ലവിതാനത്തിൽ ഓളങ്ങൾക്ക് മീതെ ഒരു നീർകുമിള. പുലർകാലത്തിലെ പുൽക്കൊടിയിൽ ഒരു മഞ്ഞുതുള്ളി.  ക്ഷണികമായ അനേകം കാഴ്ചകളെയാണ് ജ്യോതിസ്  തന്റെ ക്യാമറയിലേക്ക് പകർത്തുന്നത്. ജലം, നിഴൽ പ്രമേയമാക്കിയ അനേകം ചിത്രങ്ങളെ കോർത്തിണക്കി വ്യത്യസ്തമായ ഫോട്ടോ എക്സിബിഷനും ഒരുക്കുന്നു. വർഷങ്ങൾക്ക് മുമ്പേയുള്ള ഫോട്ടോഗ്രാഫിയോടുള്ള താൽപര്യമാണ് വയനാട്ടിലെ പൂതാടി മായ സദനത്തിൽ ജ്യോതിസ്സിനെ തികച്ചും വേറിട്ട ഫോട്ടോ ഫ്രെയിമുകളിലേക്ക് കൈപിടിച്ചു നടത്തിയത്. ജല വിതാനത്തിൽ അനുനിമിഷം മാറി മാറി വരുന്ന ഫ്രെയിമുകളാണ് പകർത്തിയതിൽ ഏറെയും. വിവിധ കോണുകളിൽ നിന്നും പ്രകൃതിയിലേക്ക് നീളുന്ന നിരീക്ഷണങ്ങൾ അനവധി ചിത്രങ്ങളായി. ഇവയെ ക്രമാനുഗതമായി ലളിതകലാ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കാനുള്ള അവസരവും ജ്യോതിസിനെ തേടിയെത്തുകയായിരുന്നു.

photography

 ശാന്തമായുറങ്ങുന്ന ഒരു ജലാശയത്തിന് നടുവിലേക്ക് ചെറിയ കല്ലിട്ടാൽ അതിവേഗം തുല്യ ആരത്തിൽ അനേകം വൃത്തങ്ങളായി ഒാളങ്ങൾ പരക്കും. ആ കാഴ്ചകളിലേക്ക് നോക്കിയിരിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. എന്നാൽ  കണ്ണിൽ നിന്നും പെട്ടന്ന് മാഞ്ഞുപോയേക്കാവുന്ന ഈ കാഴ്ചകളെ ക്യാമറയിൽ പകർത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ഷട്ടർ സ്പീഡ് ഉയർത്തി ഏറ്റവും നല്ല നിമിഷത്തിനായുള്ള കാത്തിരിപ്പുകൾ. അസാധ്യമായ ടൈമിങ്ങിലേക്കായിരിക്കണം ആ വിരൽ ക്ലിക്ക്. ആ പരിചയസമ്പന്നതയാണ് ജ്യോതിസ്സിന് ഒരു ഹരമായി മാറിയത്. ജലവിതാനത്തിലെ നീർക്കുമിളകളിലെ മായാജാലങ്ങൾ അങ്ങിനെ അനേകം ചിത്രങ്ങളായി. കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്ന ചെറുജലാശയത്തിൽ പോലും ചെറിയ ഓളങ്ങൾ വരയ്ക്കുന്ന സൂഷ്മജീവികളെ പിന്തുടർന്നും ഫോട്ടോഗ്രാഫി വളർന്നു. ഇതിനായി മാത്രം കുറച്ചൊക്കെ സമയവും മാറ്റി വെക്കേണ്ടി വന്നു. എഡിറ്റിങ്ങോ ക്രോപ്പിങ്ങോ ഇല്ലാതെ ചിത്രങ്ങൾ അതേ പോലെ തന്നെയാണ് പ്രദർശനത്തിനായും ഒരുക്കുക. ജീവസ്സുറ്റ ഒരു ഫോട്ടോഗ്രാഫി ഈ വളയിട്ട കൈകളിൽ ഭദ്രമാണ്. 

photography

പ്രകൃതിയും പച്ചപ്പും നിറഞ്ഞ ഓരോ കാഴ്കളിലും അനേകം ഫ്രെയിമുകളുണ്ട്. അനുനിമിഷം മാറി മാറി വരുന്ന വളരെയധികം വ്യത്യസ്തമായതാണ് ഓരോന്നും.ഇവയെല്ലാം ഒപ്പിയെടുക്കാൻ അത്യാധുനികമായതും അത്രയും നൂതനവുമായ ക്യാമറകളൊന്നും വേണമെന്നില്ല. ബേസിക് ലെവൽ ക്യാമറ മാത്രമാണ് കൈയ്യിലുള്ളത്. പകരം നല്ല ഫ്രെയിമിനായി കാത്തിരിക്കാനുളള  ക്ഷമയും  കൈവേഗതയുമാണ് വേണ്ടതെന്ന് ജ്യോതിസ് പറയുന്നു. യാത്ര ചെയ്യാനും കുറെയധികം ചിത്രങ്ങൾ ശേഖരിക്കാനും താൽപ്പര്യമുണ്ട്. സമയക്കുറവ് ഒഴിച്ചാൽ മറ്റു പരിമിതികൾ വേറെയില്ല. ക്യമാറ തൊഴിലിന്റെ ഭാഗമല്ല. താൽപ്പര്യത്തിന്റെ മാത്രം അടയാളമാണ്. സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ ചെറുതല്ല. അങ്ങിനെയാണ് ഈ മേഖലയിലേക്ക് കൂടുതൽ പ്രോത്സാഹനം ലഭിച്ചു തുടങ്ങിയത്. ഇത് ക്യാമറയുമായുള്ള പൊരുത്തപ്പെടലിന് ഏറെയധികം സഹായകരമായി. ഒരു ഫോട്ടോ പ്രദർശനം എന്നിങ്ങനെയെല്ലാം ചിന്തിച്ച് തുടങ്ങിയത് അങ്ങിനെയാണ്. ഫോട്ടോ പ്രദർശനത്തിന് അതിരുകളില്ലാത്ത ഇടം സമൂഹ മാധ്യമങ്ങളിൽ ലഭിച്ചതോടെ ധാരാളമായി സ്വയം വിലയിരുത്തലിന് അവസരം കിട്ടി. കൂടുതൽ മികവേറിയ ചിത്രങ്ങൾ അങ്ങിനെയാണ് എടുക്കാൻ കഴിഞ്ഞത്. ജലം പ്രമേയമാക്കിയത് കൂടാതെ ഒട്ടനവധി ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. 

photography

ഇതുവരെ മൂന്നോളം എക്സിബിഷനുകളിൽ പ്രൃകൃതി പ്രമേയമാക്കി പങ്കെടുത്തിട്ടുണ്ട്. അമേച്വർ ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ പേർ ഒന്നിച്ചുള്ള സമൂഹ മാധ്യമങ്ങളിലെ കൂട്ടായ്മകളാണ് കൂടുതൽ ചിത്രങ്ങളെടുക്കാൻ പ്രേരണയായത്. ചിത്രങ്ങൾക്ക് വേണ്ടി കൂടുതൽ യാത്രകളില്ല. ചുറ്റുപാടുകളിൽ നിന്നു തന്നെയുള്ള കാഴ്ചകളാണ് ക്യാമറയിലേക്ക് പകർത്തിയത്. ഇലകൾ പ്രാകാശ വിതാനങ്ങൾ തുടങ്ങി പ്രകൃതിടെ പച്ചപ്പുകളാണ് ജല കാഴ്ചകൾ കഴിഞ്ഞാലുള്ള ഇഷ്ടം. പഠന കാലം മുതലെ ഫോട്ടോഗ്രാഫിയിൽ കമ്പമുണ്ടായിരുന്നെങ്കിലും മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഒരു ക്യാമറ സ്വന്തമാക്കാൻ കഴിഞ്ഞത്. അതോടെ ഒട്ടനവധി  ചിത്രങ്ങൾ ശേഖരത്തിലായി. ഇവെയെല്ലാം കോർത്തിണക്കി സോളോ എക്സിബിഷനാണ് ഇനി ലക്ഷ്യം. ഗ്രാമവികസന വകുപ്പിൽ  ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ജ്യോതിസ് പി.ഡബ്ല്യുഡി ഇലക്ട്രിക്കൽ കോൺട്രാക്ടർ കാക്കവയൽ പുത്തൻവീട്ടിൽ സുരേന്ദ്രന്റെ ഭാര്യയാണ്.  മകൾ ദേവനന്ദ. സമൂഹ മാധ്യമങ്ങളിലെ ആർട്ട് ഗാലറികൾ വഴി സ്വന്തം പകർത്തിയ ചിത്രങ്ങൾ കൂടുതൽ പറന്ന് നടക്കുന്നത് കാണാനാണ് ഈ ഫോട്ടോഗ്രാഫറുടെയും ഇഷ്ടം.

photography

Content Highlights: jytohis water photography