സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നിയമങ്ങളുടെ അപര്യാപ്തതയല്ല, അവ നടപ്പാക്കാൻ സാധിക്കാത്ത തരത്തില്‍ ഒട്ടേറെ സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ടെന്ന് പുതിയ വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. നിയമം നടപ്പാക്കാൻ നിയുക്തരായ ഏജന്‍സികള്‍ പോലും സ്ത്രീവിരുദ്ധമായ സാമൂഹ്യ സാഹചര്യങ്ങളുടെ സ്വാധീനത്തിലകപ്പെടുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

വനിത കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റെടുക്കാനുണ്ടായ സാഹചര്യങ്ങള്‍, കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങളോടുള്ള സമീപനങ്ങള്‍ എന്നിവയെപ്പറ്റി
മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിക്കുകയാണ് പി. സതീദേവി. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം. 

പാര്‍ട്ടിയുടെ ഭാഗമായി നിരവധി ചുമതലകള്‍ വഹിച്ച വ്യക്തിയാണ്. ലോക്സഭാംഗമായിരുന്നു. പുതിയ ചുമതലയെ എങ്ങനെ നോക്കിക്കാണാനാണ് ആഗ്രഹിക്കുന്നത്?

പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതുവരെ ഇടപെട്ടിട്ടുള്ളതെല്ലാം സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ്. അതിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. 25 വര്‍ഷത്തോളം അഭിഭാഷകയായിരുന്നു. അവിടെയും സ്ത്രീകള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടിയും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ആ ഉത്തരവാദിത്തം ഇപ്പോള്‍ ഒരു അധികാരസ്ഥാനത്തിരുന്ന് ചെയ്യുന്നുവെന്ന് മാത്രം. 

അടുത്തിടെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കാണുന്നത്. വനിത കമ്മീഷന്‍ എന്നൊരു സംവിധാനം ഉണ്ടായിട്ടും അതിന് അറുതി വരുത്താന്‍ സാധിക്കാതെ പോകുന്നതിനെ എങ്ങനെ കാണുന്നു?

സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുണ്ടാക്കാനും അവര്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും സമൂഹത്തില്‍ ജീവിക്കാനും ഉതകുന്ന വിധത്തിലാണ് നമ്മുടെ നിയമങ്ങളെല്ലാം. വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പ്രവൃത്തി കൊണ്ടോ പോലും ഒരു സ്ത്രീയുടെ അന്തസിന് കോട്ടം തട്ടിക്കൂട എന്ന് അനുശാസിക്കുന്ന നിയമമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. 1980-കള്‍ക്കിപ്പുറം അതിനെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നിയമ ഭേദഗതികളും കൊണ്ടുവന്നു. ഇത്തരം നിയമങ്ങള്‍ വന്നിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 

രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവമാണ് ഡല്‍ഹി കൂട്ടബലാത്സംഗം. ഇന്ത്യയ്ക്കാകെ അപമാനം വരുത്തി വെച്ചതായിരുന്നു അത്. തുടര്‍ന്ന് ജസ്റ്റിസ് വര്‍മയുടെ നേതൃത്വത്തില്‍ നിയോഗിച്ച കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നടപടികളുണ്ടായി. അതിന് ശേഷവും വലിയ രൂപത്തില്‍ പീഡനങ്ങള്‍ വര്‍ധിച്ച് വരികയാണ്. സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. നിയമങ്ങളുടെ അപര്യാപ്തതയല്ല, അവ നടപ്പിലാക്കാന്‍ സാധിക്കാത്ത തരത്തില്‍ ഒട്ടേറെ സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. 

നിയമം നടപ്പാക്കാൻ നിയുക്തരായ ഏജന്‍സികള്‍ പോലും ഇവിടെ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ സാമൂഹ്യ സാഹചര്യങ്ങളുടെ സ്വാധീനത്തിലകപ്പെടുന്നു. നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് കൊടുക്കുന്നതിന് ഏറ്റവും ശക്തമാകേണ്ടത് പോലീസാണ്. പലപ്പോഴും പോലീസില്‍നിന്ന് നീതി കിട്ടുന്നില്ലെന്ന ആക്ഷേപം കേരളത്തിലുള്‍പ്പെടെ ഉയര്‍ന്നുവരാറുണ്ട്. സ്ത്രീ എല്ലാം നിശബ്ദയായി സഹിക്കേണ്ടവളാണെന്നുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് പലപ്പോഴും പെരുമാറ്റമുണ്ടാകാറുണ്ട്. എന്തിനേറെ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുപോലും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഇങ്ങനെ സ്ത്രീവിരുദ്ധമായ ഒരു സമൂഹമാണ് ചുറ്റുമുള്ളത്. അപ്പോള്‍ നിയമങ്ങള്‍ ശക്തമാകുന്നതിനോടൊപ്പം അത് പ്രയോഗത്തില്‍ വരുത്തുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ശക്തമാകേണ്ടതുണ്ട്. അതിനുള്ള ഇടപെടലാണ് ഇന്ന് നമുക്ക് അത്യന്താപേക്ഷിതമായിട്ടുള്ളത്.

പ്രണയം നിരസിച്ചതിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കമ്മീഷന്റെ ഭാഗത്തുനിന്ന് എന്ത് ചെയ്യാന്‍ സാധിക്കും?

ഇത്തരത്തിലുള്ള ചിന്താഗതി നിലനില്‍ക്കുന്നതിന് കാരണം പുരുഷ മേധാവിത്ത സമൂഹത്തിന്റെ ഭാഗമായാണ്. ഒരു പക്ഷേ ആണധികാര ഭീകരത എന്ന് വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ് സമീപ കാലങ്ങളില്‍ നടക്കുന്നത്. ആണധികാരത്തിന്റെ ഭീകരമായിട്ടുള്ള പ്രകടിതരൂപമായിട്ടാണ് പ്രണയം നിരസിച്ചതിന്റെ പേരിലുള്ള കൊലപാതകങ്ങളെ കാണാന്‍ സാധിക്കു. യഥാര്‍ഥത്തിലതിനെ പ്രണയമെന്നുപോലും പറയാന്‍ സാധിക്കില്ല. തികച്ചും ഏകപക്ഷീയമായി ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ ആ പെണ്‍കുട്ടി തന്റെ ഇംഗിതത്തിന് വശംവദയായി, തന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കണമെന്നുള്ള സ്വാര്‍ഥചിന്തയുടെ ഭാഗമായിട്ടാണ്. അതിനെ പ്രണയമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. 

പ്രണയമെന്നത് പരസ്പര വിശ്വാസത്തോടെയും പരസ്പര ധാരണയോടെയും രണ്ട് വ്യക്തികള്‍ എത്തിച്ചേരുന്ന ഉദാത്തമായ ഒരു വികാരമാണെന്നിരിക്കെ അതൊന്നുമല്ല ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  അവിടെയും ആണധികാരത്തിന്റെ, ബലപ്രയോഗത്തിന്റെ, സ്വാര്‍ഥചിന്തയുടെ, മേല്‍ക്കോയമയുടെ ഒക്കെ വശങ്ങളാണ് ഇപ്പോള്‍ പ്രകടിതമാകുന്നത്. മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്ത ചിന്തയുടെ പ്രതിഫലനം തന്നെയാണ് ഇതൊക്കെ. 

ചെറിയ പ്രായത്തില്‍ തന്നെ ആണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നത് താനാണ് മേധാവി എന്ന നിലയിലാണ്. ആണ്‍കുട്ടികള്‍ക്ക് പ്രത്യേകമായ പദവിയുണ്ടെന്ന ധാരണയുണ്ടാക്കിക്കൊടുക്കുന്ന രീതിയിലാണ് അവരെ വളര്‍ത്തിയെടുക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വീടിനകത്തുതന്നെ ഒതുക്കി നിര്‍ത്താന്‍ അമ്മമാരുടെ ഭാഗത്തുനിന്നു പോലും ശ്രമങ്ങളുണ്ടാകുന്നു. മറ്റൊരു വീട്ടിലേക്ക് പോകേണ്ടതാണ്, മറ്റൊരു അടുക്കളയിലേക്ക് പോകേണ്ടതാണ് എന്നുള്ള രീതിയില്‍ പെണ്‍കുട്ടികളെ അതിനായി പാകപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഗാര്‍ഹിക ജോലികള്‍ മുഴുവന്‍ പെണ്‍കുട്ടികളുടെ ചുമതലയാക്കി മറ്റൊരു വീട്ടിലേക്ക് പോകാന്‍ പാകപ്പെടുത്തിയെടുക്കുന്നതിന് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നു. വീടിന് തൊട്ടടുത്തുള്ള മൈതാനത്ത് കായിക വിനോദങ്ങളിലേര്‍പ്പെടാന്‍ ആണ്‍കുട്ടിയെ അനുവദിക്കുന്ന അമ്മ അതേവീട്ടിലെ പെണ്‍കുട്ടിയെ വീടിന്റെ അകത്തളത്തില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നു.  

വര്‍ധിച്ച് വരുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളെ പുറംലോകത്തേക്ക് വിടാന്‍ ഭയപ്പാടുണ്ടാകുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രമല്ല, ഇങ്ങനെ ആയിരിക്കണം പെണ്‍കുട്ടി വളരേണ്ടത് എന്നാണ് ചിന്തിക്കുന്നത്. ഉത്തമയായിട്ടുള്ള പെണ്‍കുട്ടി ഇങ്ങനെ ആയിരിക്കണമെന്നാണ് സ്ത്രീസങ്കല്‍പം. തെറ്റായിട്ടുള്ള ഒരു കാര്യത്തെ അത് തെറ്റാണെന്ന് ആര്‍ജവത്തോടെ പറയുന്ന ഒരു സ്ത്രീയെ സമൂഹം അംഗീകരിക്കില്ല. തന്റേടക്കാരിയെന്ന പേരിട്ട് അവഗണിക്കും. തന്റേടം എന്നാല്‍ തന്റെ ഇടം അത് പെണ്‍കുട്ടികള്‍ക്ക് പറ്റാത്തതാണ്. തന്റേടത്തോടുകൂടി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ അംഗീകരിക്കുന്ന മാനസികാവസ്ഥയല്ല  സ്ത്രീകള്‍ സര്‍വംസഹയായി കഴിയണം എന്ന മാനസികാവസ്ഥയാണ് ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളുടെ മനസിലേക്ക് ഇട്ടുകൊടുക്കുന്നത്. 

അപ്പോള്‍ തനിക്ക് എന്തൊക്കെയൊ പരിമിതികളുണ്ട്, ആണ്‍കുട്ടികളുടെ അത്ര സ്വാതന്ത്ര്യമില്ല, പുറത്ത് പോയി ജീവിക്കാനാകില്ല, പൊതുഇടങ്ങളില്‍ പരസ്യമായി പോകാന്‍ പാടില്ല എന്നൊക്കെയുള്ള തെറ്റായിട്ടുള്ള വളരെ വികലമായിട്ടുള്ള ധാരണകള്‍ പെണ്‍കുട്ടികളുടെ മനസിലുണ്ടാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി പത്ത് പന്ത്രണ്ട് വയസൊക്കെ ആകുമ്പോഴേക്കും നല്ല കഴിവുള്ള പെണ്‍കുട്ടികള്‍ പോലും സ്വയം ഉള്‍വലിയാന്‍ തുടങ്ങും. തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആത്മവിശ്വാസമില്ലാത്തവളായി മാറുന്നു. 

വളര്‍ന്നുവന്നാല്‍ തങ്ങള്‍ക്ക് ഒരു താങ്ങും തണലുമായി മാറുമെന്ന തരത്തിലാണ് ആണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതിനാല്‍ ഈയൊരു സാഹചര്യം ചെറിയ പ്രായത്തില്‍ തന്നെ വീടിനകത്തുനിന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ തുല്യമായിട്ടുള്ള മനോഭാവത്തോടെ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ കുറെ മാറ്റങ്ങളുണ്ടാകും. അതിന് രക്ഷിതാക്കളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം. പെണ്‍കുട്ടികളുടെ മനോഭാവത്തിലും മാറ്റമുണ്ടാകണം. 

sathidevi
പി. സതീദേവി | ഫോട്ടോ: ബിജു വര്‍ഗീസ്‌

ഇപ്പോള്‍ പുതിയ തലമുറ മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇടിച്ചുനില്‍ക്കാനവര്‍ക്ക് സാധിക്കുന്നില്ല. നിര്‍ണായകഘട്ടം വരുമ്പോള്‍ അഭിപ്രായങ്ങള്‍ പറയാനോ സ്വന്തം തീരുമാനങ്ങള്‍ എടുക്കാനോ എന്ത് പഠിക്കണം, എപ്പോള്‍ വിവാഹം കഴിക്കണം, ആരെ വിവാഹം കഴിക്കണം, തന്റെ ജീവിതമെന്തായിരിക്കണം എന്നൊക്കെ പറയാനുള്ള അവകാശം പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അതിന്റെ ഭാഗമായുണ്ടാകുന്ന ആത്മവിശ്വാസക്കുറവ് ആ പെണ്‍കുട്ടിയുടെ ജീവിതത്തെ സാരമായി ബാധിക്കും. അതിനാല്‍ ഇത്തരത്തിലുള്ള വിവേചനം വീടിന്റെ അകത്തളത്തില്‍നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്. 

സ്ത്രീധനപീഡനങ്ങള്‍, പ്രണയത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഇതൊക്കെ പുരുഷ മേധാവിത്ത സമൂഹത്തിന്റെ ഉപോത്പന്നങ്ങളാണ്. പക്ഷേ പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന കേരളസമൂഹത്തില്‍ പോലും അതിന് കുറവില്ലായെന്നത് ആശങ്കപ്പെടുത്തുന്ന ഒന്നല്ലേ? 

കാലാകാലങ്ങളായിട്ട്, ഒരു പക്ഷേ നൂറ്റാണ്ടുകളായിട്ട് നിലനില്‍ക്കുന്ന വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മതപരമായ ചിട്ടവട്ടങ്ങളുടെയും ഒക്കെ ഭാഗമായിട്ടുണ്ടായ ഒരു മാനസികാവസ്ഥയാണിത്. അതിനെ തട്ടിമാറ്റി മുന്നോട്ടു വരുന്നതിന് ഇനിയും ഇടപെടല്‍ ആവശ്യമാണ്. ശാസ്ത്രം വളരെയധികം പുരോഗമിച്ച ഒരു സാഹചര്യമുണ്ടായിട്ടും ശാസ്ത്രീയമായിട്ട് ചിന്തിക്കാനുള്ള മാനസികാവസ്ഥ വരുന്നില്ലല്ലോ. തികച്ചും യുക്തിരഹിതമായിട്ടുള്ള അശാസ്ത്രീയമായിട്ടുള്ള കാര്യങ്ങളാണ് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരേപ്പോലും കീഴ്‌പ്പെടുത്തുന്നത്. 

അത്തരമൊരു സാഹചര്യത്തിന് മാറ്റമുണ്ടാക്കിയെടുക്കാന്‍ ആവശ്യമായ ഇടപെടല്‍ എല്ലാ തലങ്ങളിലും വേണം. വീടിന്റെ അകത്തളങ്ങളില്‍ മാത്രമല്ല സാമൂഹ്യമായ ഇടങ്ങളിലും ഇടപെടല്‍ വേണം. ത്രിതല പഞ്ചായത്തുകളോട് ചേര്‍ന്ന് ബോധവത്കരണം നടത്താനുള്ള സംവിധാനം ഇന്ന് വനിത കമ്മീഷന്റെ നിര്‍ദേശപ്രകാരം നിലവിലുണ്ട്. ജാഗ്രതാ സമിതികള്‍. ഇതിലൂടെ നല്ല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയണം. രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നല്‍കണം. വിദ്യാലയങ്ങളില്‍ വെച്ച് സാമൂഹ്യ ജീവിയായി പ്രതിബദ്ധതയുള്ളവരായിട്ട് പ്രതികരണ ശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടാകണം. 

ഇപ്പോള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. അംഗനവാടിയില്‍ കുട്ടികളെ പഠിപ്പിക്കുന്നത്, അമ്മ കാച്ചിയ പാല്‍ തരും അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കും എന്നിങ്ങനെയാണ്. കുഞ്ഞുകുട്ടികള്‍ക്ക് പോലും പകര്‍ന്നുനല്‍കുന്നത് സ്ത്രിയോട് വിവേചനപരമായ കാര്യങ്ങളാണ്. ഇതിലൊക്കെ മാറ്റമുണ്ടാക്കാനുള്ള തുടക്കം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലും അത് അനിവാര്യമാണ്. 

കൗമാരക്കാരായിട്ടുള്ള കുട്ടികളുടെ പ്രണയമാണിപ്പോള്‍. 18 വയസായിക്കഴിഞ്ഞാല്‍ രക്ഷപ്പെട്ടുവെന്നാണ്. പെണ്‍കുട്ടികള്‍ക്ക് 18 വയസ് വിവാഹപ്രായമായി നിശ്ചയിച്ചിട്ടുണ്ട് എന്നതുകൊണ്ട് 18 വയസാകുമ്പോള്‍ തന്നെ വിവാഹം കഴിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. 18 വയസായി നിശ്ചിച്ചത് തന്നെ വര്‍ഷങ്ങളായി നടന്ന നിയമ ഭേദഗതികളിലൂടെയാണ്. ശൈശവ വിവാഹം നടമാടിയിരുന്ന കാലത്താണ് ഇത് കൊണ്ടുവന്നത്. 18 വയസായി എന്നതുകൊണ്ട് പക്വത വന്നുവെന്ന് പറയാന്‍ കഴിയില്ല. വിവാഹത്തേപ്പറ്റി ചിന്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. 

പണ്ടുകാലത്ത് അറിയാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ പോലും ചെറിയപ്രായത്തില്‍ തന്നെ ഇന്ന് കുട്ടികള്‍ക്ക് എങ്ങനെയൊക്കെയോ ലഭിക്കുകയാണ്. അവ ശരിയായിട്ടുള്ള അറിവുകളായിരിക്കണമെന്നില്ല. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന അറിവുകള്‍ പലപപ്പോഴും അശാസ്ത്രീയമായ വിവരങ്ങളാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. അപ്പോള്‍ ശരിയായ ശാസ്ത്രീയമായ അറിവുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിയെടുക്കാനും ഉന്നത വിദ്യാഭ്യാസത്തിലുള്‍പ്പെടെ ലൈംഗിക വിദ്യാഭ്യാസം നല്ല രീതിയില്‍ നടത്താനുതകുന്ന രീതിയിലുള്ള ഇടപെടല്‍ വേണം. 

ലൈംഗിക വിദ്യാഭ്യാസമെന്ന് പറയുമ്പോള്‍ തന്നെ നെറ്റിചുളിക്കുന്നവരുണ്ട്. പക്ഷേ അത് അനിവാര്യമാണെന്ന് രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയണം. 

ലോക്ക്ഡൗണ്‍ കാലത്ത് വല്ലാതെ പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുറംലോകവുമായി ബന്ധപ്പെടാതിരിക്കുന്ന സമയത്ത് അധമ ചിന്തകളും വാസനകളും പുറത്തുവരികയാണ്. അത് മാറ്റിയെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ഇടപഴകല്‍ സാധ്യമാക്കുന്ന പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ വേണമെന്നാണ് എനിക്ക് തോന്നുന്നത്. 

അടുത്തിടെ വീണ്ടും ഉയര്‍ന്നു വന്ന ഒന്നാണ് ലൗ ജിഹാദ് എന്ന പദം. അതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ്. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നതുപോലെ ആരെ ജീവിത പങ്കാളിയാക്കണം എന്ന തിരഞ്ഞെടുക്കലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായി മാറുന്നു. പ്രണയം, മതം, തീവ്രവാദം ഇതിലെല്ലാം പെണ്‍കുട്ടികളെ ഇരകളാക്കാനോ കണ്ണിയാക്കാനോ വ്യഗ്രതപ്പെടുന്ന സമൂഹത്തിനോട് എന്താണ് പറയാനുള്ളത്?

വളരെ ഉദാത്തമായിട്ടുള്ള മാനവീകതയുടെ ആശയങ്ങള്‍ നമുക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അത് തീര്‍ച്ചയായിട്ടും ഏറ്റെടുക്കാന്‍ കഴിയുന്നത് യുവതലമുറയാണ്. പരസ്പര സ്നേഹത്തിന്റെയും ധാരണയുടെയും പരസ്പര സഹകരണത്തിന്റെയും ഒക്കെ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ കഴിയത്തക്ക വിധത്തില്‍. അത് വിവാഹ ബന്ധത്തിലുള്‍പ്പെടെ സാധ്യമാക്കുന്നതിന് വേണ്ടി അന്യോന്യം അംഗീകരിക്കുന്നതിന് വേണ്ടി. അവിടെയാണ് വീടിന്റെ അകത്തളത്തിലെ ജനാധിപത്യത്തെക്കുറിച്ച് പറയേണ്ടത്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും അത് വിനീത വിധേയമായി അംഗീകരിക്കുകയും ചെയ്യുമ്പോഴല്ല പരസ്പര ധാരണയോടെ ജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അനിവാര്യത ഇങ്ങനെയുള്ള സമൂഹത്തിന് മാത്രമേ പുരോഗതി പ്രാപിക്കാനാകു. ജനാധിപത്യപരമാണെന്ന് പറയാന്‍ സാധിക്കൂ. അത്തരത്തിലുള്ള ഇടപെടല്‍ വിദ്യാഭ്യാസ മേഖലയുടെയും സാംസ്്കാരിക മേഖലയുടെയും ഭാഗത്തുനിന്നുണ്ടാകണം. 

മതത്തിന്റെ ചട്ടക്കൂടുകള്‍ക്കകത്ത് മനുഷ്യന്റെ ചിന്താശേഷിയെ തളച്ചിടുന്നതിനിടയാക്കുന്ന എല്ലാ പ്രവണതകളെയും എതിര്‍ക്കുന്നതിന് വേണ്ടി കഴിയണം. മതവിശ്വാസമാകാം, എന്നാല്‍ മതാചാരങ്ങള്‍ക്കനുസരിച്ചല്ല ഉദാത്തമായ മാനവിക സ്നേഹത്തിന്റെ ആശയത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവകാശവും കൊടുക്കണം. അതാണ് നമ്മുടെ ഭരണഘടന തന്നെ വിഭാവനം ചെയ്യുന്നത്. അതിന് വേണ്ടിയുള്ള ഇടപെടലാണ് വേണ്ടത്. ഭരണ- രാഷ്ട്രീയ നേതൃത്വങ്ങള്‍ ആ രീതിയിലുള്ള സമൂഹം സൃഷ്ടിക്കുന്നതിന് വേണ്ടി പ്രയത്നിക്കണം. 

വീടിന് പുറത്തും അകത്തും സ്ത്രീകള്‍ക്ക് നേരെ സംഭവിക്കുന്ന അതിക്രമങ്ങളിലിടപെടാനുള്ള സംവിധാനം കേരളത്തിലുണ്ട്. പക്ഷേ സംസ്ഥാനത്ത് യുവാക്കളിലും കൗമാരക്കാരുമായ ആണ്‍കുട്ടികളില്‍ കണ്ടുവരുന്ന അപകടകരമായ സ്വഭാവ വ്യതിയാനത്തെ എങ്ങനെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത് ?

വനിതകള്‍ക്ക് വേണ്ടിയുള്ള ഈ സംവിധാനങ്ങള്‍ ഉണ്ടായത് തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ്. ഈ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വരുന്നത്. തുല്യനീതി ലഭിക്കുന്ന ഒരു അവസ്ഥയില്‍ ഇതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ല. ഇവിടെ സ്ത്രീകള്‍ക്ക് തുല്യനീതി ലഭിക്കുന്നില്ല. സമത്വപൂര്‍ണമായ അവസ്ഥയില്ല. വലിയരൂപത്തിലുള്ള വിവേചനങ്ങളുണ്ടാകുന്നു. ചൂഷണങ്ങള്‍ നടക്കുന്നു. അവിടെയാണ് സംരക്ഷണത്തിന്റെ ആവശ്യം ഉയര്‍ന്നുവരുന്നത്. ഭരണഘടനാനുസൃതമാണ് ആ സംരക്ഷണം. തുല്യാവകാശം ഭരണഘടനയില്‍ പറയുമ്പോഴും ചിലര്‍ക്ക് സംവരണം നല്‍കേണ്ടി വരുന്നതെന്തുകൊണ്ടാണ്. നിയമത്തിലുള്ളതുകൊണ്ട് മാത്രം തുല്യത ഉറപ്പാകില്ല. 

അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കൂടുതല്‍ കൂടുതല്‍ സംവിധാനങ്ങള്‍ വേണ്ടിവരികയാണ്. എല്ലാവരും അതിക്രമങ്ങള്‍ നടത്തുന്നുവെന്ന് പറയാന്‍ സാധിക്കില്ല. നാട്ടില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകളില്‍ മിക്കതിലും സ്ത്രീകള്‍ തന്നെ പ്രതികളാകുന്ന അവസ്ഥയുണ്ട്. പുരുഷനാണ് മുഴുവന്‍ കേസിലും കുറ്റവാളിയെന്ന് പറയാന്‍ സാധിക്കില്ല. സ്ത്രീധന പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതില്‍ അധികവും സ്ത്രീകള്‍ തന്നെയാണ്. 

sathidevi
പി.സതീദേവി|ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ (ഫയല്‍ ചിത്രം)

ലാഭേച്ഛ നിലനില്‍ക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വിവാഹത്തെ കച്ചവടമായി കാണുകയാണ്. അതിന്റെ ഇരകളായി മനുഷ്യര്‍ മാറുന്നു. അതിന്റെ ഭാഗമായാണ് മകനെ വിവാഹം കഴിക്കുമ്പോള്‍ ഇത്ര കിട്ടണമെന്ന് പറയുന്നതും അത് കിട്ടിയില്ലെങ്കില്‍ പീഡനം ഉണ്ടാകുന്നതും. ഇത്തരം കേസുകളില്‍ അധികവും സ്ത്രീകള്‍ തന്നെയാണ് ശിക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് പുരുഷനെതിരാണ് നിയമം എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ നിലനില്‍ക്കുന്ന സാമൂഹ്യ ചുറ്റുപാടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമായി വരുമ്പോഴാണ് അത്തരത്തിലുള്ള നിയമങ്ങളുണ്ടായി വരുന്നത്. സമൂഹത്തില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ്. അതിക്രമങ്ങള്‍ കാട്ടുന്ന പുരുഷന്മാര്‍ക്ക് ഒരു ചികിത്സ ആവശ്യമാണ്. കൗണ്‍സിലിങ് ആവശ്യമായ കേസുകളില്‍ അത് വേണ്ടിവരും. 

പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ വരാനുണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാം. വനിതാകമ്മീഷന്‍ പോലൊരു സുപ്രധാന സ്ഥാനത്തിരിക്കെ ജോസഫൈന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങളാവുകയും ചെയ്തു, അതേപ്പറ്റി എന്താണ് അഭിപ്രായം?

കേരളത്തിലെ വനിതാ കമ്മീഷന്‍ ഒട്ടനവധി നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ചെറിയ പ്രശ്നമുയര്‍ന്നുവന്നപ്പോള്‍ അതിനെ ചൂണ്ടി വല്ലാതെ ഇകഴ്ത്തിക്കാണിക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഏറ്റവും നല്ല രൂപത്തില്‍ കേരളത്തിലെ വനിതാ കമ്മീഷന്‍ ഈ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊറോണ കാലത്ത് സ്ത്രീപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഏറ്റവും കൂടുതല്‍ ഇടപെടല്‍ കമ്മീഷന്‍ നടത്തിയിട്ടുണ്ട്. 25,000 കേസുകളില്‍ കഴിഞ്ഞ വര്‍ഷം തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. ധാരാളം നല്ല നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. മാധ്യമമേഖലയിലടക്കം മാര്‍ഗരേഖയുണ്ടാക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിവാഹ ധൂര്‍ത്തുമായി ബന്ധപ്പെട്ടിട്ടുള്ള നിയമ നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അങ്ങനെ ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സദുദ്ദേശത്തോടെ പറഞ്ഞ കാര്യത്തെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ആക്കാനുള്ള പ്രചാരണമാണ് നടന്നത്. 

വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി എന്നത് സുഗതകുമാരിയേപ്പോലെയുള്ളവര്‍ ഇരുന്ന സ്ഥാനമാണ്. ഇത്തരം പദവികളിലേക്ക് രാഷ്ട്രീയ രംഗത്തിന് പുറത്തുള്ളവരെ പരിഗണിക്കണമെന്ന വാദം മുന്നോട്ടുവെക്കുന്നുണ്ട്. പ്രത്യേകിച്ച് മുമ്പുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍?

രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തോ അതാണ് രാഷ്ട്രീയം. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്നവരാകണം ഓരോ വ്യക്തിയും എന്നതാണ് എന്റെ കാഴ്ചപ്പാട്. ഏത് മേഖലയില്‍ ഉള്ളവരാണെങ്കിലും ജീവിക്കുന്ന സമൂഹത്തേപ്പറ്റിയുള്ള കൃത്യമായ ധാരണയുണ്ടായിരിക്കണം. രാഷ്ട്രീയക്കാരെന്ന് പറയുമ്പോള്‍ എന്തോ മോശക്കാരാണെന്നുള്ള ധ്വനിയിലാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീപക്ഷ രാഷ്ട്രീയമുയര്‍ത്തുന്നവരാണ് ഞങ്ങള്‍.  മതസൗഹാര്‍ദ്ദത്തിന്റെ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്നവരാണ്. ആ രാഷ്ട്രീയം വെച്ചുകൊണ്ട് തന്നെ അതിന്റെ ഭാഗമായിട്ടുതന്നെ സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ട് കമ്മീഷന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. രാഷ്ട്രീയ വീക്ഷണമുണ്ടെന്ന് കരുതി ഏതെങ്കിലുമൊരു കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം. എല്ലാ വ്യക്തികളും വ്യക്തമായ രാഷ്ട്രീയ വീക്ഷണം വെച്ചുപുലര്‍ത്തണമെന്ന അഭിപ്രായക്കാരിയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മകള്‍ക്കെതിരായി പ്രതികരിക്കാനുള്ള ആര്‍ജവം ലഭിക്കുന്നത് ഈ രാഷ്ട്രീയ ബോധത്തില്‍ നിന്നാണ്. അത് നിലനിന്നാല്‍ മാത്രമേ മനുഷ്യരുണ്ടാവുകയുള്ളു. അതിനാല്‍ സമൂഹത്തിലെ എല്ലാതരത്തിലുമുള്ള തിന്മകള്‍ക്കെതിരെ പ്രതികരിക്കാനും ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രികള്‍ക്ക് നീതി ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാലമത്രയും നടന്നിട്ടുള്ളത്. അത് ഈ സ്ഥാനത്തിരുന്ന് ഏറ്റവും നല്ല രീതിയില്‍ തുടരാനാകുമെന്നുള്ള ആത്മവിശ്വാസം എന്നെ സംബന്ധിച്ചുണ്ട്.

Content Highlights: Interview with Kerala Women's Commission chairperson P. Sathidevi, Women