ന്യൂസിലന്‍ഡ് സ്വദേശിനിയായ പന്ത്രണ്ടുകാരി ലില്ലിക്ക് ഒരു കത്തു വന്നു. സ്‌കൂളില്‍ നിന്ന് ഒരു പ്രമുഖ നേതാവിന് കത്തയയ്ക്കുക എന്ന പാഠ്യപദ്ധതിയുടെ ഭാഗമായായി ലില്ലി ഒരാള്‍ക്കയച്ച കത്തിന്റെ മറുപടിയായിരുന്നു അത്. മറ്റാരുമല്ല കത്തയച്ചത് ന്യൂസിലാന്‍ഡ് പ്രധാനമമന്ത്രി ജസീന്ത ആര്‍ഡേണാണ് ലില്ലിക്ക് മറുപടി അയച്ച നേതാവ്. 

രാജ്യത്ത്  ലോക്ഡൗണ്‍ ആദ്യമായി ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു ലില്ലി ജസീന്തയ്ക്ക് ഒരു കത്തയച്ചത. എന്നാല്‍ കത്തെഴുതിയതിനുശേഷം ലില്ലി അതൊക്കെ മറന്നിരുന്നു. എന്നാലിപ്പോള്‍ തന്നെ തേടി വന്ന മറുപടി കണ്ട് അത്ഭുതപ്പെടുകയാണ് ലില്ലി. 

'ഇത്രയും തിരക്കേറിയ സമയങ്ങളിലും ലില്ലിക്ക് മറുപടി അയച്ചതില്‍ അവള്‍ വലിയ സന്തോഷത്തിലാണ്. ഒരു മാതൃക നേതാവാണ് അവര്‍ എല്ലാക്കാര്യത്തിലും' എന്ന കുറിപ്പോടെ ലില്ലിയുടെ പിതാവാണ് കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്. 

'പ്രിയപ്പെട്ട ലില്ലി, അയച്ച കത്തിന് നന്ദി പറയുന്നു. മറുപടി എഴുതാന്‍ ഇത്രയും താമസിച്ചതില്‍ ക്ഷമിക്കുമല്ലോ. കുറേ നാളായി നല്ല തിരക്കിലായിരന്നു. അതാണു മറുപടി നീണ്ടുപോയത്.

പഠനത്തിനിടെ ഇങ്ങനെയൊരു കത്ത് എഴുതാന്‍ കാണിച്ച മനസ്സിന് നന്ദി. നിന്റെ സ്‌നേഹമുള്ള വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. ലില്ലിയും കുടുംബവും അയര്‍ലന്‍ഡില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കുടുംബാംഗങ്ങളെ എന്റെ ക്ഷേമാന്വേഷണം അറിയിക്കുക. കത്തെഴുതിയതിന് ഒരിക്കല്‍ക്കൂടി നന്ദി. നിങ്ങളുടെ പ്രിയപ്പെട്ട ജസീന്ത ആര്‍ഡേണ്‍.'  കത്ത് ഇങ്ങനെയാണ്.
 
കത്ത് വായിച്ച ഒട്ടേറെപ്പേര്‍ പ്രധാനമന്ത്രിയുടെ നന്മയും സ്‌നേഹവും നിറഞ്ഞ പ്രവൃത്തിയെ പുകഴ്ത്തുകയാണ്. മികച്ച നേതാവാണ് ജസീന്ത ഒപ്പം അവരുടെ വ്യക്തിത്വത്തിന്റെ മഹത്വവും ഇപ്പോള്‍ വെളിവായിരിക്കുന്നു എന്നാണ് ഒരാളുടെ അഭിപ്രായം. ലില്ലി കത്തെഴുതാന്‍ തിരഞ്ഞെടുത്ത് യഥാര്‍ഥ ആളെ തന്നെയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

Content Highlights: Jacinda’s reply to schoolgirl wins hearts