്രാജ്വേഷനും പൂര്‍ത്തിയാക്കി. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി ബിരുദമെടുത്ത വനിതകളില്‍ ഒരാള്‍ എന്ന അംഗീകാരവും ഇതോടെ കാദംബിനിയെ തേടിയെത്തി.

ദ്വാരകനാഥ് ഗാംഗുലിയുടെ കൈ പിടിച്ച്.

വിദ്യാഭ്യാസ വിഷയത്തില്‍ മാത്രമല്ല, സമൂഹത്തിലെ സകല അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടമായിരുന്നു കാദംബിനിയുടെ ജീവിതത്തിലുടനീളം. ശൈശവ വിവാഹം നിര്‍ബന്ധമായിരുന്ന കാലത്ത് ഇരുപതാമത്തെ വയസ്സിലാണ് കാദംബിനി വിവാഹിതയാകുവാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുത്തതാകട്ടെ സ്വന്തം ഗുരുനാഥനും ഇരുപത് വയസ്സിന് പ്രായവ്യത്യാസമുള്ള വ്യക്തിയുമായ ദ്വാരകനാഥ് ഗാംഗുലിയെയും. സമൂഹത്തിലെ സദാചാര വാദികളുടെ മുഴുവന്‍ നെറ്റി ചുളിഞ്ഞ സംഭവമായിരുന്നു ഇത്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുവാന്‍ കാദംബിനി തയ്യാറായിരുന്നില്ല. പില്‍ക്കാല ജീവിതത്തില്‍ അവര്‍ കൈവരിച്ച എല്ലാ വിജയകങ്ങള്‍ പിന്നിലെയും പ്രധാന ഘടകങ്ങളിലൊന്ന് ദ്വാരകനാഥ് ഗാംഗുലിയെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തതായിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക്

ബിരുദം കൈവരിച്ചതോടെ കാദംബിനി തന്റെ പഠനം അവസാനിപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ദ്വാരകനാഥ് ഗാംഗുലി ഈ തീരുമാനത്തെ പിന്‍തുണച്ചില്ല. മെഡിസിന് ചേര്‍ന്ന് തുടര്‍ പഠനം മുന്‍പിലേക്ക് കൊണ്ടുപോകുവാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. അന്നത്തെ പ്രധാന ആനുകാലിക പ്രസിദ്ധീകരണമായ ബംഗാബാസിയുടെ എഡിറ്ററായിരുന്ന മഹേഷ് ചന്ദ്രപാല്‍ ഇതിനെതിരെ ലേഖനം പോലുമെഴുതി. ഇതില്‍ കാംദംബിനിയെ വേശ്യ എന്ന രീതിയില്‍ പരാമര്‍ശിച്ചത് ദ്വാരകനാഥ് ഗാംഗുലിയെ കോപാകുലനാക്കി. അദ്ദേഹത്തിന്റെ പോരാട്ടത്തിനൊടുവില്‍ ഈ പ്രസ്ഥാവന പിന്‍വലിപ്പിക്കുകയും മഹേന്ദ്രചന്ദ്രപാല്‍ ആറ് മാസത്തെ തടവിനും നൂറ് രൂപ പിഴ നല്‍കാനും വിധിക്കപ്പെടുകയും ചെയ്തു. 

കാര്യങ്ങള്‍ ഇത്രത്തോളമായിട്ടും കാദംബിനിയുടെ ഡോക്ടര്‍ എന്ന സ്വപ്നത്തിലേക്കുള്ള വഴിമാത്രം ദുര്‍ഘടമായി തുടര്‍ന്നു. കല്‍ക്കത്ത മെഡിക്കല്‍ കോളേജിലായിരുന്നു അവര്‍ക്ക് പ്രവേശനം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കോളേജ് അധികാരികള്‍ സ്ത്രീകള്‍ ഇതുവരെ അവിടെ പഠിച്ചിട്ടില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ച് കാദംബിനിയ്ക്ക് പഠിക്കാനുള്ള അവസരം നിഷേധിച്ചു. എന്നാല്‍ സ്വപ്നം ഉപേക്ഷിക്കാന്‍ കാദംബിനിയും ദ്വാരകനാഥ് ഗാഗുലിയും തയ്യാറല്ലായിരന്നു. അവര്‍ നിയമ പോരാട്ടം ഉള്‍പ്പെടെ തുടര്‍ന്നു. ഒടുവില്‍ അധികാരികള്‍ കാദംബിനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ബന്ധിതരായി. 

അങ്ങിനെ സുദീര്‍ഘമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1886 ല്‍ ഇന്ത്യയിലാദ്യമായി ആധുനിക മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്ന സ്ത്രീയാകുവാനുള്ള അര്‍ഹത കാദംബിനി കരസ്ഥമാക്കിയ. അവര്‍ ജി ബി എം സി ബിരുദം കരസ്ഥമാക്കുകയും പ്രാക്ടീസ് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.

തുടര്‍ പഠനങ്ങള്‍ക്കായി 1892ല്‍ വിദേശത്ത് പോയ കാദംബിനി ഗാംഗുലി എഡിന്‍ബര്‍ഗ് കോളേജ് ഓഫ് മെഡിസിന്‍ ഫോര്‍ വിമന്‍, ഗ്ലാസ്‌ഗോ, ഡബ്ലിന്‍ എിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദ്യാഭ്യാസം കരസ്ഥമാക്കിയത്. കുറച്ച് കാലം ലേഡി ഡഫ്രിന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത കാദംബിനി പിന്നീട് സ്വകാര്യ പ്രാക്റ്റീസും ആരംഭിച്ചു.

1898 ലായിരുന്നു കാദംബിനിയുടെ ജീവിതപങ്കാളിയുടെ വിയോഗം സംഭവിച്ചത്. തുടര്‍ന്ന് അവര്‍ പൊതു രംഗത്ത് നിന്ന് വിട്ടുനിന്നു. എങ്കിലും ഇടയ്ക്ക് ബീഹാറിലെയും ഒറീസ്സയിലെയും ഖനികളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 1923 ഒക്ടോബര്‍ മാസത്തിലാണ് കാദംബിനി ഗാംഗുലി വിടപറഞ്ഞത്. 

(തയ്യാറാക്കിയത്- അരുണ്‍ മണമല്‍)

Content Highlights: Kadambini Ganguly one of the first Indian female doctor