ബിസിനസ് രം​ഗത്തെ ഊർജസ്വലയായ ഇന്ത്യൻ മുഖം, ലോകത്തിലെ തന്നെ കരുത്തയായ വനിത.. വിശേഷണങ്ങൾ ഏറെയാണ് ഇന്ദ്ര നൂയിക്ക്. പക്ഷേ പദവിയും പ്രശസ്തിയുമെല്ലാം എത്തിച്ചേരും മുമ്പ് വെല്ലുവിളികൾ നിറഞ്ഞ കാലത്തിലൂടെ താനും കടന്നുപോയിരുന്നുവെന്ന് പറയുകയാണ് ഇന്ദ്ര നൂയി. തന്റെ ആത്മകഥയിലൂടെയാണ് മുൻ പെപ്സികോ ചെയർപേഴ്സൺ കൂടിയായ ഇന്ദ്ര നൂയിയുടെ തുറന്നുപറച്ചിൽ. 

മദ്രാസിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടി യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിൽ  പോയ കാലം ഓർത്തെടുക്കുകയാണ് ഇന്ദ്ര നൂയി. ജോലി സംബന്ധമായ അഭിമുഖത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇന്ദ്ര. പക്ഷേ അപ്പോഴാണ് സാധാരണ അഭിമുഖങ്ങളിൽ ധരിക്കുന്നതിന് സമാനമായ വസ്ത്രങ്ങൾ തന്റെ പക്കൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ഒരു കടയിൽ പോയി അമ്പതു ഡോളറിന് ഒരു സ്യൂട്ടും പാന്റുമടങ്ങുന്ന വസ്ത്രം വാങ്ങി. എന്നാൽ ജാക്കറ്റ് തൂങ്ങിക്കിടക്കുന്നതും പാന്റ് വേണ്ടത്ര ഇറക്കമില്ലാത്തതുമൊക്കെയായിരുന്നു. ഇത് ഇന്ദ്രയെ കൂടുതൽ അസ്വസ്ഥയാക്കി. പലരും തന്നെ തുറിച്ചു നോക്കുന്നത് വകവെക്കാതെ അഭിമുഖത്തിൽ പങ്കെടുത്ത് തിരികെയെത്തി. പക്ഷേ മുറിയിലെത്തിയപ്പോൾ പരാജിതയായ അവസ്ഥയാണ് ഇന്ദ്രയ്ക്കുണ്ടായത്. അന്ന് കരിയർ ഡവലപ്മെന്റ് ഡയറക്ടറായിരുന്ന ജെയ്ൻ മോറിസണ് മുന്നിൽ ഇന്ദ്ര പൊട്ടിക്കരഞ്ഞു. തന്നെ എല്ലാവരും കളിയാക്കിയെന്നു പറഞ്ഞു. ഇതിന് ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് വസ്ത്രമായിരുന്നേനെ ഇന്ദ്ര ധരിക്കുക എന്നാണ് മോറിസൺ ചോദിച്ചത്. സാരി എന്ന് ഇന്ദ്ര മറുപടി നൽകി. അടുത്ത അഭിമുഖത്തിന് സാരി ധരിച്ചു പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ എന്താണോ അങ്ങനെതന്നെ പോകൂ എന്നും എന്നിട്ടും ജോലി ലഭിച്ചില്ലെങ്കിൽ അതവരുടെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

അങ്ങനെ മറ്റൊരു അഭിമുഖത്തിൽ സാരി ധരിച്ചാണ് ഇന്ദ്ര പങ്കെടുത്തത്. തനിക്ക് പ്രിയപ്പെട്ട ക്രീം കളർ സാരി ധരിച്ചാണ് ഇന്ദ്ര പോയത്. ആത്മവിശ്വാസത്തോടെ ആ അഭിമുഖത്തെ നേരിട്ട ഇന്ദ്രയ്ക്ക് ആ ജോലി ലഭിക്കുകയും ചെയ്തു. നിരവധി പേരാണ് ഇന്ദ്രയുടെ അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നത്. സാരി ആധുനികവസ്ത്രമല്ലെന്നും പഴഞ്ചനാണെന്നും പറയുന്നവർ അറിഞ്ഞിരിക്കേണ്ടതാണ് ഇന്ദ്ര നൂയിയുടെ അനുഭവം എന്നാണ് പലരും കമന്റ് ചെയ്യുന്നത്. പുറംമോടിയിലല്ല മറിച്ച് അവനവന്റെ കഴിവിലും ആത്മവിശ്വാസത്തിലുമാണ് വിശ്വസിക്കേണ്ടത് എന്ന് വ്യക്തമാക്കിയ അനുഭവം എന്നും കമന്റ് ചെയ്യുന്നവരുണ്ട്. 

പെപ്‌സിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി 2006ലാണ്  ഇന്ദ്ര നൂയി സി.ഇ.ഒ സ്ഥാനമേൽക്കുന്നത്. ശീതളപാനീയങ്ങളുടെ മാര്‍ക്കറ്റ് അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് നീങ്ങിയ കാലത്താണ് പെപ്സിയുടെ അമരക്കാരിയായി ഇന്ദ്രനൂയി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങള്‍ കമ്പനിക്ക് നല്‍കിക്കൊണ്ടാണ് ഇന്ദ്ര രാജിവെച്ചത്.

പെണ്‍കുട്ടികള്‍ ബിസിനസ് രംഗത്തില്ലാത്ത ഒരു കാലത്താണ് ചെന്നൈയിലെ ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച  ഇന്ദ്ര നൂയി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയത്. തന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അമ്മയാണെന്നും അത്താഴ സമയത്ത് അമ്മ പറയിപ്പിച്ച പ്രസംഗങ്ങളാണ് തന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചതെന്നും നിരവധി വേദികളില്‍ ഇന്ദ്ര നൂയി പറഞ്ഞിട്ടുണ്ട്.

Content Highlights: indra nooyi saree memory