റോളർ സ്കേറ്റിങ്ങിനോടുള്ള അഭിനിവേശം മൂത്ത് ചിട്ടയായ പരിശീലനം മുടക്കാത്തവരുണ്ട്. എന്നാൽ വെറുതെയങ്ങ് പരിശീലിക്കുക മാത്രമല്ല അതിലും വ്യത്യസ്തത പുലർത്തി ഗിന്നസ് റെക്കോഡിലിടം നേടിയിരിക്കുകയാണ് ഒരു പെൺകുട്ടി. കണ്ണുകെട്ടി അസാമാന്യമായി റോളർ സ്കേറ്റിൽ അഭ്യാസപ്രകടനം നടത്തിയാണ് പെൺകുട്ടി ഗിന്നസ്സിലിടം നേടിയത്.
ഒജാൽ സുനിൽ നല്ലവാടി എന്ന പെൺകുട്ടിയാണ് റോളർ സ്കേറ്റിങ്ങിൽ തന്റേതായ ഇടം കണ്ടെത്തി റെക്കോഡിൽ മുത്തമിട്ടത്. 400 മീറ്റർ കണ്ണുകെട്ടി വേഗത്തിൽ സ്കേറ്റ് ചെയ്ത പെൺകുട്ടി എന്ന റെക്കോഡാണ് ഒജാലിനെ തേടിയെത്തിയത്.
ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒജാലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 51.25 സെക്കൻഡുകൾക്കുള്ളിലാണ് ഒജാൽ റോളര്‍ സ്‌കേറ്റില്‍ ഓടിയെത്തി റെക്കോഡ് നേടിയെടുത്തത്.
ഇരുവശത്തും കാഴ്ച്ചക്കാർ നോക്കിനിൽക്കേ കണ്ണുകെട്ടി അതിവേഗത്തിൽ സ്കേറ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് ഒജാലിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഒജാലിനോട് ബഹുമാനം തോന്നുന്നുവെന്നും ഇതിനുവേണ്ടി ഒജാൽ കടന്നുപോയ കഠിനാധ്വാനത്തെ വിസ്മരിക്കാനാവില്ലെന്നും വ്യത്യസ്തതയാണ് അവളെ വിജയത്തിലേക്കു നയിച്ചതെന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Indian girl roller skates blindfolded, bags world record title