ആണ്‍ശരീരത്തില്‍ വീര്‍പ്പുമുട്ടി ജീവിക്കുന്ന പെണ്‍മനസ്സുകളുടെയും തിരിച്ചുമൊക്കെയുള്ള നിരവധി കഥകള്‍ കേട്ടിട്ടുണ്ടാവും. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി പലരും ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ തുടങ്ങി. ജൂണോ എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള താരം എലന്‍ പേജ് ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്നു തുറന്നു പറഞ്ഞതിനൊപ്പം എലിയറ്റ് പേജ് എന്ന് പേരു പരിഷ്‌കരിച്ചതുള്‍പ്പെടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് കക്ഷി.
തന്റെ യാത്രയില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പങ്കിന് നന്ദി പറഞ്ഞുകൊണ്ടാണ് മുപ്പതു വയസ്സുള്ള എലിയറ്റ് നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. താന്‍ ട്രാന്‍സ് ആണെന്നത് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇനി മുതല്‍ അവന്‍/അവര്‍ എന്ന സര്‍വനാമം ആയിരിക്കുമെന്നും പേര് എലിയറ്റ് എന്നാക്കിയെന്നും പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ നിരവധി പേര്‍ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സ്‌നേഹം നിറഞ്ഞ തുല്യമാര്‍ന്ന സമൂഹം കെട്ടിപ്പടുക്കുന്നതിനായി തന്നാല്‍ക്കഴിയുന്ന പിന്തുണയെന്തും നല്‍കും. എന്നാല്‍ താന്‍ ട്രാന്‍സ് ആണെന്ന വെളിപ്പെടുത്തലിനു പിന്നാലെ കേള്‍ക്കാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങളെക്കുറിച്ചുള്ള ആശങ്കകളും എലിയറ്റ് പങ്കുവെക്കുന്നു. സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കേണ്ട ഈ സമയത്തും തുറന്നുപറച്ചിലിനു പിന്നാലെയുണ്ടാകുന്ന വെറുപ്പും വിദ്വേഷവും അക്രമവും കളിയാക്കലുകളുമാക്കെയോര്‍ത്ത് ഭയമുണ്ടെന്നും എലിയറ്റ് പറയുന്നു.
തെളിച്ചു പറഞ്ഞാല്‍ സന്തോഷമാര്‍ന്ന ആഘോഷിക്കേണ്ട ഈ നിമിഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ല ഞാന്‍, മറിച്ച് മുഴുവന്‍ ചിത്രത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയാണ്. കണക്കുകള്‍ അത്രത്തോളം ഞെട്ടിക്കുന്നതാണ്. ട്രാന്‍സ് വ്യക്തികളോടുള്ള വിവേചനം ക്രൂരവും ഭയാനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്-എലിയറ്റ് കുറിക്കുന്നു.
ട്രാന്‍സ് വ്യക്തികള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ഥിക്കുന്നുമുണ്ട് അദ്ദേഹം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഇനി ട്രാന്‍സ് സമൂഹം നിശബ്ദരായിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്ന എല്ലാ ട്രാന്‍സ് വ്യക്തികളിലും തന്നെയാണ് കാണുന്നതെന്നും അവരെയെല്ലാം സ്‌നേഹിക്കുകയും നല്ലതിനായുള്ള ഈ ലോകത്തിന്റെ മാറ്റത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞാണ് എലിയറ്റ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Juno actor Elliot Page comes out as transgender