കൊച്ചി: പെൺകുട്ടികൾ ചെണ്ട കൊട്ടാനോ എന്നു ചോദിച്ച്‌ നെറ്റി ചുളിച്ചവർക്കു മുന്നിലൂടെ അവർ പുഷ്പംപോലെയാണ് കൊട്ടിക്കയറിയത്. ചെണ്ടയിൽ കൈ തെളിഞ്ഞതോടെ അടുത്ത മോഹം ‘കുറുങ്കുഴൽ’ പഠിക്കണമെന്നായി. പെൺകുട്ടികൾ അധികമില്ലാത്ത മേഖലയായ കുറുങ്കുഴലിലും അവർ വാദനത്തിലൂടെ ആസ്വാദകർക്കു മുന്നിൽ വിസ്മയമായി. മാതാപിതാക്കളും ഗുരുക്കൻമാരും നൽകിയ ആശീർവാദവും പിന്തുണയും കൂടിയായപ്പോൾ ഇന്ന് അവർ കുറുങ്കുഴൽ വാദനത്തിൽ അപൂർവമായ പെൺകരുത്തിന്റെ കൂട്ടമാണ്.

സ്കൂൾ വിദ്യാർഥികളായ നന്ദന, ശ്വേത, ഗോപിക എന്നിവരാണ് കുറുങ്കുഴലിന്റെ ആ കൂട്ടുകാർ. മേള കലാകാരനായ അരയൻകാവ് ചക്കാലയ്ക്കൽ രതീഷിന്റെയും ശ്രീവിദ്യയുടെയും മകളായ നന്ദന പുത്തൻകാവ് കെ.പി.എം. സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. പുതിയകാവ് വെളിപ്പറമ്പിൽ സാജന്റെയും സിമിയുടെയും മകളായ ശ്വേത ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും. പുതിയകാവ് ചാലിയത്ത് മധുസൂദനന്റെയും വത്സലയുടെയും മകളായ ഗോപികയും ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. പുതിയകാവ് ക്ഷേത്ര കലാപീഠത്തിലാണ് മൂന്നുപേരും ചെണ്ടയും കുറുങ്കുഴലും അഭ്യസിച്ചത്. പുതിയകാവ് അൻപുനാഥാണ് കുറുങ്കുഴലിൽ ഇവരുടെ ഗുരു.

ചെണ്ട കൊട്ടിയ നേരത്ത്

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നന്ദനയുടെ മനസ്സിൽ ചെണ്ട കൊട്ടാനുള്ള മോഹം കലശലാകുന്നത്. “അച്ഛൻ കൊട്ടുന്നതു കണ്ട് കുട്ടിക്കാലം മുതലേ ചെണ്ടയോട്‌ വലിയ ഇഷ്ടമുണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഞാനും ചെണ്ട കൊട്ടിക്കോട്ടേയെന്ന്‌ അച്ഛനോടു ചോദിച്ചത്. പെൺകുട്ടികൾ അധികമില്ലാത്ത കലയായിട്ടും അച്ഛൻ ഇഷ്ടത്തോടെ സമ്മതിച്ചു. പഠിച്ചു തുടങ്ങിയപ്പോൾ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. അച്ഛനോടൊപ്പം പല അമ്പലങ്ങളിലും മേളത്തിന്‌ പോയതോടെ ചെണ്ട എനിക്കും വഴങ്ങിത്തുടങ്ങി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പുതിയകാവ് അമ്പലത്തിലായിരുന്നു ചെണ്ട അരങ്ങേറ്റം. ഗോപികയും ശ്വേതയും എന്നോടൊപ്പം തന്നെയാണ് ചെണ്ട പഠിച്ചത്” - നന്ദന ചെണ്ടയിലെത്തിയ കഥ പറഞ്ഞു.

സ്വരങ്ങളും രാഗങ്ങളും

കുട്ടിക്കാലം മുതലേ ശാസ്ത്രീയസംഗീതം പഠിച്ചതാണ് കുറുങ്കുഴൽ വാദനം എളുപ്പമാക്കിയതെന്ന്‌ നന്ദന പറയുന്നു. “മേളത്തിനു പോകുമ്പോഴൊക്കെ കുറുങ്കുഴൽ വായിക്കുന്നത്‌ കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിലെ സ്വരങ്ങളും രാഗങ്ങളും തന്നെയാണ് കുറുങ്കുഴലിലും വരുന്നത്. അതുകൊണ്ടുതന്നെ, കുറുങ്കുഴൽ വാദനം ചെണ്ട പഠനത്തെക്കാൾ എളുപ്പമായിരുന്നു. രണ്ടാഴ്ച മുമ്പ് പുതിയകാവ് അമ്പലത്തിൽ വെച്ചാണ് ഞങ്ങൾ മൂന്നുപേരുടെയും കുറുങ്കുഴൽ വാദനത്തിലെ അരങ്ങേറ്റം നടന്നത്” - നന്ദന പറഞ്ഞു.

പെൺകുട്ടികൾ അപൂർവമായ കുറുങ്കുഴൽ വാദന രംഗത്ത് നന്ദനയുടെയും ഗോപികയുടെയും ശ്വേതയുടെയും വരവ് കൂടുതൽ വാതിലുകൾ തുറന്നിടുമെന്നാണ് മേള കലാകാരനായ രതീഷ് പറയുന്നത്. “ചെണ്ട കൊണ്ടുനടക്കുന്നത് പെൺകുട്ടികളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, കുറുങ്കുഴൽ അവർക്ക്‌ യോജിച്ച ഒരു വാദ്യമാണ്. ഇവരുടെ കുറുങ്കുഴൽ വാദന അരങ്ങേറ്റത്തിന്‌ തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളത്തിലെ കുറുങ്കുഴൽ പ്രമാണിയായ കീഴൂട്ട് നന്ദനൻ വന്നിരുന്നു. വാദനം മുഴുവൻ കേട്ട ശേഷം അദ്ദേഹം കുട്ടികളോടു പറഞ്ഞത്, ഇതു കൈവിട്ടുകളയരുതെന്നും മനോഹരമായി നിലനിർത്തണമെന്നുമാണ്. കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക്‌ വരുമെന്നാണ് നന്ദനയും കൂട്ടുകാരും വിശ്വസിക്കുന്നത്” - രതീഷ് പറഞ്ഞു.

Content Highlights: inspiring women, inspiring girls, women chenda players, Inspirational female