ക്സിഡന്റൽ ഐ.എ.എസ്. അല്ല ദേവികുളം സബ്കളക്ടറായ ഡോ. രേണുരാജ്. എം.ബി.ബി.എസ്. കഴിഞ്ഞിട്ടും അവർ സ്വയം നിശ്ചയിച്ച്.എ.എസിന്റെ വഴിയിലൂടെ സഞ്ചരിക്കുകയും ഉയർന്ന വിജയത്തോടെ അത് സാക്ഷാത്കരിക്കുകയും ചെയ്തു. തൃശ്ശൂരിലും പിന്നീട് ദേവികുളത്തുമെത്തി. ദേവികുളത്തെ നിയമനം എന്നും യുവ സബ്കളക്ടർമാർക്ക് ഒരു ആസിഡ് ടെസ്റ്റാണ്. കൈയേറ്റ ഭൂമാഫിയയോട് പോരടിച്ചുവേണം ഇവിടെ നിൽക്കാൻ. ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ, ഇപ്പോൾ ഡോ. രേണുരാജ്. രേണുരാജിനെയും െെകയേറ്റ വേന്ദ്രന്മാർ വെറുതേ വിട്ടില്ല.  പക്ഷേ, അവർ അസാമാന്യധൈര്യത്തോടെ ചെറുത്തുനിന്നു. പ്രളയം സഹിച്ച കേരളം അവർക്കൊപ്പം നിന്നു. തന്റെ വഴികളെപ്പറ്റിയും ബോധ്യങ്ങളെപ്പറ്റിയും ഡോ. രേണുരാജ് സംസാരിക്കുന്നു.

വളരെ കഷ്ടപ്പെട്ട് മെഡിസിനെടുത്തു. അതുവിട്ട് സിവിൽ സർവീസിലേക്ക്‌ വന്നതിന്റെ കാരണം...

 ചെറുപ്പം മുതൽ താത്‌പര്യം ഐ.എ.എസ്. ഓഫീസറാകണമെന്നായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു ഐ.എ.എസ്. ഓഫീസറുമായി സംസാരിക്കണമെന്ന് ഞാൻ വാശി പിടിച്ചു. അച്ഛൻ എന്നെ കോട്ടയം കളക്ടർ മിനി ആന്റണിയുടെ അടുത്തേക്ക് കൊണ്ടുപോയി. അവർ എന്റെ എല്ലാ സംശയങ്ങളും ക്ഷമയോടെ കേട്ടു. വലുതാകുമ്പോൾ ഐ.എ.എസ്. കിട്ടട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അന്ന് കിട്ടിയ ഊർജം വളരെ വലുതായിരുന്നു. ഈയിടെ ‘ഉദാഹരണം സുജാത’ എന്ന സിനിമ കണ്ടപ്പോൾ പഴയ സംഭവം ഞാനോർത്തു. ‘ഏത് കോളേജിലാണ് കളക്ടറാകാൻ പഠിക്കേണ്ടത്?’ എന്ന് ചോദിച്ച് ജില്ലാകളക്ടറെ കാണാൻ ചെല്ലുന്ന മഞ്ജുവാര്യർ എന്നെ പഴയകാലത്തേക്ക് കൊണ്ടുപോയി. യാദൃച്ഛികമായി വൈദ്യവൃത്തിയിലേക്ക് എത്തിപ്പെട്ടെങ്കിലും പിന്നീട് ഞാനെന്റെ സ്വപ്നം തിരിച്ചുപിടിക്കുകയായിരുന്നു.

 വൈദ്യവൃത്തിയെക്കാൾ മികച്ചതാണ് സിവിൽ സർവീസെന്നാണോ പറയുന്നത്...

 കോട്ടയം മെഡിക്കൽകോളേജിൽ മെഡിസിന് ചേർന്നപ്പോൾ അതുമായി പൊരുത്തപ്പെടാൻ ആദ്യം ബുദ്ധിമുട്ടി. പിന്നെയിഷ്ടമായി. എങ്കിലും ഇതല്ല എന്റെ മേഖലയെന്ന്്് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീടുണ്ടായ ഒരു യാദൃച്ഛികസംഭവം എന്റെ മനസ്സിളക്കി. മെഡിക്കൽകോളേജിൽ ഒരു രോഗിയുടെ മേൽ, കറങ്ങിക്കൊണ്ടിരുന്ന ഫാൻ ഊരിവീണു. രോഗിയുടെ കാലൊടിഞ്ഞു. നല്ല പരിക്കുംപറ്റി. ഇത്തരം സംഭവങ്ങൾ മേലിലെങ്കിലും തടയാൻ എന്ത് ചെയ്യാനാകുമെന്ന് ഞാൻ അന്വേഷിച്ചു. പക്ഷേ, ഒന്നുംചെയ്യാൻ പറ്റിയില്ല. ഫാൻ വീണ് കാലൊടിയുന്ന രോഗിക്ക് പ്ലാസ്റ്ററിടാനേ എനിക്ക് കഴിയൂ എന്ന് മനസ്സിലായി. ഫാൻ വീഴുന്നത് തടയണമെങ്കിൽ ഞാൻ ഡോക്ടറായാൽ പോരാ. ആ ചിന്തയിൽ നിന്ന് സിവിൽ സർവീസ് മോഹം വീണ്ടും ഉണർന്നു.

 മെഡിസിൻ പഠനവും സിവിൽ സർവീസും. വല്ലാതെ ബുദ്ധിമുട്ടിയോ...

 ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പക്ഷേ, അത് സാമ്പത്തികമായിരുന്നില്ല. ജീവിത സാഹചര്യങ്ങളോട് പടവെട്ടി സിവിൽ സർവീസ് നേടിയ ഒരാൾ എന്ന നിലയിൽ എന്നെ പലയിടത്തും ചിത്രീകരിച്ചുകണ്ടു. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾതന്നെ എന്റെ അച്ഛൻ കെ.എസ്.ആർ.ടി.സി. ചെക്കിങ് ഇൻസ്പെക്ടറായിരുന്നു. പണക്കാരൊന്നുമല്ലെങ്കിലും എനിക്കും അനിയത്തിക്കും പഠിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

 ദേവികുളത്തിനുമുമ്പ് തൃശ്ശൂരിലെ സബ് കളക്ടറായിരുന്നല്ലോ. അവിടെ വളരെയധികം പുകഴ്ത്തപ്പെട്ട പേരായിരുന്നു രേണുരാജിന്റെത്...

 തൃശ്ശൂരിലെ ഒരു വർഷക്കാലം വളരെയധികം കളർഫുളായിരുന്നു. പരാതിയൊന്നുമില്ലാതെ തൃശ്ശൂർപൂരം നടത്തി. കുട്ടികളിലൊരാളായി നിന്നുകൊണ്ട് സംസ്ഥാനകലോത്സവം ആഘോഷിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായി നേതൃത്വം നൽകി. പക്ഷേ, അവിടെയും കഠിനമായ ചില നടപടികൾ എടുക്കേണ്ടിവന്നു. ഒരിക്കൽ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ നിന്ന് ഒരു അജ്ഞാതഫോൺകോൾ. അവിെടയടുത്ത് വാഴക്കോട്ടുള്ള അനധികൃത ക്വാറി നാട്ടുകാർക്ക് ഭീഷണിയാകുന്നു എന്നായിരുന്നു പരാതി. ഒരുദിവസം പുലർച്ചെ നാലിന് ഞാനും സംഘവും അവിടേക്ക് പുറപ്പെട്ടു. വഴിക്കുവെച്ചുതന്നെ കരിങ്കല്ലുകളുമായി പോകുന്ന ലോറികൾ കണ്ടു. അതിന്റെ ഉറവിടം അന്വേഷിച്ചുപോയപ്പോൾ  ക്വാറിയിലെത്തി. പുലരുംമുമ്പുതന്നെ പാറപൊട്ടിക്കൽ തുടങ്ങിയിരുന്നു. അവിടെ കണക്കില്ലാതെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നു. ഏത് നിമിഷവും ഒരു ദുരന്തമുണ്ടാകാൻ സാധ്യത. ക്വാറിക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയപ്പോൾ സ്ഥലം എസ്.ഐ.യെ വിളിച്ച് ക്വാറി പൂട്ടിച്ചു.

 ക്വാറി ഭരണകക്ഷിയിലെ നേതാവായ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റേതാണെന്ന് അറിയാമായിരുന്നോ...

നിയമത്തിനുമുന്നിൽ ക്വാറി ഉടമയുടെ രാഷ്ട്രീയത്തിന് പ്രസക്തിയൊന്നുമില്ല. അതെന്തായാലും എനിക്കുനേരെ ഭീഷണിയൊന്നുമുണ്ടായില്ല. കേസൊതുക്കിത്തീർക്കാൻ കുറച്ച് സമ്മർദമൊക്കെയുണ്ടായി. അതിന് ഞാൻ വഴങ്ങിയതുമില്ല.

 എങ്ങനെ ഈ ധൈര്യം...

 ഞങ്ങൾ രണ്ടു പെൺകുട്ടികളായിരുന്നു. അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാനും സ്വന്തംകാലിൽ നിൽക്കാനും അച്ഛനുമമ്മയും പഠിപ്പിച്ചു. രാത്രി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻപോലും എനിക്ക് പേടിയില്ലായിരുന്നു. സിവിൽ സർവീസിന്റെ ഭാഗമായുള്ള മസൂറിയിലെ പരിശീലനവും കൂടുതൽ അത്മവിശ്വാസം നൽകി. സമ്മർദങ്ങൾ മറികടക്കാനും ഏത് സാഹചര്യവുമായും  പൊരുത്തപ്പെടാനും പഠിച്ചു. പത്തുദിവസത്തെ ഹിമാലയൻ ട്രക്കിങ്  മറക്കാൻ കഴിയില്ല. എന്റെ ബാച്ചിലെ കുറച്ചുപേരോടൊപ്പം ടെന്റുണ്ടാക്കി ഹിമാലയത്തിൽ താമസിച്ചു. ടോയ്‌ലറ്റ് സൗകര്യം പോലുമില്ല. എല്ലാത്തിനെയും അതിജീവിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ മനസ്സ് പാകപ്പെട്ടു. മൂന്നുമാസത്തെ ഭാരതദർശൻ യാത്ര ഏറെ അനുഭവങ്ങൾ തന്നു. ബസിലും ജീപ്പിലും ട്രക്കിലും മാറിമാറി അലഞ്ഞുതിരിഞ്ഞുള്ള യാത്രകൾ. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ദുരിതങ്ങൾ നേരിൽ കണ്ടറിയാനായി.

women

 ഇത്തരം അനുഭവങ്ങൾ വെറും കാഴ്ചകൾ മാത്രമായിരുന്നോ? അതോ മുന്നോടുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയായി മാറിയോ...

 പരിശീലനത്തിന്റെ ഭാഗമായി കേന്ദ്ര ആദിവാസികാര്യ മന്ത്രാലയത്തിൽ മൂന്ന് മാസം ജോലിചെയ്തു. മേഘാലയയിലും ഛത്തീസ്ഗഢിലെ  നക്സലൈറ്റ് പ്രദേശമായ ബസ്തറിലും പോകേണ്ടിവന്നു. ഇവിടെ സർക്കാരിന്റെ പദ്ധതികളൊന്നുംതന്നെ സാധാരണക്കാരിൽ എത്തുന്നില്ല. ആദിവാസികളുടെ അവസ്ഥയാണെങ്കിൽ അതിദയനീയം. ആർക്കും സർക്കാർ സംവിധാനങ്ങളിൽ വിശ്വാസമില്ല. നക്സലിസം വളരാൻ കാരണം വ്യക്തം. ഡോക്ടർ എന്ന നിലയിലുള്ള പരിചയം വെച്ച് ഞാനൊരു പ്രോജക്ട് ചെയ്തു. ആദിവാസിക്കുഞ്ഞുങ്ങൾക്ക് ശാരീരികവും മാനസികവുമായുള്ള വൈകല്യങ്ങൾ കൂടുതലാണ്. അത് കുഞ്ഞിലേതന്നെ കണ്ടെത്താനായി ഒരു പ്രത്യേക ചാർട്ടുണ്ടാക്കി. അത് അങ്കണവാടികൾ വഴി നടപ്പാക്കാനായി പ്രോജക്ട് സമർപ്പിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ പ്രോജക്ടിൽ എന്റെ ചാർട്ടും നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത് വലിയ സന്തോഷമാണ് നൽകിയത്.

 തൃശ്ശൂരിൽ വയോധികർക്കുവേണ്ടി നൂതനമായ ചില പദ്ധതികൾ ആവിഷ്കരിച്ചിരുന്നല്ലോ...

 തൃശ്ശൂർ ടൗണിൽ തന്നെയുള്ള ഒരു വൃദ്ധ സദനം. രാത്രിയിൽ രോഗികളായ വയോധികരെ പൂട്ടിയിട്ട് ഉടമസ്ഥർ മുങ്ങുന്നതായി പരാതി കിട്ടി. രണ്ടുലക്ഷം ഡൊണേഷനും പ്രതിമാസം 20,000 രൂപ ഫീസും നൽകിയാണ് ഇവിടെ പ്രവേശനം. ഞാനവിടെ മിന്നൽ പരിശോധന നടത്തി. ലൈസൻസില്ല, ഒരു രേഖയുമില്ല, രജിസ്റ്റർ പോലുമില്ല. വൈകീട്ട് നാലുമുതൽ രാവിലെ വരെ പ്രായമായവരെ ഇവിടെ പൂട്ടിയിടുകയാണ് പതിവ്. ഓർമക്കുറവും മറവിരോഗവുമുള്ള വയോധികർ ഇതിനുള്ളിൽക്കിടന്ന് നരകിക്കുന്നതായി കണ്ടെത്തി. ആ വൃദ്ധമന്ദിരം പൂട്ടിച്ചു. ഫോൺ നമ്പർ തപ്പിപ്പിടിച്ച് അന്തേവാസികളുടെ വീടുകളിലേക്ക് വിളിച്ചു. മക്കളുടെ കൂടെ അവരെ വീട്ടിലേക്ക് വിട്ടു. പ്രായമുള്ള അമ്മമാർ കണ്ണീരോടെ നന്ദി പറഞ്ഞപ്പോൾ എന്റെ മനസ്സും നിറഞ്ഞു. ഇതുകൂടാതെ കളക്ടറേറ്റിന്റെ താഴത്തെ നിലയിൽ വയോധികർക്കായി ഒരു പ്രശ്നപരിഹാര കേന്ദ്രം സജ്ജീകരിച്ചു.
ഉപേക്ഷിക്കപ്പെടുന്ന വയോധികരുടെ പരാതി പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് വൻവിജയമായി. പ്രതിമാസം നാൽപ്പതോളം കേസുകൾ ഇവിടെ പരിഹരിക്കപ്പെടുന്നുണ്ട്.

ഡോ. രേണുരാജ് ഐ.എ.എസ്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ്കളക്ടർ. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. ബിരുദം. ആദ്യ ശ്രമത്തിൽത്തന്നെ രണ്ടാംറാങ്കോടെ സിവിൽ സർവീസിലേക്ക്. 2015 ബാച്ച്. എറണാകുളം അസിസ്റ്റന്റ് കളക്ടർ, തൃശ്ശൂർ  സബ് കളക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നൃത്തവും വായനയും പെയ്ന്റിങ്ങും ഹോബിയാണ്. അച്ഛൻ എം.കെ. രാജകുമാരൻ നായർ, കെ.എസ്.ആർ.ടി.സി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായി വിരമിച്ചു. അമ്മ വി.എൻ. ലത വീട്ടമ്മയാണ്. അനുജത്തി ഡോ. രമ്യാരാജ്. 

 

‘ബുദ്ധിയില്ലാത്തവൾ’ എന്ന ജനപ്രതിനിധിയുടെ പരാമർശം വേദനിപ്പിച്ചോ...

 അതൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. ദേവികുളം നല്ലൊരു പാഠശാലയാണ്. കേരളത്തിലെ വേറൊരു ലോകം. ‘ബുദ്ധി’യുള്ള ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെയുണ്ട്. അവരുടെ ‘ബുദ്ധി’ ശരിക്കു മനസ്സിലാക്കാത്ത പാവപ്പെട്ട ജനതയും.

 അപ്പോൾ ഉദ്യോഗസ്ഥരാണോ ജനപ്രതിനിധികളാണോ കുഴപ്പക്കാർ...

  തമിഴ്‌നാടിനെ ഓർമിപ്പിക്കുന്ന സംസ്കാരമാണ് ഇവിടെ. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ആരാധിക്കാൻ ഒരു നേതാവ് വേണം. ജനപ്രതിനിധികൾ ആ സ്ഥാനത്തെത്തുന്നുണ്ട്. എന്നാൽ, അടച്ചിട്ട മുറിക്കുള്ളിലിരുന്നു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അവർ അറിയുന്നില്ല. പുറത്തിറങ്ങി ജനങ്ങളുമായി ഇടപഴകിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ.

 ‘ആരോടും ഒന്നിനോടും ഒരുതരത്തിലുമുള്ള അക്കൗണ്ടബിലിറ്റിയും ഇല്ലായെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ അഖിലേന്ത്യാ സർവീസ് ബ്യൂറോക്രാറ്റുകൾ. അതിന്റെ കൊച്ചുമകളാണ് രേണുരാജ്’ -ഇത് ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി എം. ഗോപകുമാറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലെ വിമർശനമാണ്. എന്ത് പറയുന്നു...

  എപ്പോഴും ‘അത് പൊളിക്ക്’, ‘സ്റ്റോപ്പ് മെമ്മോ കൊടുക്ക്’, ‘പണി നിർത്ത്’ എന്നു പറയുന്ന ഉദ്യോഗസ്ഥരെയാണ് ജനം കാണുന്നത്. ഞാനുൾപ്പെടെ. അനിവാര്യമായ നടപടികളാണെങ്കിലും ഇതൊക്കെ നെഗറ്റീവായേ ജനംകാണൂ. അവർക്കുകൂടി പോസിറ്റീവെന്ന് തോന്നുന്ന കാര്യങ്ങളിൽ ഇടപെടാൻ ഉദ്യോഗസ്ഥർ മനസ്സുവെച്ചാൽ സ്ഥിതി മാറിയേക്കും. ഉദാഹരണത്തിന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ. സത്യത്തിൽ മൂന്നാറിൽ നല്ലൊരു ആശുപത്രിയില്ല. അടുത്തുള്ള ചിത്തിരപുരം ആശുപത്രി വികസിപ്പിച്ചെടുത്താൽ പാവങ്ങൾക്ക് വലിയൊരു ആശ്വാസമാകും. അതിനൊരു പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ പൊളിച്ചടുക്കാൻ വേണ്ടി നിയമിക്കപ്പെട്ടവരാണെന്ന നാട്ടുകാരുടെ തോന്നൽ മാറ്റിയെടുക്കാൻ ഇത്തരം പ്രവൃത്തികൾ സഹായിക്കും.

 ആക്രോശങ്ങളും അധിക്ഷേപങ്ങളും തീരേ ഗൗനിക്കുന്നില്ലേ...

 ഒട്ടും സീരിയസായി എടുക്കുന്നില്ല. ഉറച്ച നിലപാടുമായി മുന്നോട്ടുപോകും. ‘If we start listening to the noise, we lose the music’എന്നു പറയാറില്ലേ. ദേവികുളം വളരെ ഇഷ്ടമായി. ഇത്ര ഭംഗിയുള്ള സ്ഥലം വേറെ എവിടുണ്ട്? പാറ പൊട്ടിക്കുന്നത് തടയാൻ ദൂരങ്ങൾ താണ്ടിപ്പോകണം. ശരിയാണ്. പക്ഷേ, പച്ചപ്പു നിറഞ്ഞ മലനിരകളിലൂടെയാണല്ലോ പോകുന്നത്. ക്ഷീണമോ മടുപ്പോ തോന്നുന്നില്ല. എന്നും പ്രകൃതിയുടെ പുതിയ കാഴ്ചകളും വിരുന്നുകളും.

 ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ എന്നീ മുൻഗാമികളുടെ സ്വാധീനം ഉണ്ടോ...

രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ദേവികുളത്തേക്ക് വരുമ്പോൾ അവരോടാണ് ഞാൻ ഉപദേശം തേടിയത്. ദേവികുളത്തിന്റെ പ്രത്യേകതകളും അനുഭവങ്ങളും അവർ എന്നോട് പങ്കുവെച്ചു. പിന്നീടത് എനിക്ക് ഉപകാരപ്പെടുകയും ചെയ്തു. അവരുടെ പാത തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. വഴിതെറ്റിയെന്ന് തോന്നിയാലല്ലേ വഴിമാറേണ്ടതുള്ളൂ. 

 രാഷ്ട്രീയസമ്മർദങ്ങളെയും ഭീഷണികളെയും ഒരു സ്ത്രീയെന്ന നിലയിൽ എങ്ങനെ നേരിടും...

 ജോലിയുടെ കാര്യത്തിൽ എനിക്കാരെയും ഭയമില്ല. ഇന്ത്യയിൽ എവിടെയും ജോലിചെയ്യാൻ തയ്യാറായാണ് സിവിൽ സർവീസിൽ വന്നത്. എങ്ങോട്ടുപോകാനും ഭയമില്ല. എന്നാൽ, രാഷ്ട്രീയക്കാരുമായി ഞാൻ മത്സരത്തിനില്ല. സഹകരിച്ച് മുന്നോട്ടുപോകാനാണ് താത്പര്യം. ജനങ്ങൾക്കുവേണ്ടി രാഷ്ട്രീയക്കാർക്ക് ചെയ്യാൻകഴിയുന്ന കാര്യങ്ങളുണ്ട്. ഉദ്യോഗസ്ഥർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമുണ്ട്. രണ്ടുവിഭാഗവും ഒത്തൊരുമിച്ച് പോയാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. ഇപ്പോഴുണ്ടായ ചെറിയ പ്രശ്നങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് ഞാൻ കരുതുന്നത്.

Content Highlights: interview with civil servant,doctor renu raju