ലോക ബിസിനസ് മേഖലയിലെ ഊർജസ്വലമായ ഇന്ത്യൻ മുഖമാണ് ഇന്ദ്ര നൂയി. എന്നാൽ ഇപ്പോൾ ഇന്ദ്ര നൂയി വാർത്തയിലിടം നേടുന്നത് ഒരു വിവാദ പ്രസ്താവനയുടെ പേരിലാണ്. താൻ ഒരിക്കലും ശമ്പള വർധന ആവശ്യപ്പെട്ടിരുന്നില്ല എന്ന ഇന്ദ്ര നൂയിയുടെ പരാമർശമാണ് വിവാദമായത്. വേതനത്തിന്റെ കാര്യത്തിൽ പലയിടങ്ങളിലും സ്ത്രീകൾ വിവേചനം നേരിടുന്ന കാലത്ത് അത്തരമൊരു പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് പെപ്സികോ മുൻ ചെയർപേഴ്സൺ കൂടിയായ ഇന്ദ്ര നൂയി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. താനൊരിക്കലും ശമ്പള വർധന ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് ഇന്ദ്ര പറഞ്ഞത്. മറ്റൊരാൾക്കു വേണ്ടി ജോലി ചെയ്ത് തനിക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല എന്ന് പറയുന്നത് ചിന്തിക്കാനേ കഴിയുമായിരുന്നില്ല എന്നാണ് ഇന്ദ്ര പറയുന്നത്. 

ബോർഡ‍ിനോട് ഒരിക്കലും എനിക്ക് കൂടുതൽ പണം തരൂ എന്നാവശ്യപ്പെട്ടിട്ടില്ല. ഒരിക്കൽ ശമ്പളവർധന നൽകിയ സമയത്ത് താനത് നിരസിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് നിരസിച്ചത് എന്ന് അവർ ചോദിച്ചിരുന്നു. അതൊരു സാമ്പത്തിക പ്രതിസന്ധി നേരിട്ട വർഷമായിരുന്നു. അതുകൊണ്ടാണ് താൻ നിരസിച്ചതെന്നും ഇന്ദ്ര നൂയി പറഞ്ഞു. 

എന്നാൽ വൈകാതെ ഇന്ദ്ര നൂയിയുടെ പരാമർശം വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. അർഹിക്കുന്ന വേതനം ആവശ്യപ്പെടുന്നതിൽ നിന്ന് സ്ത്രീകൾ‌ പിൻവലിയേണ്ട കാര്യം എന്താണെന്ന് ചിലർ ചോദിക്കുന്നു. ഇത്തരത്തിൽ ഒരാളെ എങ്ങനെയാണ് സ്ത്രീകളുടെ ആ​ഗോള പ്രചോദനമായി കണക്കാക്കുക എന്നും സ്ത്രീകളെ നിരാശപ്പെടുത്തുന്ന പരാമർശമാണ് ഇന്ദ്ര നൂയിയുടേത് എന്നും പറയുന്നവരുണ്ട്. 

Best Sellers in Shoes & Handbags

പെപ്‌സിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി 2006ലാണ്  ഇന്ദ്ര നൂയി സി.ഇ.ഒ സ്ഥാനമേൽക്കുന്നത്. ശീതളപാനീയങ്ങളുടെ മാർക്കറ്റ് അപ്രതീക്ഷിത തകർച്ചയിലേക്ക് നീങ്ങിയ കാലത്താണ് പെപ്സിയുടെ അമരക്കാരിയായി ഇന്ദ്രനൂയി എത്തുന്നത്. പന്ത്രണ്ട് വർഷങ്ങൾക്കപ്പുറം പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങൾ കമ്പനിക്ക് നൽകിക്കൊണ്ടാണ് ഇന്ദ്ര രാജിവെച്ചത്.

പെൺകുട്ടികൾ ബിസിനസ് രംഗത്തില്ലാത്ത ഒരു കാലത്താണ് ചെന്നൈയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച  ഇന്ദ്ര നൂയി കൊൽക്കത്തയിലെ ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ പൂർത്തിയാക്കിയത്. തന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അമ്മയാണെന്നും അത്താഴ സമയത്ത് അമ്മ പറയിപ്പിച്ച പ്രസംഗങ്ങളാണ് തന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചതെന്നും നിരവധി വേദികളിൽ ഇന്ദ്ര നൂയി പറഞ്ഞിട്ടുണ്ട്.

 

Content Highlights: Indra Nooyi Says She Never Asked For A Raise