തൃശ്ശൂർ: ‘ വണ്ണത്തിന്റെയും നിറത്തിന്റെയും പേരിൽ തന്നെ പരിഹസിച്ചവർക്ക് ഒരു മറുപടി കൊടുക്കണമല്ലോ. അതിനുള്ള മറുപടിയാണിത്’ -മിസിസ് കേരള സെക്കൻഡ് റണ്ണറപ്പ് പട്ടം ചൂടിയ ജിന ജെയ്മോൻറെ വാക്കുകളിൽ വിരിയുന്നത് ആത്മവിശ്വാസത്തിന്റെ കരുത്ത്. വണ്ണത്തിന്റെയും നിറത്തിന്റെയും പേരിൽ ഏൽക്കേണ്ടിവന്ന പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള മറുപടിയാണ് ഇന്നത്തെ ജിനയുടെ ജീവിതം. പരിഹാസവാക്കുകൾ സൃഷ്ടിച്ച അപകർഷബോധത്താൽ, ചെറുപ്പംമുതലേ സ്വപ്നംകണ്ട ‘ മോഡലിങ്’ എന്ന പാഷൻ ഉപേക്ഷിക്കേണ്ടിവന്നു ഒരിക്കൽ ജിനയ്ക്ക്. എന്നാൽ, മറ്റുള്ളവരുടെ പരിഹാസത്താൽ ഒതുങ്ങിപ്പോകാനുള്ളവളല്ല താനെന്ന് തീരുമാനിച്ചതോടെ, അവരെത്തിപ്പിടിച്ചത് വിജയകരമായൊരു ബിസിനസും 2019-ൽ എറണാകുളത്ത് നടന്ന കേരള ഫാഷൻ ഫെസ്റ്റിവലിലെ മിസിസ് കേരള സെക്കൻഡ് റണ്ണറപ്പ് കിരീടവുമാണ്.

‘ യാത്രയും മോഡലിങ്ങുമായിരുന്നു ഇഷ്ടങ്ങൾ. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലുള്ള താരതമ്യവും കുറ്റപ്പെടുത്തലുകളും കാരണം ചെറുപ്പത്തിൽ ആ ഇഷ്ടങ്ങൾ പുറത്തുപറയാൻ പേടിയായിരുന്നു. ബന്ധുക്കളിൽ നിറം കുറവ് എനിക്കായിരുന്നു. കറുപ്പ്, വെളുപ്പ് താരതമ്യം കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങളും മുറിവുകളും വളരെ വലുതാണ്. വിവാഹമായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. മനസ്സിൽ പൂട്ടിവെച്ച സ്വപ്നങ്ങൾക്ക് ചിറകുവെച്ചത് വിവാഹശേഷമാണ്. ഇഷ്ടങ്ങൾക്കെല്ലാം ഭർത്താവ് കൂട്ടുനിന്നു. അങ്ങനെ അവയെല്ലാം പൊടിതട്ടിയെടുത്തു. സ്വപ്നംകണ്ടതിനേക്കാൾ ഒരുപാട് നേടി. ഈ പ്രായത്തിൽ അത് നടക്കുമോയെന്ന ചിന്തകളെയാണ് ആദ്യം മറികടക്കേണ്ടത്’ -ജിന പറയുന്നു.

jina jaimon

jina jaimon92 കിലോ‍ ഭാരമുണ്ടായിരുന്ന ശരീരം മെരുക്കിയെടുക്കലായിരുന്നു ആദ്യത്തെ ലക്ഷ്യം. നാലുമണിക്ക് എഴുന്നേറ്റ് എല്ലാപണികളും തീർത്ത് ആറുമണിക്ക് ജിമ്മിൽ പോയി കഠിനപരിശ്രമത്തിലൂടെയാണ് ശരീരം ‘ ഫിറ്റാ’ ക്കിയെടുത്തത്.

നായ്ക്കനാലിൽ ടൂർ ഓപ്പറേറ്റിങ് സ്ഥാപനം നടത്തുകയാണ് ജിനയും ജെയ്മോനും. സ്കൂൾ കാലഘട്ടത്തിൽ ഗൈഡ്സിൽ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട കരുവന്നൂർ പനയ്ക്കൽ ജേക്കബിന്റെയും ഫിലോമിനയുടെയും മകളാണ്. മക്കളായ ജീവ പത്തിലും ജെയ്ന എട്ടിലും പഠിക്കുന്നു. ഇരുവരും തൃശ്ശൂർ വിവേകോദയം സ്കൂൾ വിദ്യാർഥികളാണ്.

Content Highlights:jina jaimon mrs Kerala second runner up