"അവളിപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. എന്നില്‍ നിന്നകന്ന് അവളെങ്ങോട്ട് പോവാന്‍"

ജെയ്ക് കോട്‌സിന് എമ്മിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തൈറോയിഡ് കാന്‍സര്‍ ബാധിച്ച് എമ്മി മരിച്ചിട്ട് അഞ്ച് മാസമാകുന്നു. അവളുടെ ഓര്‍മ്മകളിലാണ് ഭര്‍ത്താവ് ജെയ്കിന്റെ ജീവിതം. ഒരമ്മയാവുക എന്നതായിരുന്നു എമ്മിയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ, ഒന്നരവര്‍ഷം മുമ്പ് തിരിച്ചറിഞ്ഞ കാന്‍സര്‍ രോഗം അവളുടെ ആഗ്രഹത്തിന് തടസ്സമായി. 

തന്റെയും ജെയ്കിന്റെയും കുഞ്ഞ് എന്ന സ്വപ്‌നം ഉപേക്ഷിക്കാന്‍ എമ്മി തയ്യാറായിരുന്നില്ല. അങ്ങനെയാണ് വാടക ഗര്‍ഭപാത്രം എന്ന ആശയം അവരുടെ മനസ്സിലേക്ക് എത്തിയത്. തങ്ങള്‍ക്ക് വേണ്ടി ഒരു കുഞ്ഞിനെ തരാന്‍ ആരാണ് തയ്യാറാവുക എന്നതായിരുന്നു അടുത്ത പ്രശ്‌നം. എമ്മിയുടെ ബ്ലോഗിലൂടെ അവളുടെ കഥയറിഞ്ഞ ലിസ് എന്ന കൂട്ടുകാരി അതിന് തയ്യാറായി.

emmy
ലിസിനോടൊപ്പം.image:fb/jakecoates

അങ്ങനെ എമ്മിയുടെയും ജെയ്കിന്റെയും ആ വലിയ സ്വപ്‌നത്തിലേക്ക് അവരെത്തുകയായിരുന്നു. പക്ഷേ, ലിസ് ഗര്‍ഭിണിയാണെന്നറിഞ്ഞ് രണ്ടാഴ്ച്ചക്കുള്ളില്‍ എമ്മി മരണത്തിന് കീഴടങ്ങി. തൊട്ടുപിന്നാലെ മറ്റൊരു വിഷമവാര്‍ത്തയും ജെയ്കിനെ തേടിയെത്തി. ലിസിന്റേത് എക്ടോപിക് പ്രെഗ്നന്‍സിയായിരുന്നു. അവളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നതിനാല്‍ ആ ഗര്‍ഭം അലസിപ്പിക്കാതെ മറ്റ് മാര്‍ഗമില്ല.

emmy
image:fb/jakecoates

ആ വിവരം ജെയ്കിനെ തളര്‍ത്തി. തന്റെ കുഞ്ഞെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്ന സന്തോഷത്തോടെയാണ് എമ്മ കണ്ണടച്ചത്. ആ ആഗ്രഹം നിറവേറ്റിയില്ലെങ്കില്‍ പിന്നെ തങ്ങളുടെ സ്‌നേഹം അര്‍ഥമില്ലാത്തതാവില്ലേ എന്നായി ജെയ്കിന്റെ ചിന്ത. അവിടെ വൈദ്യശാസ്ത്രം രക്ഷയ്‌ക്കെത്തി. എമ്മിയില്‍ നിന്ന് ശേഖരിച്ച് സൂക്ഷിച്ചിരുന്ന അണ്ഡങ്ങളിലൊന്നിനെ ജെയ്കിന്റെ ബീജവുമായി സംയോജിപ്പിച്ച് വീണ്ടും ലിസിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.

emmy
image:fb/jakecoates

ആ കാത്തിരിപ്പിലാണ് ജെയ്ക് ഇപ്പോള്‍. എമ്മിയുടെ ജീവന്റെ ഒരു ഭാഗമെന്നത് തനിക്കത്രയ്ക്ക് പ്രിയപ്പെട്ടതാണെന്ന് ജെയ്ക് പറയുന്നു. അവള്‍ തനിക്ക് ചുറ്റുമുണ്ടെന്ന് ജെയ്ക് പറയുന്നതും ആ സ്‌നേഹത്തിന്റെ ശക്തി കൊണ്ട് തന്നെ. ജെയ്കിന് 13ഉം എമ്മിക്ക് 11ഉം വയസ്സുള്ളപ്പോള്‍ ആരംഭിച്ചതാണ് അവരുടെ സ്‌നേഹബന്ധം. 

emmy
image:fb/jakecoates

ജെയ്ക് ഞങ്ങളുടെ കുഞ്ഞിന് ഒരു നല്ല അച്ഛനായിരിക്കും. മരണത്തിന് കുറച്ചുനാള്‍ മുമ്പ് ഒരു വീഡിയോയില്‍ എമ്മി പറഞ്ഞിരുന്നു. ആ വാക്കുകള്‍ സത്യമാവുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ജെയ്ക്. ഈ ലോകത്തിലേക്ക് വച്ച് ഏറ്റവും മികച്ച ഭാര്യയായിരുന്നു എമ്മി, അവളുടെ സ്‌നേഹത്തിന് പകരം നല്കാന്‍ ഈ ജിവിതമല്ലാതെ മറ്റൊന്നും എനിക്കില്ല. ജെയ്ക് പറഞ്ഞുനിര്‍ത്തുമ്പോള്‍ കേള്‍ക്കുന്നവരും തിരിച്ചറിയുന്നു, ഇവരുടെ  സ്‌നേഹത്തിന് പകരമാവില്ല മറ്റൊന്നും എന്ന്!!!

courtesy:mirror.co.uk