കൊച്ചി: കുഞ്ഞുകഥകളുടെ രാജകുമാരിയായി അക്ഷരങ്ങളുടെ ലോകത്താണ് ഹന്നയിപ്പോള്‍. ഹന്ന ആലീസ് സൈമണ്‍ എന്ന, തൊട്ടതെല്ലാം പൊന്നാക്കിയ മിടുക്കിക്കുട്ടി. സ്വയം തിരിച്ചറിയാതെ തളര്‍ന്നിരിക്കുന്നവര്‍ക്ക് ഇവള്‍ പ്രകാശകിരണമാണ്. വാക്കുകൊണ്ടും സംഗീതംകൊണ്ടും ചുറ്റുമുള്ളവര്‍ക്ക് അവള്‍ നല്‍കുന്നത് സന്തോഷത്തിന്റെ പുതുവഴികള്‍. ജീവിതത്തെ ജയിച്ചുകാണിക്കാനുള്ള ഉത്തേജകമാണ് അവളുടെ വാക്കുകള്‍.

കലൂര്‍ ഇ.വി. ഹോംസ് ഫ്ലാറ്റിലെ താമസക്കാരിയാണ് ഹന്ന. സംഗീത സംവിധാനം, പാട്ടെഴുത്ത്, കഥയെഴുത്ത്, സംഗീതം, മോട്ടിവേഷണല്‍ സ്പീച്ച് അങ്ങനെ കുറെയുണ്ട് ഹന്നയുടെ ഇഷ്ടങ്ങള്‍.

ജന്മനാ കാഴ്ചപരിമിതിയുള്ള ഹന്നയെ, ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായാണ് അച്ഛന്‍ സൈമണും അമ്മ ലിജയും കണ്ടത്. അവളെയൊരിക്കലും സ്‌പെഷ്യല്‍ ചൈല്‍ഡായി കണക്കാക്കിയിട്ടില്ലെന്ന് ലിജ പറയുന്നു. എല്ലാ കുട്ടികളെയും പോലെ ശാസിച്ചും തിരുത്തിയും തന്നെയാണ് ഹന്നയെ വളര്‍ത്തിയതും.

വീട്ടില്‍ തനിക്ക് പ്രത്യേക പരിഗണനയൊന്നും തന്നിട്ടില്ലെന്നും കുസൃതികള്‍ക്ക് വഴക്ക് കേട്ടിട്ടുണ്ടെന്നും ഹന്നതന്നെ പറയുന്നു. രാജഗിരി സ്‌കൂളില്‍ ഹ്യുമാനിറ്റീസ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഹന്നയിപ്പോള്‍.

സംഗീതവും എഴുത്തും

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീതവഴിയിലെത്തിയത്. സ്വന്തമായി വരികളെഴുതി ഹന്ന പാടും. എട്ടിലധികം ആല്‍ബങ്ങളും സ്വന്തമായുണ്ട്. 'ഐ ആം ബ്ലെസിങ്' എന്നതാണ് അവസാനം ഇറക്കിയ മ്യൂസിക് ആല്‍ബത്തിന്റെ പേര്. പുതിയ പാട്ടിന്റെ വരികളൊക്കെ റെഡിയാണ്. കൊറോണയായതിനാല്‍ ഷൂട്ടിങ്ങിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ കാര്യങ്ങള്‍ വൈകി. ഭക്തിഗാനങ്ങളാണ് ഹന്നയുടെ സംഗീത ആല്‍ബങ്ങളെല്ലാം.

ഓണ്‍ലൈന്‍ ക്ലാസും മ്യൂസിക് ക്ലാസും കഴിഞ്ഞാല്‍ പിന്നെ വായനയും എഴുത്തുമാണ്. എഴുതി പൂര്‍ത്തിയാക്കിയ ചെറുകഥകള്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹന്നയിപ്പോള്‍. 'എഴുത്തുകാരിയാവണം, പഠിച്ച് സൈക്കോളജിസ്റ്റാകണം...'  ഹന്നയുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളേറെയാണ്. ഹാനോക്ക്, ഡാനിയല്‍ എന്നിവരാണ് ഹന്നയുടെ സഹോദരന്മാര്‍.

''ഒറ്റപ്പെടുത്തലുകളും കളിയാക്കലും എന്നെ ചെറുപ്പത്തില്‍ വിഷമിപ്പിച്ചിരുന്നു. പക്ഷേ, അതില്‍നിന്നാണ് അതിജീവിക്കാനുള്ള പ്രചോദനം ലഭിച്ചത്. ഓരോരുത്തരും ഒരു പോരാളിയാണ്. തോറ്റു പിന്മാറാതെ മുന്നോട്ടു പോയപ്പോഴാണ് എനിക്ക് നേട്ടങ്ങള്‍ ഉണ്ടായത്'' ഹന്ന പറയുന്നു.

Content Highlights: inspiring story of a blind girl