വീട്ടമ്മയായ ദീപ്തി രാജീവ് കേരളത്തിലെ സ്വയംതൊഴില്‍ സംരംഭകര്‍ക്കെല്ലാം മാതൃകയാണ്. സാധാരണ വരുമാനം മാത്രം കിട്ടാവുന്ന ഒരു സംരംഭം ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമാക്കി മാറ്റിയതാണ് ദീപ്തിയുടെ നേട്ടം. കുടുംബശ്രീയുടെ സാന്ത്വനം പദ്ധതിയിലൂടെയാണ് ദീപ്തി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. കേരളത്തിലെ സാന്ത്വനം വൊളണ്ടിയര്‍മാരില്‍ ഏറ്റവുമധികം വരുമാനം നേടിയിട്ടുള്ളതും ദീപ്തിയാണ്. ആലപ്പുഴ ജില്ലയിലെ മികച്ച മൈക്രോ സംരംഭകയെന്നതുള്‍പ്പെടെ കുറേ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വീടുകള്‍ തോറും കയറിയിറങ്ങി ജീവിതശൈലീരോഗങ്ങളെപ്പറ്റിയുള്ള ബോധവത്കരണവും രക്തപരിശോധനയുമാണ് സാന്ത്വനം വൊളണ്ടിയര്‍മാരുടെ ജോലി. കിടപ്പുരോഗികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്ക് ലാബറട്ടറികളില്‍ രക്തപരിശോധനയ്ക്ക് പോകാന്‍ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ളവരുടെ രക്തപരിശോധന വീട്ടിലെത്തി നടത്തിക്കൊടുക്കണം. ഇതിനൊപ്പം കൂടുതല്‍ പേരുടെ രക്തപരിശോധയ്ക്കായി ദീപ്തി നാട്ടിലേക്കിറങ്ങി.പൊതുയോഗങ്ങള്‍, ഉത്സവങ്ങള്‍, സ്‌കൂള്‍ വാര്‍ഷികങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ തുടങ്ങി ആളുകൂടുന്നിടത്തെല്ലാം ദീപ്തിയെത്തും.

ആലപ്പുഴ ജില്ലയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും ദീപ്തി സ്ഥിരം സന്ദര്‍ശകയാണ്. കൃത്യമായ ഇടവേളകളില്‍ ഇവിടങ്ങളിലെത്തി പരിശോധന നടത്തും. രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതിന് 180 രൂപയാണ് കുടുംബശ്രീ നിശ്ചയിച്ചിരിക്കുന്നത്. പരിശോധനയ്ക്കുള്ള സ്ട്രിപ്പുകള്‍ക്കും മറ്റുമായി ഇതില്‍ 80 രൂപയോളം ചെലവാകും. ഫലത്തില്‍ ഒരു പരിശോധനയില്‍ നിന്നും 100 രൂപ മിച്ചം കിട്ടും. ദിവസം 33 പേരുടെ രക്തം പരിശോധിച്ചാല്‍ പ്രതിമാസം ഒരു ലക്ഷം രൂപയോളം വരുമാനമാകുമെന്ന് കണക്കുകള്‍ നിരത്തിയാണ് ദീപ്തി വിശദീകരിച്ചത്.
സാന്ത്വനം വൊളണ്ടിയറാകുന്നതുവരെ ദീപ്തി സാധാരണ വീട്ടമ്മമാരെപ്പോലെയായിരുന്നു. വീട്ടുജോലിയല്ലാതെ വ്യായാമമൊന്നുമില്ല. പക്ഷേ, താന്‍ രക്തം പരിശോധിച്ച് അമിത കൊളസ്‌ട്രോളുണ്ടെന്ന് കണ്ടെത്തിയ ചിലര്‍ക്ക് ഹൃദ്രോഗം ഉള്‍പ്പെടെ സ്ഥിരീകരിച്ചതോടെ ദീപ്തി ശൈലി മാറ്റി.
ദീപ്തിയുടെ വിജയകഥ പൂര്‍ണമായി വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Inspiring Woman life Story