'ജീവിതം കഠിനമാകുമ്പോള്‍ നിങ്ങളുടെ മനസ്സും കല്ല് ആകും'. ഈ ചൊല്ല് വെറുതെയല്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് നീതു എന്ന പത്തൊമ്പതുകാരി. പതിമൂന്ന് വയസ് വരെ അവളും മറ്റേതൊരു സാധാരണപെണ്‍കുട്ടിയെയും പോലെയായിരുന്നു. എന്നാല്‍,എട്ടാം ക്ലാസിന് ശേഷം പഠിത്തം നിര്‍ത്തിക്കോളാന്‍ പിതാവ് പറഞ്ഞതോടെ അവളുടെ ജീവിതം മാറിമറിഞ്ഞു.

നീതുവിനെ പഠിപ്പിക്കാന്‍ പണമില്ലെന്നായിരുന്നു വീട്ടുകാരുടെ വാദം. ആ വാക്കുകള്‍ നീതുവിനെ തളര്‍ത്തിയില്ല. സ്വന്തമായി അധ്വാനിച്ച് വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനാണ് നീതു പിന്നെ ശ്രമിച്ചത്. അങ്ങനെയാണ് നീതു ഗ്രമാവാസികളുടെ പാല്‍ക്കാരിയായത്.

പുലര്‍ച്ചെ 4 മണിക്കാണ് നീതുവിന്റെ ദിവസം ആരംഭിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ പാലെത്തിക്കും. അതിനുശേഷമാണ് സ്‌കൂളിലേക്ക് പോയിരുന്നത്. വൈകുന്നേരം വീട്ടിലെത്തിയ ശേഷവും അവള്‍ പാല്‍ വിതരണത്തിനിറങ്ങും.

ഇപ്പോള്‍ ഡിഗ്രിവിദ്യാര്‍ഥിനിയാണ് നീതു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.സ്വന്തമായി സമ്പാദിച്ച പണം കൂട്ടിവച്ച് കോളേജ് ഫീസ് അടയ്ക്കുക മാത്രമല്ല,ഒരു സ്‌കൂട്ടര്‍ വാങ്ങിക്കുകയും ചെയ്തു അവള്‍. ഇപ്പോള്‍ അതിലാണ് നീതുവിന്റെ സഞ്ചാരം. ആദ്യമൊക്കെ അവളെ കളിയാക്കാനായിരുന്നു എല്ലാവരും ശ്രമിച്ചത്. വീട്ടില്‍ നിന്ന് പോലും എതിര്‍പ്പുണ്ടായി.

എന്നാല്‍,പെണ്‍കുട്ടികളെക്കൊണ്ട് അസാധ്യമായത് ഒന്നുമില്ലെന്ന് ഉറച്ച് വിശ്വസിച്ച് എതിര്‍പ്പുകളെ തരണം ചെയ്യാന്‍ അവള്‍ക്കായി. മാസം തോറും 12,000 രൂപയിലധികം നീതു സമ്പാദിക്കുന്നുണ്ട്. പ്രതിസന്ധികളില്‍ തളര്‍ന്നുപോവുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുകയാണ് ഈ രാജസ്ഥാന്‍കാരി.