jitendra kumar jain
ഫോട്ടോ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

പെണ്‍ഭ്രൂണഹത്യയും പെണ്‍കുഞ്ഞുങ്ങള്‍ പെറ്റുവീണാല്‍ ബന്ധുക്കള്‍ നെറ്റിചുളിക്കുന്നതും കണ്ടൊരു കാലമുണ്ടായിരുന്നു രാജസ്ഥാനിലെ സുമെര്‍പുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്. അത് പഴയ കാലം. ഇന്നിവിടെ ഒരു പെണ്‍കുഞ്ഞു പിറന്നാല്‍ ആഘോഷമാണ്. അമ്മമാര്‍ക്ക് സന്തോഷമാണ്. കാരണം അവരെ തേടി കൈയില്‍ ഒരു പാക്ക് നെയ്യും കുറെ സമ്മാനങ്ങളുമായി ജിതേന്ദര്‍കുമാര്‍ ജെയിന്‍ വരും.

അറുപത്തിയഞ്ച് വയസ്സായി ജിതേന്ദറിന്. ഏഴു മാസമായി ഈ പതിവ് തുടരുന്നു. ആസ്പത്രിയില്‍ ഏതെങ്കിലും സ്ത്രീ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്നറിഞ്ഞാല്‍ ഉടനെ ഒരു കിലോ നെയ്യുമായി അദ്ദേഹം എത്തും. എന്തെങ്കിലും കാരണവശാല്‍ ജിതേന്ദ്രയ്ക്ക് നേരിട്ട് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്മമാര്‍ക്ക് ഏതെങ്കിലും ബന്ധുക്കള്‍ വഴി നെയ്യ് കൊടുത്തുവിടും. ഭാര്യ സന്തോഷ് ദേവി, സഹോദരന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍, സഹോദരഭാര്യ ആശ ദേവി എന്നിവര്‍ക്കൊപ്പം എത്തിയാണ് ജിതേന്ദ്ര നെയ്യും കുട്ടികളുടെ കിറ്റും സമ്മാനിക്കുന്നത്.  ഇതുവരെയായി 158 അമ്മമാര്‍ക്ക് ജിതേന്ദ്രകുമാറും കുടുംബവും നെയ്യും സമ്മാനങ്ങളും വിതരണം ചെയ്തുകഴിഞ്ഞു.

ജിതേന്ദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇപ്പോള്‍ പെണ്‍കുഞ്ഞുങ്ങള്‍ വാര്‍ഡില്‍ പിറന്നാല്‍ കേക്ക് മുറിച്ചും മറ്റും ഹെല്‍ത്ത് സെന്റര്‍ ഉദ്യോഗസ്ഥരും ആഘോഷങ്ങള്‍ നടത്തിവരുന്നുണ്ട്.

ഒരു കിലോ നെയ്യ് അത്ര വലിയ കാര്യമൊന്നുമല്ല. വിലമതിക്കാനാവാത്ത രത്‌നങ്ങളായ  പെണ്‍കുട്ടികളെ ഈ ഭൂമിക്ക് സമ്മാനിച്ചതിന് എന്റെ വകയായുള്ള ചെറിയ സമ്മാനം മാത്രമാണിത്.

സ്ത്രീ-പുരുഷ അനുപാതം തകിടം മറിയുന്ന ഇക്കാലത്ത് പെണ്‍കുട്ടികളുടെ പിറവി ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ്-ഒരു അഭിമുഖത്തില്‍ ജിതേന്ദര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രക്ഷാബന്ധന്‍ ദിവസമാണ് പ്യാരി ബിടിയ ജനം ഉപഹാര്‍ യോജന എന്ന പേരില്‍ ജിതേന്ദ്രയുടെ കുടുംബം ഈ ഉദ്യമം ആരംഭിച്ചത്.

ഇവരുടെ ഈ നവീന ഉദ്യമം കാരണം സുമെര്‍പുരിലെ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനമാണ് ഉണ്ടായിരിക്കുന്നത്.