വിവാഹമോചനം എന്നു കേൾക്കുമ്പോഴേക്കും അരുതാത്തതെന്തോ എന്ന രീതിയിൽ ചിന്തിക്കുന്നവരുണ്ട്. രണ്ടുവ്യക്തികൾ അവരുടെ തുടർജീവിതത്തിലെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പിരിയാൻ തീരുമാനിക്കുന്നതിനേയും സമൂഹം സ്വീകരിക്കേണ്ടതുണ്ട്. വ്യത്യസ്തമായൊരു വിവാഹമോചന വാർത്തയാണ് ശ്രദ്ധേയമാവുന്നത്. യു.കെയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ സുനിത ​ഗുപ്തയാണ് പതിനേഴു വർഷം നീണ്ട വിവാഹബന്ധത്തിൽ നിന്നു മോചനം നേടിയത് കളർഫുള്ളായി ആഘോഷിച്ചത്. 

2003ൽ വിവാഹിതയായതാണ് സുനിത. ഇരുവരുടേയും സ്വൈര്യജീവിതം അവസാനിച്ചതോടെയാണ് പിരിയാൻ തീരുമാനിച്ചതെന്ന് നാൽപ്പത്തിയഞ്ചുകാരിയായ സുനിത പറയുന്നു. താനും ഭർത്താവും ഇരുധ്രുവങ്ങളിലായിരുന്നു. താൻ പുറത്തുപോവാനും സാമൂഹിക ജീവിതം ആസ്വദിക്കാനും ഇഷ്ടപ്പെട്ടിരുന്ന ആളാണെങ്കിൽ ഭർത്താവ് നേരെ വിപരീതമായിരുന്നു. എന്നാൽ വിവാഹത്തോടെ താനാകെ മാറിപ്പോയി. സജീവമായി കാര്യങ്ങളിൽ ഇടപെട്ടിരുന്ന തനിക്ക് ഒതുങ്ങിക്കൂടിയ ജീവിതം ഉൾക്കൊള്ളാനാകുമായിരുന്നില്ല. ഇനിയും പൊരുത്തപ്പെട്ടു പോകില്ല എന്നു മനസ്സിലായതോടെയാണ് വിവാഹമോചനത്തിന് മുതിർന്നതെന്ന് സുനിത പറയുന്നു. 

വിവാഹമോചനം കളർഫുൾ ആയി ആഘോഷിച്ചതിനെക്കുറിച്ചും സുനിതയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. 2018ൽ തുടങ്ങിയതായിരുന്നു വിവാഹമോചന നടപടികൾ. മൂന്നുവർഷത്തിനുശേഷമാണ് താൻ കെട്ടുപാടുകളിൽ നിന്ന് മോചിതയായത്. ആ സ്വാതന്ത്ര്യം ആഘോഷിക്കാനാണ് ഡിവോഴ്സ് പാർട്ടി നൽകാമെന്ന് തീരുമാനിക്കുന്നത്. കളർഫുൾ ആയിരിക്കണം പാർട്ടിയുടെ തീം എന്നും ഉറപ്പിച്ചിരുന്നു. ജീവിതത്തിൽ കളർഫുൾ ആയ തനിക്ക് താനൊരുക്കുന്ന പാർട്ടിയും കളർഫുൾ ആയിരിക്കണമെന്ന ചിന്തയിൽ നിന്നാണ് ഡിവോഴ്സ് പാർട്ടി വ്യത്യസ്തമാക്കിയതെന്നും സുനിത പറയുന്നു. 

വിവാഹമോചനത്തെ അരുതായി കാണുന്ന സമൂഹത്തിന് ഒരു സന്ദേശം നൽകുകയും തന്റെ ലക്ഷ്യമായിരുന്നെന്ന് സുനിത. വിവാഹമോചനത്തോടെ ജീവിതം അവസാനിക്കുകയാണെന്ന് കരുതുന്നവരാണ് ഭൂരിഭാ​ഗംപേരും. പക്ഷേ തന്റേത് ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളു എന്നാണ് പറയാനാ​ഗ്രഹിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്ന് ഏറെ പഠിക്കുകയും കരുത്തയാവുകയും ചെയ്തിട്ടുണ്ട്. എപ്പോഴും പഴയ തന്നെ തിരികെയെടുക്കമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഒരു തടവിൽ നിന്ന് മോചിക്കപ്പെട്ട അവസ്ഥയാണിപ്പോൾ. താനാ​ഗ്രഹിക്കുന്ന പോലെ ഇനിയുള്ള ജീവിതം ആഘോഷമാക്കണമെന്നും സുനിത പറയുന്നു . 

Content Highlights: Indian Woman Throws Herself A Unicorn-Themed Party To Celebrate Her Divorce