കുമ്പളങ്ങി: വഞ്ചിയുടെ ഒരറ്റത്തുനിന്ന് വലിയ വല വീശിയെറിയുകയാണ് ചന്ദ്രൻ. വഞ്ചിയുടെ ബാലൻസ് തെറ്റാതെ, കഴുക്കോലിൽ ബലം കൊടുത്ത് അതിനെ അനക്കാതെ നിർത്തിയിരിക്കുകയാണു രേവമ്മ. ദൂരെ നിന്നു നോക്കിയാൽ വഞ്ചിയിൽ കാണുന്നത് രണ്ടു പുരുഷ രൂപങ്ങൾ. അടുത്ത് എത്തുമ്പോഴാണ്‌ കഴുക്കോലുമായി നിൽക്കുന്നത് പുരുഷനല്ലെന്ന് അറിയുക. മുണ്ടും ഷർട്ടും തൊപ്പിയും ധരിച്ചു നിൽക്കുകയാണ് രേവമ്മ.

രേവമ്മയുടെ ബാലൻസിലാണ് വഞ്ചിയുടെയും വലയെറിയുന്ന ഭർത്താവ് ചന്ദ്രന്റെയും നിൽപ്പ്. ചെറുതായൊന്നു ചരിഞ്ഞാൽ വലയെറിയുന്നയാൾ താഴെ വീഴും. വലക്കാരനും കഴുക്കോൽ തള്ളുന്നയാൾക്കും ഒറ്റ മനസ്സായിരിക്കണം. അങ്ങനെ ഒറ്റ മനസ്സോടെ വഞ്ചിയും വലയുമായി കായലിൽ ഇറങ്ങിയവരാണു ചന്ദ്രനും രേവമ്മയും. തീരദേശത്ത് സ്ത്രീയും പുരുഷനും ചേർന്നു വലയെറിയുന്നതും മീൻ പിടിക്കുന്നതും അപൂർവ സംഭവമൊന്നുമല്ല. പക്ഷേ, വീശുവലയെറിയുമ്പോൾ, കഴുക്കോൽ താഴ്ത്തി വഞ്ചിയെ നിയന്ത്രിക്കുന്നത് സാധാരണ കാര്യമല്ല. അസാധാരണമായ കായിക ബലവും ബാലൻസും ആവശ്യമായ ജോലിയാണിത്. ശ്രദ്ധ തെറ്റിയാൽ അപകടമുണ്ടാകാമെന്നതിനാൽ സ്ത്രീകളെ അധികം പേരും ഒഴിവാക്കും. പക്ഷേ, കഴിഞ്ഞ 27 വർഷമായി ചന്ദ്രൻ വലയെറിയുമ്പോൾ, കഴുക്കോലിൽ വള്ളം നിയന്ത്രിക്കുന്നതു രേവമ്മയാണ്.

കണ്ടക്കടവ് സ്വദേശിയായ ചന്ദ്രൻ കുട്ടിക്കാലത്തു തന്നെ മീൻ പിടിക്കാനിറങ്ങിയ ആളാണ്. ആലപ്പുഴക്കാരി രേവമ്മയെ വിവാഹം കഴിച്ചത്‌ 34 വർഷം മുമ്പ്. അതിനുശേഷമാണ്‌ രേവമ്മ കായലുമായും വഞ്ചിയുമായൊക്കെ ഇണങ്ങിയത്. ഇതിനിടയിൽ മൂന്ന് മക്കളായി. ചെലവുകൾ കൂടിയപ്പോൾ, കുടുംബം പുലർത്താൻ ഭർത്താവിനെ സഹായിക്കാനിറങ്ങുകയായിരുന്നു രേവമ്മ.

കഴുക്കോൽ പിടിച്ച് വഞ്ചിയെ നിയന്ത്രിക്കാൻ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നുവെന്ന് രേവമ്മ പറയുന്നു. പിന്നീടത് ശീലമായി. പുലർച്ചെ അഞ്ചോടെ ഭാര്യയും ഭർത്താവും കായലിലേക്ക് ഇറങ്ങും. ഇപ്പോൾ കുറച്ചുകാലമായി കുമ്പളങ്ങി, പരുത്തിത്തോട് ചാലിലാണ് മീൻപിടിത്തം. അവിടെ മീൻ പിടിക്കാൻ അധികം പേരുണ്ടാവില്ല. ചെമ്മീനാണ് കൂടുതൽ കിട്ടുന്നത്. വീടിനടുത്തുള്ള കായലിൽനിന്ന് വഞ്ചി തുഴഞ്ഞ് ഇവർ കുമ്പളങ്ങിയിലെത്തും. രാവിലെ 11 വരെ വലയെറിയും. കിട്ടുന്ന മീൻ ഓട്ടോറിക്ഷയിൽ കയറ്റി, വൈപ്പിനിലെ കാളമുക്കിലെത്തിക്കും. അവിടെ കായൽ മീനിന് നല്ല വില കിട്ടുമെന്ന് ചന്ദ്രൻ പറയുന്നു.

മൊത്ത വ്യാപാരികൾക്കാണ് ചെമ്മീനും മീനുമൊക്കെ നൽകുന്നത്. അതുകൊണ്ട് കാത്തിരിപ്പിന്റെ കാര്യമില്ല. ഉച്ചയോടെ പണി തീർത്ത് ഇവർ വീട്ടിലെത്തും. വള്ളത്തിൽ രേവമ്മയുണ്ടെങ്കിൽ പിന്നെ പേടിക്കാനില്ലെന്ന്- ചന്ദ്രൻ പറയുന്നു.

കഴുക്കോലിൽ വഞ്ചി നിയന്ത്രിക്കാൻ പ്രാവീണ്യമുള്ള തൊഴിലാളി സ്ത്രീകൾ ഈ മേഖലയിൽ ഇല്ലെന്നും ചന്ദ്രൻ പറയുന്നു. “രണ്ട് പെൺകുട്ടികളും ഒരാണുമാണ് മക്കൾ. മക്കളെ പഠിപ്പിച്ചു. ഒരാളുടെ വിവാഹവും കഴിഞ്ഞു. വീടും വെച്ചു. എന്നു കരുതി വിശ്രമിക്കാനാവില്ല. എല്ലാ ദിവസവും പണിക്കിറങ്ങും. വെള്ളം ചതിക്കില്ല. നന്നായി അധ്വാനിക്കുന്നതിനാൽ അതിന്റെ ഫലവും കിട്ടും”, 58-കാരനായ ചന്ദ്രൻ പറയുന്നു.

Content Highlights: inspiring women, inspiring women life, inspiring women story, inspiring women in kerala