തിരുവനന്തപുരം: നാടോടിക്കാറ്റ് സിനിമയിൽ ദാസൻ വിജയനോടു ചോദിക്കുന്നുണ്ട്... എന്താടാ വിജയാ... നമുക്കീ ബുദ്ധി നേരത്തേ തോന്നാത്തത്... എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന മറുപടി പോലെയാണ് ബാലരാമപുരം ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ എസ്.ബിന്ദുവിന്റെ ജീവിത കഥ.

നീണ്ട 11 വർഷം തുണിക്കടകളിൽ സെയിൽസ് ഗേളായിരുന്നു. രാവിലെ ഏഴുമുതൽ രാത്രി ഏഴു വരെ കടയിൽ വരുന്നവർക്ക് പുതുപുത്തൻ വസ്ത്രങ്ങൾ കാണിച്ചു കൊടുക്കണം. എന്നും ഒരേ ജോലി. 1500 രൂപയിൽനിന്നും 11 വർഷംകൊണ്ട് 9000 രൂപ വരെയായി ശമ്പളം. ഭർത്താവ് ഹോട്ടൽ ജീവനക്കാരനാണ്.

രണ്ടു മക്കൾ വിദ്യാർഥികൾ. വലിയ അല്ലലുകൾ ഇല്ലാതെ മുന്നോട്ടുപോകുന്നു. ജീവിതചിത്രം മാറാൻ വലിയ സമയം എടുത്തില്ല. കോവിഡ് പടർന്നു പിടിക്കുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നു. ആദ്യ ദിനങ്ങളിൽ ഇന്നുമാറും നാളെ മാറും എന്ന് പ്രതീക്ഷിച്ച് മുന്നോട്ടുപോയി.

സന്തോഷത്തിന്റെ ദിനങ്ങൾ അകന്നു. വരുമാനം ഒരു ചോദ്യചിഹ്നമായി. മക്കളുടെ ഭാവി, അർബുദബാധിതയായ അമ്മ, തൊഴിൽരഹിതനായ ഭർത്താവ്... കണ്ണിൽ ഇരുട്ടുവീണ ദിനങ്ങൾ...

എന്തെങ്കിലും ഒരു ജോലി... പ്ലീസ്
: ബാലരാമപുരത്തെ അറിയാവുന്ന കടകളിൽ കയറിച്ചെന്ന് ചോദിച്ചു. എന്തെങ്കിലും ഒരു തൊഴിൽ. കൈ മലർത്തിയ അവർക്കു മുന്നിൽ കൈകൂപ്പി തിരികെ വീട്ടിലേക്ക്. ദിവസങ്ങൾ ഇതാവർത്തിക്കുന്നു. ഇതിനിടെ, മെഡിക്കൽ കോളേജിൽ അച്ചാർ വ്യാപാരം തുടങ്ങി. നാരങ്ങയും മാങ്ങയും ഇഞ്ചിയും രക്ഷയായില്ല. അവിടെയും ലോക്ഡൗൺ വിലങ്ങുതടിയായി. ഒടുവിൽ രണ്ടും കൽപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന 600 രൂപയും മുറുകെപ്പിടിച്ച് പുതിയതുറ കടപ്പുറത്തേക്ക്. ഒരു കുട്ട സി.ഡി.കോര മീൻ വാങ്ങി പെരിങ്ങമ്മലയിലേക്ക്.

600 രൂപയ്ക്ക് വാങ്ങിയ മീനിന് ചെറിയൊരു ലാഭം കിട്ടി. പിറ്റേദിവസം 900 രൂപയ്ക്ക് മീനെടുത്തു. അതും വലിയ കുഴപ്പം ഇല്ലാതെ വിറ്റഴിച്ചു. പ്രതീക്ഷ പതിയെ വളർന്നു. ജീവിതം തിരികെപ്പിടിക്കാമെന്നുറപ്പായി. അതൊരു നിയോഗമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഞാൻ ഇപ്പോൾ നന്നായി ജീവിക്കുന്നു. എന്റെ മക്കളെ നന്നായി പഠിപ്പിക്കുന്നു. ഭർത്താവിനെയും അമ്മയേയും നോക്കുന്നു. കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നും നേടാനാവില്ല പെണ്ണുങ്ങളെ.. നിങ്ങൾ മുന്നിട്ടിറങ്ങൂ.. നമ്മൾ വിജയിക്കും.. എന്നത് മാത്രമാണ് ഉറപ്പുള്ളതെന്ന് ബിന്ദു പറയുന്നു

Content Highlights: Fish merchant bindhu