ലോക്ക് ഡൗണ്‍ കാലത്ത് ആരാധകരുടെ മനസ്സിന് കുളിര്‍മയേകുന്ന ഗാനവുമായി ഒരു പുതിയ നൃത്താവിഷ്‌കാരത്തില്‍ മലയാളത്തിലെ പ്രിയ നായികമാര്‍. ആശ ശരത്, അനു സിതാര, അനുശ്രീ, ദുര്‍ഗ്ഗ കൃഷ്ണ, രമ്യ നമ്പീശന്‍ , രചന നാരായണന്‍ കുട്ടി, നവ്യ നായര്‍ തുടങ്ങിയവരാണ് ഈ നൃത്താവിഷ്‌കാരത്തിലുള്ളത്. നൃത്ത സംവിധായകന്‍ ബിജു ധ്വനിതരംഗിന്റെതാണ് കൊറിയോഗ്രാഫി. തുമ്പോളി കടപ്പുറം എന്ന ചിത്രത്തിന് വേണ്ടി സലില്‍ ചൗധരി ഈണമിട്ടു ഓ.എന്‍ .വി കുറുപ്പ് എഴുതി യേശുദാസ് പാടിയ '.കാതില്‍ തേന്‍ മഴയായി ...എന്ന് തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തെ പുനരവതരിപ്പിച്ചത് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവാണ്. ഈ ഗാനത്തോടൊപ്പം  നായികമാരുടെ ഭാവാഭിനയത്തിന്റെ മികവും ഈ വീഡിയോയ്ക്ക് വളരെ അധികം മനോഹാരിത നല്‍കുന്നു.

ഒരാളുടെ മാത്രം പേര് എടുത്തു പറയാന്‍ കഴിയാത്ത പോലെ ഇതില്‍ ഉള്ള ഓരോരുത്തരും അവരുടെ പങ്കു മനോഹരമായി ചെയ്തിരിക്കുന്നു.  കൊറിയോഗ്രാഫര്‍ ആയ ബിജു ധ്വനിതരംഗും ഒപ്പം ഇതില്‍ സംഗീതത്തോടൊപ്പം ഭാവങ്ങള്‍ പകര്‍ന്ന നമ്മുടെ പ്രിയ നായികമാരായ ആശ ശരത്, രചന നാരായണന്‍കുട്ടി, രമ്യ നമ്പീശന്‍ എന്നിവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഇങ്ങനെ ഒരു ഭാവന മനസ്സില്‍ വന്നതിനു പിന്നില്‍

ബിജു ധ്വനിതരംഗ്: ശരിക്കും പറഞ്ഞാല്‍ ഒരുപാടു പ്രോഗ്രാമുകളുള്ള ഒരു  സമയമായിരുന്നു.കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാം പിന്‍വലിക്കേണ്ട ഒരു അവസ്ഥ വന്നു .അങ്ങനെയിരിക്കെ വീട്ടിലിരുന്നുകൊണ്ടു  എന്ത് ചെയ്യാന്‍ പറ്റും  എന്ന് ചിന്തിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആശയം മനസ്സില്‍ വന്നത്. ആദ്യം തന്നെ ആശ ശരതുമായി സംസാരിച്ചു. ആശയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. ബാക്കി എല്ലാ നായികമാരും, എന്റെ നല്ല സുഹൃത്തുക്കളും ഒരുമിച്ചു പ്രോഗ്രാമുകള്‍ ചെയ്യുന്നവരുമാണ് . അവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ ആലോചിക്കേണ്ടി വന്നില്ല. എല്ലാവര്‍ക്കും പൂര്‍ണ്ണ സമ്മതം. എന്തായാലും വീഡിയോ റിലീസ് ആയപ്പോള്‍  അവരെല്ലാം പ്രതീക്ഷിച്ചതിലും വളരെ അധികം നന്നായിട്ടുണ്ട് എന്ന സന്തോഷം എനിക്കുണ്ട് . ഈ പാട്ടിന്റെ വരികള്‍ വളരെ ചെറുതായത് കൊണ്ടാണ് എനിക്ക് മറ്റു സുഹൃത്തുക്കളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയത്. ആളുകളുടെ എണ്ണം കൂടുമ്പോള്‍  ആര്‍ക്കും ഒന്നും വൃത്തിയായി ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥ വരും. അതൊഴിവാക്കാന്‍ ആണ് വളരെ കുറച്ചു ആളുകളെ ഉപയോഗിച്ച് കൊണ്ട് ഈ വീഡിയോ ചെയ്‌തെടുത്തത് 

ഈ പാട്ടു തിരഞ്ഞെടുക്കാന്‍  ഉള്ള കാരണം 

ബിജു ധ്വനിതരംഗ്: ഈ സമയത്തു നമ്മള്‍ നിത്യേന കേട്ടുകൊണ്ടിരിക്കുന്ന ദുരിതപൂര്‍ണ്ണമായ വാര്‍ത്തകളില്‍ നിന്നും മാറി മനസ്സിന് ഒരു കുളിര്‍മ നല്‍കുന്ന വിധത്തിലുള്ള ഗാനം തിരഞ്ഞെടുക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നുഫ്യൂഷന്‍ സോങ്സ് ചെയ്യുന്നതില്‍ ഒരു കാര്യമില്ലെന്നു എനിക്ക് തോന്നി. എന്റെ ഒരു സങ്കല്‍പ്പം ജനങ്ങളിലേക്ക് എളുപ്പം എത്തുന്ന രീതിയില്‍ ഒരു നൃത്താവിഷ്‌കാരം ചെയുക എന്നതായിരുന്നു. സലില്‍ ചൗധരി ദാസേട്ടന്‍ കൂട്ടുകെട്ടുള്ള ഈ ഗാനത്തെ പുനരവതരിപ്പിച്ച ഇഷാന്‍ ദേവിന്റെ മിടുക്കിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

woman

പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ഈ വീഡിയോയെ കുറിച്ച് പറയാന്‍ ഉള്ളത് 

ആശാ ശരത്: ഇങ്ങനെ ഒരു ആശയം ബിജുവിന്റെ മനസ്സില്‍ വന്നപ്പോള്‍ തന്നെ ബിജു എന്നോട് പറഞ്ഞു. ബിജുവിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. ദുബായില്‍ എന്റെ നൃത്തവിദ്യാലയത്തില്‍ അധ്യാപകനായിരുന്നു. ആളുകള്‍ എല്ലാം പല വിധത്തില്‍ ഉള്ള ടെന്‍ഷനിലൂടെ പോയി കൊണ്ടിരിക്കുന്നു. ഞാനും ഒരു പ്രവാസിയാണ് ,കുടുംബം ഒന്നിച്ചില്ലാത്തവരുടെ ടെന്‍ഷന്‍ പൂര്‍ണ്ണമായും എനിക്ക് മനസ്സിലാകും ,ഒരു 'അമ്മ എന്ന നിലയിലുള്ള ആധിയും എനിക്കുണ്ട് ,എന്റെ മകള്‍ പഠിക്കുന്നത് കാനഡയിലാണ് .അവരുടെ യൂണിവേഴ്‌സിറ്റി അടച്ചു.ഹോസ്റ്റല്‍ അടച്ചു.ഇതൊക്കെ എല്ലാ അമ്മമാര്‍ക്കും ഭയമാണ് .കുട്ടികളും ഭയത്തിലാണ്.മാത്രമല്ല എന്റെ ഏകദേശം 120 ഓളം സ്റ്റാഫുകള്‍ ദുബൈയില്‍ കുടുങ്ങി നില്കുന്നു.ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല ഇന്നെല്ലാവരും നിസ്സഹായര്‍  ആണ്.അങ്ങനെ മാനസികമായി വിഷമങ്ങള്‍ ഉണ്ടെങ്കിലും ഒരു അല്പസമയം ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഈ വീഡിയോ കൊണ്ട് കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. എനിക്കും ഇതൊരു മാനസിക സമ്മര്‍ദ്ദം ഒഴിവാക്കല്‍ തന്നെ ആയിരുന്നു. ഒരു തവണ കണ്ടാല്‍ വീണ്ടും എടുത്തു കാണാന്‍ തോന്നും.

പിന്നെ ജീവിതത്തില്‍ ഇന്നേ വരെ സെല്‍ഫി വീഡിയോസോ ,ടിക്ക് ടോക്കോ ഞാന്‍ ചെയ്തിട്ടില്ല. ഇങ്ങനെ ടെക്‌നിക്കല്‍ ആയി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് ഞാന്‍. അത്യാവശ്യം എന്തെങ്കിലും സെല്‍ഫ് വീഡിയോസ് മാത്രമാണ് ഇത് വരെ എടുത്തിട്ടുള്ളൂ. ഏറി വന്നാല്‍ ഒന്നോ രണ്ടോ വരികള്‍. ഞാന്‍ ലോക കേരളം സഭ മെമ്പര്‍ ആയതു കൊണ്ട് ഇടയ്‌ക്കൊക്കെ സെല്ഫ് വീഡിയോസ് പോസ്റ്റ് ചെയ്യാന്‍ കാണും. അതൊക്കെ ചെയ്യാന്‍ തന്നെ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ ഉള്ള എനിക്ക് നൃത്തത്തിന്റെ കാര്യത്തില്‍ ഒരു പരീക്ഷണമായിരുന്നു.എത്രമാത്രം വിജയിക്കും എന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.സിനിമയില്‍ അഭിനയിക്കുകയാണെങ്കിലും, പ്രോഗ്രാംസ് ചെയ്യുമ്പോഴാണെങ്കിലും നമ്മളുടെ ഉത്തരവാദിത്തം അഭിനയിക്കുക അല്ലെങ്കില്‍ നൃത്തം ചെയ്യുക മാത്രമാണല്ലോ.പക്ഷെ ഒരു സ്‌നേഹം പങ്കുവെയ്ക്കുന്ന നല്ലൊരു കൂട്ടായ്മയായിരുന്നു ഈ വീഡിയോ. ബിജു പറഞ്ഞ പോലെ ഒന്ന് ശ്രമിച്ചു നോക്കി.പിന്നെ കൂടെ ഉള്ളവര്‍ വളരെ നന്നായി ചെയ്തു.ഒരു നല്ല അനുഭവമായിരുന്നു ഇത് .

biju
ബിജു ധ്വനിതരംഗ്

രചന നാരായണന്‍കുട്ടി: വീഡിയോ കണ്ട് എല്ലാവരും വളരെ നല്ല അഭിപ്രായങ്ങള്‍ ആണ് എന്നോട് പങ്കുവെച്ചത്. ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്ര നന്നായിരുന്നു എന്ന് മനസ്സിലായത്. ഇതിലെ ഓരോന്നും ബിജുവിന്റെ ഐഡിയ ആയിരുന്നു. എങ്ങനെ ചെയ്യണം ഏതു ഭാവം പ്രകടമാക്കണം എന്നൊക്കെ. മാത്രമല്ല വസ്ത്രധാരണത്തിന്റെ  കാര്യത്തിലും ബിജുവിന് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നു ആദ്യമേ എല്ലാവരോടും പറഞ്ഞിരുന്നു. ക്രെഡിറ്റ് ബിജുവാണ്. ഇഷാന്റെ ശബ്ദ മാധുര്യം പറയാതിരിക്കാന്‍ കഴിയില്ല 

രമ്യ നമ്പീശന്‍: ബിജു ഇങ്ങനെ ഒരു വീഡിയോയെ കുറിച്ച് പറഞ്ഞപ്പോള്‍ ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതൊരു നല്ല ആശയമാണെന്നു തോന്നി. ഒരു കലാകാരി എന്ന നിലയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അത് ഞാനും ചെയ്തു. വീഡിയോ കണ്ടപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ ആണ് വന്നതു എന്നതിലും സന്തോഷമുണ്ട് .ലോക്ക് ഡൗണില്‍ എല്ലാവരും വീട്ടിനകത്തിരിക്കുകയാണ്.  വീട്ടില്‍ ഇരുന്നു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് പോസിറ്റീവ് ആയി ചിന്തിക്കുകയാണിപ്പോള്‍ വേണ്ടത്. നമ്മളുടെ ഉള്ളില്‍ ഉള്ള കഴിവുകളെ പുറത്തു കൊണ്ടുവരാന്‍ കഴിയുന്ന സമയം. നൃത്തം ചെയ്യുക, കവിതകള്‍ എഴുതുക നല്ല നല്ല പുസ്തകങ്ങള്‍ വായിക്കുക ,ആരോഗ്യത്തെ പൂര്‍ണ്ണമായും പരിപാലിക്കുക ,വര്‍ക്ക് ഔട്ട് ചെയ്യുക ഇങ്ങനെ മുന്‍പോട്ടു പോകാം.

ലോക്ഡൗണ്‍ കാലം ഓരോരുത്തരും എങ്ങനെ ചെലവഴിക്കുന്നു?  

ബിജു ധ്വനിതരംഗ്: പ്രധാനമായും ഇതു പോലുള്ള വീഡിയോസ് ചെയ്യല്‍ ആണ്. വേറിട്ട ആശയങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് വിഡിയോകള്‍ ചെയ്യുന്ന പരീക്ഷണത്തിലാണിപ്പോള്‍. അല്ലാതെ മറ്റു ഓണ്‍ലൈന്‍ ക്ലാസ്സുകളോ അങ്ങനെ ഉള്ള വേറെ ആക്ടിവിറ്റികള്‍ ഒന്നും തന്നെയില്ല. എത്രയും പെട്ടന്ന് നമ്മുടെ നാട് ഈ ദുരിതത്തില്‍ നിന്നും കര കയറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ആശാ ശരത്: എന്റെ ഗുരു എന്റെ അമ്മയാണ് കലാമണ്ഡലം സുമതി. അമ്മയോടൊപ്പം ഞാന്‍ പ്രാക്ടിസ് ചെയുന്നുണ്ട് . ചെറുതിലെ പഠിച്ച വര്‍ണ്ണങ്ങള്‍ എല്ലാം തന്നെ. പത്തിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമ്മയോടൊപ്പം ഈ വീട്ടില്‍ ഇത്ര അധിക നാള്‍ നില്കുന്നത്. ആ ഒരു സന്തോഷമുണ്ട്.പിന്നെ എന്നോടൊപ്പം എന്റെ മൂത്ത മകളും ഉണ്ട്. എന്നും ഞങ്ങള്‍ അമ്മയുടെ ശിക്ഷണത്തില്‍ നൃത്തം പഠിക്കും .ഒപ്പം തന്നെ പ്രാക്ടീസ് ചെയ്യും. പണ്ട് പഠിച്ച ബാലപാഠങ്ങള്‍ എല്ലാം ഒന്ന് ഓര്‍ത്തെടുക്കാന്‍ ഉള്ള സമയം കൂടി ആയി ഇത്. 

രചന നാരായണന്‍കുട്ടി: പ്രധാനമായും ഓണ്‍ലൈന്‍ ആയിട്ട് ഡാന്‍സ് ക്ലാസുകള്‍ നടത്തുന്നുണ്ട് .ഒപ്പം തന്നെ ചെറിയ രീതിയില്‍ കൃഷി പണികള്‍ക്ക് തുടങ്ങി. കൂടാതെ നാടന്‍ വിഭവങ്ങളെ പരിചയപ്പെടുത്താനായി ഒരു കുക്കിങ് ചാനലും തുടങ്ങിയിട്ടുണ്ട്.
 
രമ്യ നമ്പീശന്‍: ഞാന്‍ ഇപ്പോള്‍ എന്റെ യൂട്യൂബ് ചാനലിന് വേണ്ടി ഒരു കവര്‍ സോങ് ചെയ്തു. വീഡിയോ ചാറ്റ് വഴി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഖവിവരങ്ങള്‍ തിരക്കും. ഇങ്ങനെയാണ് എന്റെ ലോക്ഡൗണ്‍കാലം.

Content Highlights: Kaathil Thenmazha Quarantine Dance Mashup