വ്യത്യസ്ത കഴിവുകളിലൂടെ ​ഗിന്നസ് റെക്കോഡുകളിലിടം നേടുന്നവരെക്കുറിച്ച് വാർത്തകൾ വരാറുണ്ട്.‌ ഒരുമണിക്കൂറിനുള്ളിൽ ആയിരത്തിനടുത്ത് കൈകളിൽ മൈലാഞ്ചിയിട്ട് ​ഗിന്നസിലിടം നേടിയ മലയാളി പെൺകുട്ടി ആദിത്യ വാർത്തയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് തലമുടി കൊണ്ട് ഡബിൾ ഡെക്കർ ബസ് നീക്കി റെക്കോഡിട്ട വനിതയാണ്.

​ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ആശാ റാണി എന്ന ഇന്ത്യക്കാരിയാണ് സ്വന്തം തലമുടി കൊണ്ട് ഡബിൾ ഡെക്കർ ബസ് വലിക്കുന്നത്. 

12,000 കിലോ ഭാരമുള്ള ഡബിൾ ഡ‍െക്കർ ബസാണ് ആശാ റാണി തലമുടി കൊണ്ട് വലിക്കുന്നത്. 12,216 കിലോയുള്ള ഏറ്റവും ഭാരമുള്ള വാഹനം തലമു‍‌ടി കൊണ്ട് വലിക്കുന്ന ആശാറാണി എന്ന ക്യാപ്ഷനോടെയാണ് പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഇരുവശത്തേക്കും മെടഞ്ഞിട്ട മുടികളുടെ അറ്റത്ത് കട്ടിയുള്ള ചടരടുകെട്ടി ബസിലേക്ക് ബന്ധിപ്പിച്ചിരിക്കുകയാണ്. ആശാറാണി പുറകിലേക്ക് നടന്ന് ബസ് വലിക്കുന്നതാണ് വീഡിയോയിലുള്ളത്. റെക്കോഡിട്ടെന്ന് അറിഞ്ഞയുടൻ ആശ ആനന്ദക്കണ്ണീരൊഴുക്കുന്നതും വീഡിയോയിൽ കാണാം. 

മൂന്നുലക്ഷത്തിൽപ്പരം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ആശാ റാണിയെ അഭിനന്ദിച്ച് വീഡിയോക്കു കീഴെ കമന്റുകളിട്ടു. എന്തായിരിക്കും ഈ മുടിയുടെ രഹസ്യമെന്നും ഇതാണ് യഥാർഥത്തിൽ കരുത്തമായ മുടി എന്നും തലമുടി മാത്രമല്ല അവളുടെ കാലുകളും കരുത്തമാണ് എന്നും ഷാംപൂ പരസ്യത്തിനു പറ്റിയ വീഡിയോ എന്നുമൊക്കെ കമന്റുകൾ ഉയർന്നു. 

Content Highlights: indian woman uses hair to pull  double decker bus, guinness world record, viral video