സ്വന്തമായി മുതല്‍മുടക്കിയും വായ്പയെടുത്ത് മൂലധനം കണ്ടെത്തിയും സംരംഭം വിജയിപ്പിച്ചവരുടെ കഥകള്‍ ധാരാളമുണ്ട്. എന്നാല്‍, നിലവിലുള്ള സാഹചര്യങ്ങളും അവസരങ്ങളും മാത്രം  ഉപയോഗിച്ച് സംരംഭം തുടങ്ങി വിജയിപ്പിക്കുന്നത് എങ്ങനെയെന്ന് ഇടുക്കി ജില്ലയിലെ ബൈസണ്‍വാലിയിലെ ഫെയ്മസ് ബേക്കറി പറഞ്ഞു തരും.

ബേക്കറിയുടെ തുടക്കംതൊട്ടേ ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത് ഗീതാ സുരേഷ് ആണ്. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഒരു ആശയത്തില്‍നിന്നാണ് ബേക്കറിയുടെ തുടക്കം. ''നമ്മുടെ പഞ്ചായത്തില്‍ സ്ത്രീകളുടെ സംരംഭങ്ങളില്ല. സംരംഭം തുടങ്ങാനായി പണിത പല കെട്ടിടങ്ങളും ഉപയോഗിക്കാതെ കിടക്കുകയാണ്. കൂടാതെ തദ്ദേശസ്ഥാപനത്തിന്റെ വനിതാഘടക പദ്ധതിയില്‍ സംരംഭത്തിന് സഹായം നല്‍കാന്‍ പണവുമുണ്ട്. നിങ്ങളൊരു സംരംഭം തുടങ്ങുന്നോ?'' ആ ചോദ്യം ഗീതയുടെ മനസ്സില്‍ തട്ടി. വൈകാതെ ഗീതാസുരേഷും സംഘവും അടങ്ങുന്ന കുടുംബശ്രീ ടീം ആവേശത്തോടെ പുതിയ സംരംഭത്തിന് തുടക്കമിട്ടു. 2013-ലാണ് ബേക്കറി തുടങ്ങിയത്.

പഞ്ചായത്തില്‍നിന്ന് 80 ലക്ഷം രൂപയാണ് ബേക്കറിക്ക് ലഭിച്ചത്. ഈ തുക കെട്ടിടം നിര്‍മ്മിക്കാനും ബേക്കറിയുത്പന്ന നിര്‍മ്മാണത്തിനുള്ള യന്ത്രം വാങ്ങാനും ഉപയോഗിച്ചു. കൂടാതെ 20 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു. ഒരു കോടിയില്‍പ്പരം രൂപ മുതല്‍മുടക്കിലാണ് ബേക്കറി തുടങ്ങിയത്. ഇപ്പോള്‍ 18 പേരാണ് ഈ സംരംഭത്തിലുള്ളത്. ജില്ലയിലെ വിവിധ ബേക്കറികളിലേക്ക് ബ്രെഡ്, ബണ്‍, കേക്ക്, മറ്റ് പലഹാരങ്ങള്‍ എന്നിവയൊക്കെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് ഇവരാണ്. മാസം 15 ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ധനസഹായവും സംയോജനവും സാധ്യമാക്കി യാണ് തുടങ്ങിയതെങ്കിലും നേതൃമികവും പ്രവര്‍ത്തനക്ഷമതയുമാണ് ഫെയ്മസ് ബേക്കറിയുടെ വിജയമന്ത്രം. രണ്ട് കോടി രൂപ വാര്‍ഷിക വിറ്റുവരവെന്ന ഉയരത്തിലേക്ക് ഫെയ്മസ് ബേക്കറിയെ എത്തിച്ചത് ഇതുതന്നെ.
''ഒത്തൊരുമയോടെ മുന്നോട്ടുപോയാല്‍ വിജയം ഉറപ്പാണ്. കൂടുതല്‍ ആളുകളുടെ സഹായം ലഭിക്കുന്നത് എപ്പോഴും കരുത്ത് കൂട്ടും.'' ഇതാണ് ഗീതാസുരേഷിനും ടീമിനും സമൂഹത്തിനോട് പറയാനുള്ളത്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlight: Inspiring story of female entrepreneur