jain
ജെയ്ന്‍ പിള്ള.

പ്രണയത്തിനുവേണ്ടി ഒരാള്‍ എന്തൊക്കെ ചെയ്യും...ജെയ്ന്‍ ചെയ്തത് ഇതൊക്കെയാണ്- വീടും നാടും രാജ്യവും സംസ്‌കാരവും വിട്ടു. തികച്ചും അപരിചിതമായ സ്ഥലത്ത്, വിചിത്രമായി തോന്നിയ രീതികളോട് പൊരുത്തപ്പെട്ടു.

നല്ല ഭാര്യയായി, വീട്ടുകാരിയായി. കാലംകടന്നുപോയപ്പോള്‍ ഒറ്റയ്ക്കായിട്ടും പ്രണയം സഫലീകരിച്ച നാട്ടില്‍ തുടരുന്നു, വിട്ടുപോകാന്‍ കഴിയാത്ത ഓര്‍മകളുമായി...

ലണ്ടന്‍കാരിയായ ഈ പ്രണയഭാജനം അരനൂറ്റാണ്ടായി തിരുവനന്തപുരത്തിന്റെ മരുമകളാണ്.തിരുവനന്തപുരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഇലങ്കത്ത് കുടുംബത്തിന്റെ ഇളംതലമുറയില്‍പ്പെട്ട ലഫ്റ്റനന്റ് ജനറല്‍ സുശീല്‍കുമാറിന്റെ മനം കവര്‍ന്നവളാണ് മേരി ജെയ്ന്‍ എന്ന ജെയ്ന്‍ പിള്ള. 

965-ലെ ഊട്ടിയായിരുന്നു പ്രണയത്തിന്റെ ലൊക്കേഷന്‍. 26കാരിയായ  മേരി ജെയ്ന്‍ സ്പെന്‍സ് തോമസ്.  അന്ന് അവിടത്തെ സ്‌കൂളില്‍ അധ്യാപിക. അസം റെജിമെന്റിലെ ക്യാപ്ടന്‍ സുശീല്‍കുമാര്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഊട്ടിയിലെത്തിയപ്പോള്‍ പൂച്ചക്കണ്ണുള്ള സുന്ദരിമദാമ്മയെ കണ്ടു.

അടുത്തുവന്നിരുന്ന മലയാളി സൈനികന്‍ ദോശയെയും ഇന്ത്യന്‍ സംസ്‌കാരത്തെയുംപറ്റിയൊക്കെ വാതോരാതെ പറയുന്നതുകേട്ട് ജെയ്ന്‍ അമ്പരന്നു. വീട്ടുകാര്യങ്ങള്‍ വരെ പറയുകയും തന്റെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്ത മലയാളിയെ ജെയ്‌ന് പെട്ടെന്നിഷ്ടമായി. അവിടെനിന്ന് ഇരുവരും പിരിഞ്ഞത് ജീവിതത്തില്‍ ഒന്നിക്കുമെന്ന് തീരുമാനമെടുത്തിട്ടാണ്.

ലണ്ടനില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജെയ്ന്‍ ലണ്ടനിലെ വിദ്യാഭ്യാസരീതികളില്‍ മനംമടുത്താണ് ഇന്ത്യ കാണാന്‍ വന്നത്. അധ്യാപകരും വിദ്യാര്‍ഥികളുമായി യാന്ത്രികമായ ബന്ധം മാത്രമുള്ള ലണ്ടനിലെ വിദ്യാഭ്യാസരീതി ശ്വാസം മുട്ടിക്കുന്നതായിരുന്നെന്ന് ഇവര്‍ ഓര്‍ക്കുന്നു.

ഊട്ടിയില്‍ കുട്ടികളുമൊത്ത് ആഘോഷത്തോടെയാണ് കഴിഞ്ഞത്. അവധിക്കാലത്ത് കുട്ടികളെക്കൂട്ടി യാത്രചെയ്യാന്‍പോലും സ്വാതന്ത്ര്യമുണ്ടായിരുന്നു. അങ്ങനെയൊരു യാത്രയിലാണ് ജെയ്ന്‍ ആദ്യമായി തിരുവനന്തപുരത്തെത്തിയത്. ആദ്യവരവ് സഞ്ചാരിയായിട്ടായിരുന്നെങ്കില്‍ രണ്ടാം യാത്ര വധുവായിട്ടായിരുന്നു.  

jaine 2
ജെയിനും സുശീലും വിവാഹവേളയില്‍

ഇംഗ്ലീഷുകാരിയെ മകന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് ഇങ്ങ് ഇലങ്കത്ത് വീട്ടിലും ആദ്യമായി കണ്ട ഇന്ത്യക്കാരനെ മകള്‍ ജീവിതത്തിലേക്ക് ക്ഷണിച്ചെന്നറിഞ്ഞ് ലണ്ടനിലും കലാപമായി. പക്വമായ മനസ്സോടെ പ്രണയിതാക്കള്‍ കാത്തിരുന്നു.

ഇതിനിടെ ലണ്ടനില്‍ മടങ്ങിപ്പോയ ജെയ്ന്‍ ലിവര്‍പൂള്‍ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപികയായി. ലണ്ടനും ഇന്ത്യയ്ക്കുമിടയില്‍ രണ്ടുവര്‍ഷത്തോളം പ്രണയലേഖനങ്ങള്‍ പറന്നു. ഒടുവില്‍ ആ ഇന്തോ-ലണ്ടന്‍ പ്രണയം അംഗീകരിക്കപ്പെട്ടു. 1967-ല്‍ ഡല്‍ഹിയിലെ അമ്മാവന്റെ വീട്ടില്‍ വെച്ച് സുശീല്‍കുമാറും ജെയ്‌നും വിവാഹിതരായി.

ആ വര്‍ഷത്തെ ക്രിസ്മസ് ജെയ്‌ന് ഒരിക്കലും മറക്കാന്‍ കഴിയുന്നില്ല. വഴികളില്‍ തെളിഞ്ഞിരുന്ന ക്രിസ്മസ് വിളക്കുകള്‍ കണ്ടുകൊണ്ടാണ് തിരുവനന്തപുരത്ത് കവടിയാര്‍ ജവഹര്‍നഗറിലെ വീട്ടില്‍ ജെയ്ന്‍ ആദ്യമായി എത്തിയത്.

"ഞാന്‍ സ്ഥലത്തെ ഒരു അത്ഭുതവസ്തുവായി മാറിക്കഴിഞ്ഞിരുന്നു. സുശീലിന്റെ ഇംഗ്ലീഷുകാരി ഭാര്യയെക്കാണാന്‍ അയല്‍ക്കാരും ബന്ധുക്കളും വന്നുകൊണ്ടിരുന്നു. ഒന്നും മനസ്സിലാകാതെ വെറുതേ ചിരിച്ച് അവര്‍ക്കു നടുവില്‍ ഞാനിരുന്നു".

ആ ചിരിയില്‍വീണ സുശീലിന്റെ അമ്മ സുകുമാരിപിള്ള ജെയ്‌നിനെ സ്ലേറ്റില്‍ മലയാളം എഴുതി പഠിപ്പിച്ചു. സാരിയുടുക്കാനും മുടി നീട്ടിവളര്‍ത്താനും ശീലിപ്പിച്ചു. ആ മാറ്റങ്ങള്‍ അധികകാലമുണ്ടായില്ല. ജെയ്ന്‍ പഴയ ജെയ്‌നായിത്തന്നെ അംഗീകരിക്കപ്പെട്ടു. ഇവിടെ വന്ന് താന്‍ പഠിച്ചതില്‍ ഏറ്റവും രസമുള്ളകാര്യം സ്‌കൂട്ടര്‍ ഓടിക്കലാണെന്നാണ് ജെയ്ന്‍ പറയുന്നത്.

"സുശീല്‍ ഒരുദിവസം അവധിക്കുവന്നപ്പോള്‍ കണ്ടത് ഞാന്‍ ഒരു വെസ്പ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നതാണ്. എന്റെ സ്‌കൂട്ടറിനുപിന്നിലിരുന്ന് യാത്രചെയ്യണമെന്ന് സുശീലിന് നിര്‍ബന്ധം. പെണ്ണ് ഓടിക്കുന്ന സ്‌കൂട്ടറിനുപിന്നില്‍ ആണൊരുത്തന്‍ ഇരുന്നുപോകുന്നത് കുറേക്കാലം ഈ നഗരത്തിലെ 'നടുക്കുന്ന' ഓര്‍മയായിരുന്നു".

ജെയ്‌നിന്റെ ജീവിതം സംഭവബഹുലമായി മുന്നേറുമ്പോള്‍ സുശീല്‍ പിള്ള സൈന്യത്തില്‍ പ്രമുഖനായി. 1989-ല്‍ അദ്ദേഹത്തെ രാജ്യം പരമവിശിഷ്ടസേവാ മെഡല്‍ നല്‍കി ആദരിച്ചു. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ മുഴുവന്‍ സൈനികസേവനം ചെയ്ത അദ്ദേഹം ആ മേഖലയില്‍ ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു. 1991-ല്‍ വിരമിച്ചശേഷം അദ്ദേഹം തന്റെ സൈനിക അനുഭവങ്ങള്‍ രണ്ടു പുസ്തകങ്ങളായെഴുതി. 

തിരുവനന്തപുരത്ത് തിരിച്ചെത്തിയ സുശീല്‍കുമാര്‍ പിള്ള പൊതുരംഗത്ത് സജീവമായി. നഗരത്തിലെ മരങ്ങളെ അറിയാനുള്ള ട്രീവാക്കിലും അട്ടക്കുളങ്ങര സ്‌കൂള്‍ സംരക്ഷണപ്രക്ഷോഭത്തിലും അദ്ദേഹം സജീവമായിരുന്നു.

2015-ല്‍ സുശീല്‍കുമാര്‍ പിള്ള അര്‍ബുദം ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ജെയ്ന്‍ ഒറ്റയ്ക്കായി.പ്രായമേറിയവര്‍ക്ക് സ്വതന്ത്രജീവിതം ഇവിടെ അനുഭവിക്കാനാവുന്നില്ല എന്ന പരാതിയാണ് ജെയ്‌ന് ഇപ്പോള്‍. ''റോഡിലൂടെ ഒറ്റയ്ക്ക് നടക്കാനും കാറോടിക്കാനും പേടിയാണ്. ചീറിപ്പായുന്ന ബൈക്കുകളും കാതടപ്പിക്കുന്ന ശബ്ദവും എന്നെ വീട്ടിനകത്തുതന്നെയിരുത്തുകയാണ്. വീല്‍ചെയറില്‍ പേടിക്കാതെ പോകാന്‍ പറ്റിയ നടപ്പാതകള്‍ ഇവിടെയില്ല'' 

ജവഹര്‍ നഗറിലെ 'വിചിത്ര' എന്ന വീട്ടില്‍ ജെയ്‌ന് ഇപ്പോള്‍ കൂട്ട് ഓര്‍മകളാണ്.   ലാറിബെക്കര്‍ സ്വയമെത്തി പണിതുകൊടുത്ത വീട്ടില്‍ നിറയെ സുശീല്‍-ജെയ്ന്‍ ദമ്പതിമാരുടെ ചിത്രങ്ങള്‍. മകള്‍ അല്പനയും ഒപ്പമുണ്ട്.

സ്വന്തം നാട്ടിലേക്കാള്‍ വളരെക്കൂടുതല്‍ക്കാലം ഇവിടെ ജീവിച്ചു. ഇന്ത്യന്‍ പൗരത്വം നേടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലണ്ടനിലെ ബന്ധുക്കളെ കാണാന്‍ ഇടയ്ക്ക് പോകുമെങ്കിലും ജെയ്ന്‍ ഇപ്പോഴും തിരുവനന്തപുരത്തുകാരിയാണ്, ഇന്ത്യക്കാരിയായില്ലെങ്കിലും താന്‍ തിരുവനന്തപുരത്തുകാരിയാണെന്ന അഭിമാനത്തോടെ.