വഴുതക്കാട്ടെ ആകാശവാണി മന്ദിരം തിരുവിതാംകൂറിന്റെ ഉജ്ജ്വല ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം സൃഷ്ടിക്കാന്‍ മുന്നില്‍ നിന്നവരില്‍ ഇന്ദിരാ പൊതുവാള്‍ എന്ന ഇന്ദിരാ ജോസഫ് വെണ്ണിയൂരുമുണ്ട്. ആദ്യകാല പിന്നണിഗായിക ശാന്താ പി.നായരുടെ സഹോദരി കൂടിയായ ഇന്ദിര പറയുന്നത് തിരുവിതാംകൂറിന്റെ ചരിത്രകഥകള്‍ കൂടിയാണ്. 

This is Trivandrum.You will now hear the news read by Indira poduval.... 
രാജ്യം സ്വതന്ത്രമായെങ്കിലും കേരളം സ്വാതന്ത്ര്യമെന്ന വാക്ക് ഉള്‍ക്കൊള്ളും മുന്‍പ്, ഇന്ത്യ റിപ്പബ്ലിക്കാകുന്നതിനും മുന്‍പ്, ഐക്യകേരളപ്പിറവിക്കു വളരെയേറെ മുന്‍പ് ഒരു വൈകുന്നേരം അനന്തപുരിക്കാര്‍ പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിലൂടെ പുറത്തുവന്ന ഈ ഉച്ചാരണശുദ്ധിയുള്ള ആംഗലേയ വാക്കുകള്‍ അദ്ഭുതാദരങ്ങളോടെ കേട്ടുനിന്നു. കവാത്ത് മൈതാനത്തുനിന്ന് അധികം അകലെയല്ലാതെ പഴയ എം.എല്‍.എ. ക്വാട്ടേഴ്‌സ് കെട്ടിടത്തിലെ സ്റ്റുഡിയോയിലിരുന്ന ഇന്ദിരാ പൊതുവാളും ഏതാണ്ടതേ വികാരങ്ങളില്‍ത്തന്നെയായിരുന്നു. ചിതറാതെ, ഉടയാതെ അന്തരീക്ഷത്തില്‍ തറച്ചുറച്ച ആ റേഡിയോ വാര്‍ത്തകള്‍ ഒരു ചരിത്രം സൃഷ്ടിക്കുകയാണെന്ന് ആ വായനക്കാരിയോ കേള്‍വിക്കാരോ അപ്പോള്‍ ആലോചിച്ചില്ല.

69 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ദിരയ്ക്കു കാര്യങ്ങള്‍ ഒരു റേഡിയോ വാര്‍ത്തപോലെ സുവ്യക്തം. 23കാരിയായ ഇന്ദിരയുടെ ശബ്ദം അന്ന് കേരളത്തിലെ ആദ്യത്തെ 'ആകാശവാണി'യാകുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണത്തിന്റെ സാക്ഷിയും ഭാഗവുമായ ഇന്ദിരയുടെ അനുഭവങ്ങള്‍ക്കൊപ്പംനില്‍ക്കാന്‍ അനന്തപുരിയില്‍ ഇന്നു വിരലിലെണ്ണാവുന്ന ആളുകളേയുണ്ടാവൂ. പൂജപ്പുരയിലെ വീട്ടില്‍ ആരോഗ്യവതിയായിരിക്കുന്ന 92കാരിയായ ഇന്ദിരാ പൊതുവാള്‍ എന്ന ഇന്ദിരാ ജോസഫ് വെണ്ണിയൂര്‍ പിന്നിട്ടകാലം   അനന്തപുരിയുടെ പല ചരിത്രങ്ങളുടേതു കൂടിയാണ്.

തൃശ്ശൂരിലെ പൊതുവാള്‍ അമ്പാടി തറവാട്ടില്‍ 1926ല്‍ ജനിച്ച ഇന്ദിര 15ാം വയസ്സിലാണ് തിരുവനന്തപുരത്തെത്തിയത്. അച്ഛന്‍ ആര്‍.വാസുദേവ പൊതുവാള്‍ തിരുവിതാംകൂര്‍ ആര്‍ക്കിയോളജി/മ്യൂസിയം ഡയറക്ടറായി നിയമിതനായപ്പോഴായിരുന്നു ആ പറിച്ചുനടല്‍. മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ കണിശക്കാരനായിരുന്ന വാസുദേവ പൊതുവാള്‍ ഇന്ദിരയെ അണ്ണാ സര്‍വകലാശാലയിലയച്ചു പഠിപ്പിച്ചു. സാമ്പത്തികശാസ്ത്രത്തില്‍ ബി.എ. ഓണേഴ്‌സ് പാസായി തിരിച്ചെത്തിയപ്പേഴാണ് അനന്തപുരിയുടെ അന്തരീക്ഷത്തിലൂടെയെത്തിയ റേഡിയോ തരംഗവീചികള്‍ ഇന്ദിരയുടെ ജീവിതത്തിലും ചലനങ്ങളുണ്ടാക്കിയത്.

തിരുവിതാംകൂറില്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ മുന്‍കൈയെടുത്ത് കുറഞ്ഞ പ്രസരണശേഷിയില്‍ തിരുവിതാംകൂര്‍ റേഡിയോനിലയം സ്ഥാപിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. ഓള്‍ ഇന്ത്യ റേഡിയോ ഡല്‍ഹി നിലയത്തില്‍നിന്നെത്തുന്ന പരിപാടികള്‍ കേള്‍ക്കുന്നതു പതിവാക്കിയ ഇന്ദിരയെ ഏറ്റവുമാകര്‍ഷിച്ചത് മെല്‍വിന്‍ ഡിമല്ലോ, റോഷന്‍ മേനോന്‍ തുടങ്ങിയവരുടെ ഇംഗ്ലീഷ് വാര്‍ത്താവായനയാണ്. അവരെപ്പോലെ വാര്‍ത്ത വായനക്കാരിയാകണമെന്ന ചിന്ത, മോഹവും ആവേശവും കടന്നു ദൃഢനിശ്ചയത്തിലെത്തി. പെണ്‍കുട്ടികള്‍ ജോലിക്കു പോകുന്നതു പ്രോത്സാഹിപ്പിക്കാത്ത തറവാട്ടില്‍നിന്നു സമ്മതം വാങ്ങുകയായിരുന്നു ആദ്യത്തെ കടമ്പ. അതു കടന്നുകിട്ടിയപ്പോള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മുന്നിലെത്തിച്ചു. മുഖ്യമന്ത്രി മുതല്‍ റേഡിയോനിലയം ഡയറക്ടര്‍വരെ അംഗീകരിച്ച ഇന്ദിര അങ്ങനെ 1949ല്‍ തിരുവിതാംകൂര്‍ റേഡിയോനിലയത്തില്‍ അനൗണ്‍സറായി ചേര്‍ന്നു. അനൗണ്‍സറില്‍നിന്നു തന്റെ സ്വപ്നമായ ഇംഗ്ലീഷ് വാര്‍ത്ത വായനക്കാരിയിലേക്കുള്ള ദൂരം വളരെക്കുറഞ്ഞ ദിവസങ്ങള്‍ മാത്രമായിരുന്നു.

ദിവസവും വൈകീട്ട് 7 മുതല്‍ 7.15 വരെയുള്ള വാര്‍ത്ത വായിച്ചുകഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ നിലയം ഡയറക്ടര്‍ രാമവര്‍മ അഭിനന്ദനവുമായി സ്റ്റുഡിയോയ്ക്കു പുറത്ത് കാത്തുനിന്നിരുന്നത് ഇന്ദിര ഇന്നും ഓര്‍ത്തഭിമാനിക്കുന്നു.  യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിനു മുന്നിലൂടെ പോകുമ്പോള്‍ ഇന്ദിരയുടെ അന്നത്തെ വായന അനുകരിച്ച് ചെറുപ്പക്കാര്‍ കമന്റടിക്കുന്നത് അഭിനന്ദനത്തിന്റെ മറ്റൊരുവശം. അപ്പോഴേക്കും മാറുന്നകാലത്തിന്റെ മാതൃകയായിക്കഴിഞ്ഞ ഇന്ദിര അനന്തപുരിക്കാരുടെ ഇഷ്ടശബ്ദങ്ങളിലൊന്നായി രൂപാന്തരപ്പെട്ടിരുന്നു.

കേരളത്തില്‍ ഉറച്ച ഭരണവും സര്‍ക്കാരും രൂപപ്പെടാന്‍ കഠിനപ്രയത്‌നങ്ങള്‍ നടക്കുന്ന അക്കാലത്ത് ഓള്‍ ഇന്ത്യ റേഡിയോ ഇവിടെയുമെത്തി നാട്ടുകാരുടെ മനംകവര്‍ന്നുയര്‍ന്നു. 1950 ഏപ്രില്‍ ഒന്നുമുതല്‍ തിരുവിതാംകൂര്‍ റേഡിയോ നിലയം ഓള്‍ ഇന്ത്യ റേഡിയോയുടെ ഭാഗമായി. രണ്ടുവര്‍ഷം കഴിഞ്ഞ് ആകാശവാണി, പഴയ എം.എല്‍.എ. ക്വാട്ടേഴ്‌സില്‍നിന്ന് ഇന്നത്തെ ഭക്തിവിലാസം കൊട്ടാരത്തിലേക്കുമാറ്റി. ഇന്ദിരയും കൂട്ടരും അങ്ങനെ കേരളത്തിനെ മറ്റൊരു ചരിത്രത്തിന്റെ കൂടി ഭാഗമാക്കി.

Indira
ഇന്ദിരയും ഭര്‍ത്താവ് ജോസഫ് വെണ്ണിയൂരും (ഫയല്‍ ചിത്രം)

 

ആകാശവാണിയില്‍ പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്തപ്പോള്‍ അതിനു നേതൃത്വം കൊടുക്കാന്‍ കോഴിക്കോട് നിലയത്തില്‍നിന്ന് മൂന്നു നാല് ചെറുപ്പക്കാരെത്തി. അതിലൊരാളായ പ്രോഗ്രാം അസിസ്റ്റന്റ് ജോസഫ് വെണ്ണിയൂരും അനൗണ്‍സര്‍ ഇന്ദിരയും ചേര്‍ന്നവതരിപ്പിച്ച പരിപാടികള്‍ പതുക്കെ പ്രണയതരംഗങ്ങളായി പരിണമിച്ചു. തന്റെ ജീവിതത്തിലെ അടുത്ത കടമ്പയായിരുന്നു ആ പ്രണയത്തിനു സമ്മതം വാങ്ങുകയെന്ന് ഇന്ദിര ഓര്‍ക്കുന്നു. പ്രശസ്ത സാഹിത്യകാരനും കലാവിമര്‍ശകനും കൂടിയായിരുന്ന വെണ്ണിയൂരിന്റെ കഴിവുകള്‍ക്കു മുന്നില്‍ പൊതുവാള്‍ അമ്പാടി തറവാട്ടുകാര്‍ക്ക് അന്യമതം എന്ന ചിന്ത അത്ര പ്രശ്‌നമായിത്തോന്നിയില്ല. വീട്ടുകാരുടെ മൗനാനുവാദത്തോടെ കോട്ടണ്‍ഹില്‍ സ്‌കൂളിനടുത്തുള്ള വാടകവീട്ടില്‍വെച്ച് 1954 ജൂലായ് നാലിന് ജോസഫ് ഇന്ദിരയ്ക്കു താലികെട്ടി. രണ്ടുദിവസം കഴിഞ്ഞ് വഴുതക്കാട്ടെ അഴഗപ്പ ഹാളില്‍വെച്ച് പ്രമുഖരെല്ലാം പങ്കെടുത്ത വിരുന്നും. മതവും ജാതിയുമില്ലാത്ത ആ ജീവിതം മക്കള്‍ക്കും സമൂഹത്തിനും മാതൃകയായിരുന്നു.

പിന്നീടുണ്ടായ റേഡിയോ വിപ്ലവത്തില്‍ 'ഇന്ദിരാജോസഫു'മാര്‍ ഒന്നിച്ചു മുന്നേറി. റേഡിയോ ദമ്പതിമാരുടെ മക്കളില്‍ ഇളയയാള്‍ സജന്‍ വെണ്ണിയൂര്‍ എ.ഐ.ആറില്‍നിന്ന് വൊളന്ററി റിട്ടയര്‍മെന്റ് എടുത്തശേഷം ജര്‍മന്‍ റേഡിയോയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ നിഷാ നാരായണന്‍ എഫ്.എം. റേഡിയോയില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ്. മൂത്തമകന്‍ വിജയന്‍ വെണ്ണിയൂര്‍ ഷാര്‍ജയില്‍ ഗള്‍ഫ് ടുഡെയില്‍ ഫീച്ചര്‍ റൈറ്ററും രണ്ടാമത്തെ മകന്‍ അജിത് വെണ്ണിയൂര്‍ ഒമാനില്‍ സീനിയര്‍ ഓങ്കോളജിസ്റ്റുമാണ്. 36 വര്‍ഷം മുന്‍പ് ജോസഫ് വെണ്ണിയൂര്‍ ബോംബെ നിലയത്തില്‍ ഡയറക്ടറായിരിക്കെ അവിചാരിതമായി മരിച്ചപ്പോള്‍ താങ്ങായിനിന്ന മക്കള്‍ തന്നെയാണ് ഇന്നും ഇന്ദിരയുടെ കരുത്ത്. പൂജപ്പുരയിലെ വെണ്ണിയൂര്‍ വീട്ടില്‍ ഇന്ദിരയ്ക്കു കൂട്ടായുള്ളത് സഹായികളായ കുമാരിയും ജയന്തിയുമാണ്. ജൂണ്‍ പത്തിന് ഇന്ദിരയുടെ 92ാം പിറന്നാളിന് പൂജപ്പുരയിലെ വെണ്ണിയൂര്‍ വീട്ടില്‍ മക്കളും കൊച്ചുമക്കളുമൊത്തുകൂടി വലിയ ആഘോഷമായിരുന്നു.

34 വര്‍ഷത്തെ ആകാശവാണി ജീവിതത്തിനൊടുവില്‍ 1984ല്‍ പ്രോഗ്രാം എക്‌സിക്യുട്ടീവായി ഇന്ദിര വിരമിച്ചു. വിരമിച്ച് 34 വര്‍ഷം കഴിഞ്ഞിട്ടും ഇന്ദിരയിലൂടെ നിശ്ശബ്ദമായി ജീവിക്കുന്നത് തിരുവിതാംകൂറിന്റെ ഒരുകാലത്തെ ചരിത്രം കൂടിയാണ്. ആ ചരിത്രത്തിന്റെ സാക്ഷിയാകാന്‍ ആയുരാരോഗ്യങ്ങള്‍ തന്നതിന് ഈ പഴയ തൃശ്ശൂര്‍ക്കാരി മനസ്സര്‍പ്പിച്ചു നന്ദിപറയുന്നത് ഗുരുവായൂരപ്പനോടും.