ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ ധിരതയോടെ നേരിടുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു ധീര വനിതയാണ് ജഹാനാബി ഗോസ്വാമി. തന്റെ 17ാം വയസ്സില്‍ വിവാഹിതയാവുകയും പിന്നീട് ഭര്‍ത്താവില്‍ നിന്ന എയ്ഡ്‌സ് ബാധിതയാവേണ്ടി വന്ന ജഹനാബി നടന്ന് വന്നത് കനല്‍ വഴികളിലൂടൊണ്. ഹ്യൂമന്‍സ് ഓഫ് ബോംബൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ തന്റെ ജീവിത കഥ തുറന്ന് പറഞ്ഞത്.

17ാം വയസ്സില്‍ വീട്ടുകാര്‍ നിശ്ചയിച്ച പ്രകാരം എന്റെ വിവാഹം നടക്കുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞയുടനെയായിരുന്നു വിവാഹം. എന്നും അസുഖമായിരുന്നു ഭര്‍ത്താവിന്. അസുഖ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം എന്നെ ഉപദ്രവിക്കുമായിരുന്നു.  വിറ്റാമിന്‍ ഗുളികകളാണ് കഴിക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്. 

ഒരാണ്‍കുട്ടിയെ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ജന്മം നല്‍കിയത് പെണ്‍കുഞ്ഞിനെയായിരുന്നു. ക്ഷുഭിതനായ അദ്ദേഹം ആശുപത്രിയില്‍ വെച്ച് എന്നെ മര്‍ദ്ദിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും അസുഖബാധിതനായി. അന്നാണ് അദ്ദേഹത്തിന് എയ്ഡസ് ആണെന്ന് അറിയുന്നത്. ഒരു ആണ്‍കുഞ്ഞിന് വേണ്ടി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പല സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിലൂടെയാണ് അദ്ദേഹത്തിന് ഈ അസുഖം പിടിപെട്ടത്. പിന്നീട് എനിക്കും മകള്‍ കസ്തൂരിക്കും എയ്ഡ്‌സ് ആണെന്ന് സ്ഥിരീകരിച്ചു. അവളെ ചേര്‍ത്ത് പിടിച്ച് കരയാനല്ലാതെ അന്ന് എനിക്ക് പറ്റിയില്ല. എന്റെ വീട്ടുകാര്‍ എന്നെ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ വീട്ടിലേക്ക് പുറത്ത് നിന്നും ആരും വരാതെയായി.  എന്റെ മകള്‍ കസ്തൂരിക്ക് ക്ഷയരോഗം പിടിപ്പെട്ടു. എയ്ഡ്‌സ് ബാധിതയായ അവളെ തൊടാന്‍ വരെ ഡോക്ടര്‍മാര്‍ മടിച്ചു. രോഗം മൂര്‍ച്ഛിച്ച് മകള്‍ മരണമടഞ്ഞു.
ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്ക് എതിരെ എന്റെ കുടുംബം കേസ് നല്‍കി. എന്നാല്‍ എനിക്കെല്ലാം മടുത്ത് പോയി.

നാളുകള്‍ക്ക് ശേഷം എന്റെ സ്‌ക്കുള്‍ പ്രധാന അധ്യാപികയെ കണ്ടുമുട്ടി. അവരാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള ഉപദേശം നല്‍കിയത്. ടീച്ചര്‍മാരും സഹോദരിയും എനിക്ക് ഊര്‍ജം നല്‍കി.
മാസ്‌റ്റേര്‍സ് ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും എയ്ഡ്‌സ് ബാധിതയായ എനിക്ക് ജോലി തരാന്‍ കമ്പനികള്‍ തയ്യാറായില്ല. 

ഇക്കാലയളവില്‍ കോടതിയിലെ കേസിന് വിധി വന്നും രണ്ടു കോടി രൂപ അല്ലെങ്കില്‍ ജോലി എന്നായിരുന്നു എനിക്ക് ലഭിച്ച വാഗ്ദാനം. ഒട്ടും സംശയിക്കാതെ ജോലിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ആസാം സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ കൗണിസിലിങ്ങ് വിഭാഗത്തിലായിരുന്നു ജോലി.
നിരവധി പേര്‍ക്ക് ജീവിതത്തില്‍ വെളിച്ചം നല്‍കാനായി എനിക്ക് സാധിച്ചു. ഒരിക്കല്‍ ഞാന്‍ കൗണ്‍സില്‍ ചെയ്ത വ്യക്തിയെ കാണാനിടയായി. അദ്ദേഹം ഇന്നൊരു ബിസിനസ്സ് ഉടമയാണ്. എന്റെ വാക്കുകളാണ് അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കിയതെന്ന് പറഞ്ഞു. 

ആസാം നെറ്റ്‌വര്‍ക്ക് ഓഫ് പോസിറ്റീവ് പീപ്പിള്‍സ് എന്ന സംഘടനയ്ക്ക് ഞാന്‍ രൂപം നല്‍കി. നിരവധി പേര്‍ക്ക് ഇതിലൂടെ വിദ്യാഭ്യാസം ലഭിക്കുന്നു. നിരവധി കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നു. എല്ലാ വര്‍ഷവും എന്റെ മകളുടെ ജന്മദിനത്തില്‍ ഞങ്ങള്‍ കേക്ക് മുറിക്കും. ഇവിടെത്തെ കുഞ്ഞുങ്ങള്‍ എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. അവരോട് എല്ലാം പറയാനുള്ളത് എന്നോട് എന്റെ കുടുംബ പറഞ്ഞതാണ് '' നീ എച്ച് ഐ വി ബാധിതയായാണ്. പക്ഷേ ജീവിതത്തെ എങ്ങനെ നേരിടാം എന്നത് എന്റെ തീരുമാനമാണ്''

Content Highlights: Lifestory of jahnabi goswami