"അവര്‍ക്ക് എന്നെ ഭയമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഇത്. എനിക്കാരേയും ഭയമില്ല, പിടിച്ചു നില്‍ക്കാന്‍ പറ്റുന്നത്രയും പിടിച്ചുനില്‍ക്കും." സഭയിലെ സന്യാസിനികള്‍ നേരിടുന്ന അനീതികള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ കത്തോലിക്ക സഭ വിശദീകരണം ചോദിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു തുടങ്ങി. ജോലി ചെയ്ത ശമ്പളം ഉപയോഗിച്ച് കാറ് വാങ്ങി, സഭയുടെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, സഭയുടേതല്ലാത്ത മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയോട് മദര്‍ ജനറാള്‍ വിശദീകരണം ചോദിച്ചത്. കൊച്ചിയില്‍ കന്യാസ്ത്രീമാര്‍ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും വനിതാമതിലില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്ത് സഭയിലെ അനീതികള്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഉയര്‍ത്തിക്കാണിച്ചിരുന്നു. വിശദീകരണം നല്‍കാന്‍ മദര്‍ ജനറാളിനെ കാണാന്‍ പോകില്ല എന്ന് സിസ്റ്റര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.
പോകാതിരുന്നാല്‍ നിയമനടപടികള്‍ ഉണ്ടാകില്ലേ.?
ഇത്ര മണിക്കൂറുകള്‍ യാത്ര ചെയ്ത് ഞാന്‍ ഇങ്ങനെയാണ് എന്ന് തെളിവുകൊടുക്കാന്‍ എനിക്ക് തോന്നുന്നില്ല. അല്ലാതെ തന്നെ എന്നെ ഒരുപാട് വിമര്‍ശിച്ചിട്ടുണ്ടല്ലോ. എന്നോട് തെളിവെടുക്കാതെയോ എന്നെ കൃത്യമായിട്ട് അറിയാതെയോ ആണല്ലോ സഭ മാധ്യമങ്ങളുടെ മുമ്പിലും അല്ലാതെയും എന്നെ വിമര്‍ശിച്ചത്. നിയമനടപടികള്‍ എടുക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇനി ഇപ്പോള്‍ എന്ത് തെളിവെടുക്കാനാണ്.
സിസ്റ്റര്‍ പോകാതിരുന്നത് മൂലം സഭ അച്ചടക്ക നടപടികളിലേയ്ക്ക് പോകുകയാണെങ്കില്‍ എന്താണ് അടുത്ത തീരുമാനം?
അച്ചടക്കനടപടികള്‍ എടുക്കുകയാണെങ്കില്‍ എടുക്കട്ടെ. അങ്ങനെ എന്നെ പറഞ്ഞു വിടാന്‍ കഴിയില്ല. ഇത്രയും വര്‍ഷം ഇതേ സന്യാസി സഭയില്‍ അതിന്റെ പവിത്രതയോടെ ജീവിച്ചു. എനിക്ക് ഒരു ജോലി ഉണ്ടായിരുന്നു. ഈ ഒരു വര്‍ഷം മാത്രം എന്റെ ശമ്പളം സഭയ്ക്ക് കൊടുത്തിട്ടില്ല. എന്റെ സാമൂഹിക ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി ആ പണം ഉപയോഗിക്കേണ്ടി വന്നു. ഇങ്ങനെ ഉപയോഗിക്കാനായി പ്രത്യേക അനുവാദം വേണം. നിരവധി തവണ ഇത് ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊക്കെ അവര്‍ അത് നിരസിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് എന്ന് കാരണം വ്യക്തമാക്കിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടമല്ല.
സിസ്റ്റര്‍ ലൂസിയെ അവര്‍ ഭയപ്പെടുന്നുണ്ടോ?
എന്നെ ഭയക്കുന്നുണ്ട് എന്നത് ഉറപ്പാണ്. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍നിന്നു തിരിച്ചുവന്നപ്പേള്‍ മുതല്‍ ഞാന്‍ 2003 മുതല്‍ അച്ചടക്കനടപടികള്‍ക്ക് വിധയയാണ് എന്ന് അവര്‍ പറയുന്നു. അന്ന് ഞാന്‍ ഒരു കോണ്‍വെന്റിലെ സുപ്പീരിയാറായിരുന്നു. ഞാന്‍ വളര്‍ന്നു വരുന്നത് അവര്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. ഇത് ഞാന്‍ പ്രതികരിക്കുന്നത് കൊണ്ടും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ധാരാളം പേര്‍ക്ക് സ്വീകാര്യമാകുന്നത് കൊണ്ടും ഇവള്‍ ഇങ്ങനെ പോയാല്‍ വല്യ ആളായി പോകുമെന്ന അസൂയ കൊണ്ടുമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത്തരത്തില്‍ എന്നെ അവര്‍ തളയ്ക്കാന്‍ ശ്രമിച്ചു, അല്ല എന്നെ തളച്ചിട്ടു. എനിക്ക് സഭയിലെ അവസരങ്ങള്‍ നിഷേധിച്ചു. എനിക്ക് ഒരുപാട് ആശയങ്ങള്‍ ഉണ്ട്. അത് അങ്ങനെയുള്ള കൂട്ടായ്മകളില്‍ പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. അതാണ് 2003 ല്‍ എനിക്കെതിരെ ഉണ്ടായ നടപടി. കേരളത്തിന് നാണം തോന്നുന്ന രീതിയിലുള്ള പെരുമാറ്റമാണ് മാനന്തവാടിയിലെ അധികാരികള്‍ എനിക്കെതിരെ ചെയ്തത്. എന്നാല്‍ ഞാന്‍ അതിനെ നന്നായി അതിജീവിച്ചു. ഇന്നും ഞാന്‍ സന്തോഷത്തോടെ തന്നെ ജീവിക്കുന്നു. സാധാരണയില്‍ സാധാരണ ലളിതജീവിതം നയിക്കുന്നയാളാണു ഞാന്‍. ചെരുപ്പ് വാങ്ങിച്ചാല്‍ പോലും മറ്റുള്ളവർ എന്തൊരു നോട്ടമാണ്. ഞാന്‍ അവരുടെ ഒരു നോട്ടപ്പുള്ളിയാകുന്നു. പക്ഷേ ഞാന്‍ ഒരിലും തോല്‍ക്കില്ല. അവരെ വിമര്‍ശിച്ചിട്ടുമില്ല. അതുകൊണ്ടാണ് എനിക്ക് ധൈര്യമായി നില്‍ക്കാന്‍ കഴിഞ്ഞത്.
പുസ്തകം?
ഞാന്‍ ഒരു പുസ്തകം എഴുതി. പ്രസിദ്ധീകരിക്കാനായി മൂന്നുവര്‍ഷം അധികാരികളോട് അനുവാദം ചോദിച്ചുകൊണ്ടിരുന്നു. മദര്‍ ജനറാലിന്റെ അടുത്തുവരെ ചോദിച്ചു. അത്രയുമായപ്പോഴാണ് ഞാന്‍ മദര്‍ ജനറാലിനോട് എഴുതി അറിയിച്ചത്. ഞാന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമായി എനിക്കു ലഭിക്കുന്ന ശമ്പളം ഞാന്‍ ഉപയോഗിക്കുന്നു എന്ന് അറിയിച്ചതിനു ശേഷമാണ് അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങിയത്. എന്തുകൊണ്ട് അവര്‍ എന്നെ നിഷേധിക്കുന്നു? എന്തുകൊണ്ട് അവര്‍ എന്റെ ഇത്തരത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നു? അത് എന്താണെന്ന് എനിക്കു മനസിലാവുന്നില്ല. എഴുതുന്നത് മുഴുവന്‍ ഫയലാക്കി മദര്‍ജനറലിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. പ്രോവിൻഷ്യലിനു മുന്നില്‍ സമര്‍പ്പിച്ചു. ഞാന്‍ കള്ളത്തരമൊന്നുമല്ല കാണിക്കുന്നത്. എനിക്ക് നീതി നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? അതുകൊണ്ടാണ് എനിക്ക് സ്വന്തമായി പണം എടുത്തു ഉപയോഗിക്കേണ്ടി വന്നത്. അല്ലാതെ അഹങ്കാരം കൊണ്ടോ ധാര്‍ഷ്ഠ്യം കൊണ്ടോ അല്ല. എന്നെ അവര്‍ ആ അവസ്ഥയിൽ എത്തിച്ചതാണ്.
സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള കന്യാസ്ത്രീമാരുടെ എതിര്‍പ്പിന് പുരോഹിതരുടെ പിന്തുണയുണ്ടോ?
സാധാരണ കാര്യങ്ങള്‍ സഭാതലത്തില്‍ തീരുമാനിക്കുമ്പോള്‍ മെത്രാന്മാരെ അറിയിച്ചിട്ടാണ് തീരുമാനിക്കുന്നത്. പുരോഹിതന്മാരുമായി പരസ്പര ധാരണയോടെയെ ചെയ്യാറുള്ളു. കന്യാസ്ത്രീകൾക്ക് എല്ലാത്തിനും പുരോഹിതര്‍ വേണം അവരില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.
എന്തുകൊണ്ടാണ് കന്യാസ്ത്രീകള്‍ ഈ പുരുഷ മേധാവിത്വത്തോട് പ്രതികരിക്കാത്തത്?
പ്രതികരിച്ചതിനു ശേഷം ഇത് എങ്ങനെ നേരിടുമെന്ന ആശങ്കയുണ്ടാകാം. ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെ മതി ഞങ്ങള്‍ ഇങ്ങനെയൊക്കെ ഇരുന്നോളാം ഇഷ്ടം പോലെ ജീവിക്കാം എന്നു കരുതുന്നവരുണ്ട്. ആസ്വദിക്കാം എന്നു ചിന്തിക്കുന്നവര്‍. എന്തു തെറ്റു ചെയ്താലും മിണ്ടിയാലാണ് പ്രശ്‌നം, മിണ്ടിയില്ലെങ്കില്‍ കുഴപ്പമില്ല എല്ലാം സുഖമായി പൊയ്‌ക്കോളും .അങ്ങനെ പലതരത്തിലുള്ള മനോഭാവങ്ങള്‍ ഉള്ളവരുണ്ട്. സംസാരിക്കുന്നവര്‍ ഒറ്റപ്പെടുമെന്ന് ഉറപ്പല്ലേ. അതല്ലേ കണ്ടുകൊണ്ടിരിക്കുന്നത്. പലരും അടിമത്തം അംഗീകരിച്ചു കൊടുക്കുകയാണ്. പല കന്യാസ്ത്രീമാരും പറയുന്നത് നമ്മള്‍ക്ക് ഇതുമതി എന്നാണ്. അച്ചന്മാരോട് എതിർത്ത് ഒന്നും പറയേണ്ട, നമ്മുക്ക് കുമ്പസാരവും കുര്‍ബാനയും വേണ്ടതല്ലേ എന്ന് അവർ പറയും. പിന്നെ പുരോഹിതർക്കെതിരെ എന്തെങ്കിലും പറഞ്ഞു പോയാല്‍ നിലനില്‍പ്പിനെ ബാധിക്കുമോ എന്ന ഭയം പലര്‍ക്കും ഉണ്ട്.
വൈദികരില്‍നിന്ന് എപ്പോഴെങ്കിലും മോശം പെരുമാറ്റം നേരിട്ടിട്ടുണ്ടോ?
തോണ്ടിയും പിടിച്ചും സെക്ഷ്വലായി സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രക്ഷപെട്ടു നില്‍ക്കുന്നതു കൊണ്ടാണല്ലോ ധൈര്യമായി നില്‍ക്കാന്‍ പറ്റുന്നത്. പല കന്യാസ്ത്രീമാര്‍ക്കും അതു പറ്റില്ല.
സിസ്റ്റര്‍ ലൂസിയുടെ പ്രവര്‍ത്തനങ്ങളോടുള്ള സമൂഹത്തിന്റെ സമീപനം എങ്ങനെയാണ്?
കുറെ അധികം പേര്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുണ്ട്. എന്നാല്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ തെറ്റാണ്, വലിയ അപരാധമാണ് എന്നു പറഞ്ഞ് കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്ന മതാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരും എന്റെ ഒപ്പം ഉണ്ട്. ഞാന്‍ മതാധ്യാപനം നടത്തുന്നിടത്ത് ആറു പുരുഷന്മാര്‍ ഉണ്ട്. ആറു പേരും എനിക്ക് എതിരാണ്. ആറു പേര്‍ ചേര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഒരു മണിക്കൂര്‍ എന്നോട് സംസാരിച്ചു. മീറ്റിങ്ങാണെന്നു പറഞ്ഞു വിളിച്ച് രഹസ്യമായി നടത്തി. എന്നെപ്പോലെ ഒരാളുടെ കൂടെ ജോലി ചെയ്യേണ്ടി വരുന്നതില്‍ വളരെ സങ്കടമുണ്ട്. രാജിവയ്ക്കാന്‍ പോകുകയാണ്. കുടുംബത്തിന്റെ അടുത്തേയ്ക്ക് പോലും സിസ്റ്റര്‍ വന്നേക്കരുത് എന്ന് അവര്‍ പറഞ്ഞു. അ്രതയും മോശമാണ് ഞാന്‍ എന്ന് അവര്‍ പറയുന്നു. ഞാന്‍ മീറ്റിങ്ങ് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവര്‍ വേണ്ടന്നു പറഞ്ഞു വിലക്കി. തങ്ങളെ അപമാനിക്കുകയല്ലേ ചെയ്യുന്നത്. തങ്ങളുടെ ഇടവകയേ സിസ്റ്റര്‍ മോശമാക്കി എന്നൊക്കെ അവര്‍ പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കെന്റെ നിലപാടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്റെ ആദര്‍ശത്തിന്റെ പേരില്‍ ആരൊക്കെ എന്നോട് മോശമായി പെരുമാറിയാലും ഞാന്‍ എപ്പോഴും സന്തോഷവതിയാണ്. മറ്റുള്ളവര്‍ ചാഞ്ചാടുന്നതിനനുസരിച്ച് ഞാന്‍ ചാഞ്ചാടുന്നില്ല.
സിസ്റ്റർക്കെതിരെ വന്ന ലേഖനത്തെ കുറിച്ച് എന്ത് പറയുന്നു?
എനിക്ക് ആരെങ്കിലുമൊക്കെ പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ അത് പിന്‍വലിക്കാന്‍ പാകത്തിന് വിശ്വാസികളെ ചൂഷണം ചെയ്യുന്ന രീതിയിലാണ് ആ ലേഖനം എഴുതിയിരിക്കുന്നത്. ആ എഴുതിയാള്‍ക്കാണോ എനിക്കാണോ സന്യാസം അറിയാവുന്നത്? വളരെ വര്‍ഷങ്ങളായി ഞാന്‍ സന്യാസത്തിനുള്ളില്‍ ജീവിക്കുകയും വ്രതങ്ങള്‍ പാലിക്കുകയും ചെയ്യുന്നയാളാണ്. അപ്പോള്‍ പുറത്തു നിന്നുള്ള ഒരാള്‍ അത് എഴുതിയാല്‍ എങ്ങനെയാണ് ശരിയാകുന്നത്? എനിക്ക് അതിനോട് വിയോജിപ്പുണ്ട്. അതിനെതിരെ എങ്ങനെ മുന്നോട്ട് പോകണമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വ്യക്തിഹത്യ ചെയ്തിട്ടല്ലല്ലോ ലേഖനം എഴുതേണ്ടത്. സന്യാസഭവനങ്ങളില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് സുഖമായി, മൗനമായി മൂടിപ്പുതച്ച് കിടന്ന് ഉറങ്ങാം. തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ പുതപ്പിനുള്ളില്‍ നിന്ന് എഴുന്നേറ്റാല്‍ അവരെ മയക്കുമരുന്നു കൊടുത്ത് ഉറക്കാന്‍ പാകത്തിനാണ് ഇപ്പോഴത്തെ ലേഖനങ്ങള്‍ ഉപയോഗിക്കുന്നത്. പല പ്രാവാശ്യം എന്നെയും തളര്‍ത്താന്‍ നോക്കിട്ടുണ്ട്. എനിക്ക് ഒട്ടേറെ അനീതി നേരിടേണ്ടി വന്നിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് അധ്യാപനത്തില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നയാളാണ് ഞാന്‍. എന്നാല്‍ ഡി.ഇ.ഒ ഇത് അസാധുവാക്കി. എന്നിട്ടും പുരോഹിതര്‍ എനിക്കെതിരെ ഹൈക്കോടതി വരെപോയി. ഞാന്‍ ഉറച്ചു നിന്നതിനാല്‍ ഹൈക്കോടതിയിൽനിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഹിയറിങ് കഴിഞ്ഞ് നൂറു ശതമാനം എന്നെ പിന്തുണച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടുകയും അവര്‍ നിവൃത്തിയില്ലാതെ റിവ്യൂ പെറ്റിഷന്‍ പിന്‍വലിക്കുകയും ചെയ്തു.
തെറ്റുകള്‍ ചോദ്യം ചെയ്യുമ്പോഴും ചൂണ്ടിക്കാണിക്കുമ്പോഴുമാണോ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത്?
എന്തു പറഞ്ഞാലും യെസ് എന്നു പറയുന്നതാണ് അനുസരണം എന്നാണ് പലരുടെയും വിചാരം. അനുസരണം എന്നു പറയുന്നത് ഫലപ്രദമായിരിക്കണം. അതുകൊണ്ട് സമൂഹത്തിന് ഗുണം ലഭിക്കണം. അങ്ങനെ ഉള്ള യെസ് ആണ് അനുസരണം.
ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം, എന്നീ വ്രതങ്ങള്‍ കന്യാസ്ത്രീകള്‍ക്ക് മാത്രമേ ബാധകമുള്ളോ? ഇത് അച്ചന്മാര്‍ക്ക് ബാധകമല്ലെ?
അത് അവര്‍ക്ക് ബാധകമല്ല എന്നല്ലേ അവര്‍ എഴുതിവച്ചിരിക്കുന്നത്. എന്നിട്ട് എന്തെ അച്ചന്മാര്‍ ആരേയും കല്യാണം കഴിച്ചു കണ്ടില്ലല്ലോ. സന്യാസ ബ്രഹ്മചര്യവ്രതങ്ങള്‍ ബാധകമല്ലെങ്കില്‍ അവര്‍ക്ക് കല്യാണം കഴിച്ചുകൂടായിരുന്നോ? എന്നാല്‍ മറ്റ് സ്ത്രീകളുടെ അടുത്ത് പോവേണ്ടതില്ലല്ലോ. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ ബാധകമല്ലെന്ന് ഇത്രയും ധൈര്യത്തില്‍ പറയാന്‍ പറ്റുമെങ്കില്‍ ഏതെങ്കിലും ഒരു കന്യാസ്ത്രീയെ എങ്കിലും വിവാഹം കഴിക്കട്ടെ. അവര്‍ക്ക് ഒരു ബുദ്ധിമുട്ടും അറിയേണ്ട. ഒരു കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിയണ്ട. മക്കളെ വളര്‍ത്തുന്ന ബുദ്ധിമുട്ട് അറിയണ്ട, കഷ്ടപ്പാട് അറിയണ്ട. എന്നാല്‍ എല്ല സുഖസൗകാര്യത്തിലും ജീവിക്കണം, വിശ്വാസികളെ പിഴിഞ്ഞ്.
സിസ്റ്റര്‍ ലൂസിയെ സമ്മര്‍ദ്ദത്തിലാക്കി കുപ്പായം ഉപേക്ഷിപ്പിക്കാനുള്ള ശ്രമം ആണോ?
തീര്‍ച്ചയായും അതു തന്നെയാണ്. പറ്റുന്നത്രയും നില്‍ക്കണമെന്നു വിചാരിക്കുന്നു.
വസ്ത്രം ഉപേക്ഷിച്ചുകൂടെ എന്ന മുമ്പ് അധികാരികള്‍ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?
നേരിട്ടല്ലെങ്കിലും ഒത്തിരി ആളുകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന സമയത്ത് എനിക്ക് ഒരു കത്ത് വന്നിരുന്നു. ചെയ്തത് അനുസരണക്കേടാണ്. അതുകൊണ്ട് സന്യാസം ബഹിഷ്‌ക്കരിക്കേണ്ട നടപടികള്‍ ചിലപ്പോള്‍ കൈക്കോള്ളേണ്ടി വരും എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. സന്യാസത്തിനു വന്നതില്‍ എനിക്ക് ഒരു ലക്ഷ്യം ഉണ്ട്. എന്റെ ആശയങ്ങളും ആദര്‍ശങ്ങളും വിശുദ്ധിയും ആരുടെയും മുമ്പില്‍ അടിയറവയ്ക്കാനല്ല ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ യേശു ക്രിസ്തുവിന്റെ പഠനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് വന്നിരിക്കുന്നത്. അത് എനിക്ക് ഈ സഭയില്‍ നിന്നുകൊണ്ട് നിര്‍വഹിച്ചേ പറ്റു. അതു നിങ്ങള്‍ക്ക് തടസമാണെങ്കില്‍ നിങ്ങള്‍ ബാക്കി ചെയ്‌തോളു എന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കിയിരുന്നു. സിസ്റ്റര്‍മാരുടെ സമരത്തില്‍ പിന്തുണ നല്‍കിയിരുന്നു. സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കാത്തതിലെ ഭയങ്കരമായ രോഷവും സഭ മിണ്ടാതിരുന്നതിന്റെ ദ്വേഷ്യവും എനിക്കുണ്ടായിരുന്നു. ഇതിനിടയില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന എന്റെ അന്വേഷണത്തിലാണ് ഞാന്‍ അവിടെ എത്തിച്ചേര്‍ന്നത്.
ഭയമുണ്ടോ?
ഇതുവരെ ഒരു ഭയവും ഉണ്ടായിട്ടില്ല. സ്വര്‍ഗത്തില്‍നിന്നു വലിയ അനുഗ്രഹത്തിന്റെ അരുവി എന്റെ ഹൃദയത്തിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യങ്ങള്‍ തുറന്നു പറഞ്ഞും അനീതികള്‍ ചൂണ്ടിക്കാട്ടിയുമല്ലേ ക്രിസ്തു ജീവിച്ചത്. അപ്പോള്‍ എന്തുണ്ടായി? അധികാരികള്‍ എല്ലാം യേശുവിനെ കുരിശില്‍ തറച്ചു കൊന്നില്ലെ. ചിലപ്പോള്‍ ഞാനും അതു നേരിടേണ്ടി വരും. വന്നോട്ടെ. ഭയം എന്റെ അടുത്ത് എത്തിയിട്ടില്ല. മുമ്പായിരുന്നെങ്കില്‍ ചിലപ്പോള്‍ കരഞ്ഞ് എന്തെലുമൊക്കെ ചെയ്‌തേനെ.
എന്ത് അനുഭവങ്ങളാണ് സിസ്റ്റര്‍ ലൂസിയേ ഇത്രയും ശക്തയാക്കിയത്?
തെറ്റു ചെയ്യാത്ത ഒരു കാൽ, ഒരുകൈ, ഒരു മനസ് എനിക്കുണ്ട്. ഇത്രയൊക്കെ പറഞ്ഞാലും ആരെയും വിമര്‍ശിക്കാത്ത ഒരു മനഃസാക്ഷിയുണ്ട്. അതാണ് നില്‍ക്കാന്‍ സഹായകമാകുന്നത്. ഞാന്‍ ആര്‍ക്കും എതിരെ തെറ്റ് ചെയ്തിട്ടില്ല. എത്ര ദ്രോഹിക്കുന്നവരോടും ദ്രോഹം ഇല്ലാതെയാണ് ഞാന്‍ പെരുമാറുന്നത്. അവര്‍ക്ക് നാശം വരണമെന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ല. ആരുടെ തെറ്റായ സമീപനങ്ങള്‍ക്കും ശരി പറഞ്ഞു നില്‍ക്കണം എന്നത് ശരിയല്ല. നമുക്ക് ഇഷ്ടം പോലെ അനുഭവങ്ങള്‍ ഉണ്ട്. സന്യാസത്തിലെ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ഉണ്ട്. അതിലൊന്നും ഒരു ബുദ്ധിമുട്ടും പറഞ്ഞിട്ടില്ല. ഒരു പുസ്തകം എഴുതി തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ വന്നത്. എനിക്കു മനസിലാകാത്തത് എന്തുകൊണ്ടാണ് ഇവര്‍ ഇത് അനുവദിക്കാത്തത് എന്നാണ്. പിന്നീട് പ്രസിദ്ധികരിച്ചു കഴിച്ചപ്പോഴെങ്കിലും എന്നെ പിന്തുണയ്‌ക്കേണ്ടതിനു പകരം എന്നെ മോശമാക്കി ചിത്രീകരിച്ചു. ഞാന്‍ എന്റെ അടുത്ത പുസ്തകവും തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ആരെങ്കിലും സ്‌പോണ്‍സര്‍മാരുണ്ടായാല്‍ അത് എത്രയും പെട്ടെന്ന് തയ്യാറാക്കും. ഇപ്പോൾ പൂർത്തിയായ പുസ്തകം അച്ചടിക്കാൻ പറ്റിയിട്ടില്ല. അതില്‍നിന്നു കിട്ടുന്ന വരുമാനം മുഴുവന്‍ ഞാന്‍ ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് കൊടുക്കാന്‍ തയ്യാറാണ്.
ചുരിദാര്‍ ധരിച്ചതിനെ കുറിച്ച്?
എനിക്ക് പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് മൂന്നു വര്‍ഷം മുമ്പ് സഭയെ അറിയിച്ചിട്ടുമുണ്ട്. കോട്ടൺ ചുരിദാര്‍ ധരിക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. ഞാന്‍ മനസിലാക്കുന്നത് ധരിക്കുന്ന വസ്ത്രം കൊണ്ടല്ല നമ്മള്‍ സന്യാസിയാകുന്നതെന്നാണ്. ജീവിതശൈലി കൊണ്ടാണ് യഥാര്‍ത്ഥ സന്യാസിയാകുന്നതെന്ന് ചെറുപ്പം മുതല്‍ ബോധ്യമുണ്ട്. വൈദികര്‍ക്ക് ഏതു വേഷവും ധരിക്കാം. പെണ്ണുങ്ങള്‍ മാത്രം ഉണ്ടെങ്കിലും നമ്മള്‍ക്ക് ഒന്നു വസ്ത്രം മാറ്റാന്‍ രാത്രി പത്തു മണിയാകുന്നിടം വരെ കാത്തു നില്‍ക്കണം. എനിക്ക് അതിനെ ഒന്നു ചോദ്യം ചെയ്യണമെന്നു തോന്നി. ചുരിദാറിട്ട് മഠങ്ങളുടെ അകത്തു കഴിയുന്ന കന്യാസ്ത്രീകള്‍ ഉണ്ടാകാം. സഭയില്‍ തന്നെ എത്രയോ വര്‍ഷം മുമ്പ് മുറിയില്‍ ചുരിദാര്‍ ഇടുന്ന കന്യാസ്ത്രീകള്‍ ഉണ്ട്.
സിസ്റ്റര്‍ ലൂസിക്ക് വീട്ടുകാരുടെ പിന്തുണയുണ്ടോ?
വീട്ടുകാര്‍ സത്യത്തിന്റെ കൂടെയാണ്. ഞാന്‍ ആണ് ന്യായമെങ്കില്‍ അവര്‍ എനിക്ക് ഒപ്പം നില്‍ക്കും. ന്യായം സഭയുടെ കൂടെയാണെങ്കില്‍ അവരുടെ കൂടെ നില്‍ക്കും.
Content Highlights: interview with sister lucy kalappura