വിവാഹവേദിയിൽ രോഷാകുലയായിരിക്കുന്ന വധു, വാദപ്രതിവാദങ്ങൾക്കൊടുവിൽ വരനെ അടിക്കുന്നു. സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു വീഡിയോ ആണിത്. വധുവിന്റെ രോഷപ്രകടനത്തിനു പിന്നിൽ മതിയായ കാരണവും ഉണ്ടായിരുന്നു. വിവാഹ വേദിയിൽ പുകയില ചവച്ചിരിക്കുന്ന വരനെ കണ്ടാണ് വധു കലിപൂണ്ടത്. 

ചടങ്ങുകൾ നടക്കുന്നതിനിടെ രോഷാകുലയായി സംസാരിക്കുന്ന വധുവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സമീപത്തിരിക്കുന്ന മറ്റൊരാളുമായി വാദപ്രതിവാദത്തിലാണ് വധു. വരൻ പുകയില ചവച്ചിരിക്കുന്നതിനെക്കുറിച്ചാണ് സംസാരം. തുടർന്ന് വരനുനേരെ തിരിഞ്ഞ വധു അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും തല്ലുകയും ചെയ്യുന്നത്. 

പുകയില ദുശ്ശീലമാണെന്നും അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നാണ് വീഡിയോയിൽ വധു പറയുന്നത്. ഉടൻ തന്നെ വരൻ പുകയില തുപ്പാനായി എഴുന്നേൽക്കുന്നതും കാണാം. നിരവധി പേരാണ് യുവതിയുടെ പ്രവർത്തിയെ പ്രശംസിച്ച് കമന്റ് ചെയ്തത്. എല്ലാ പെൺകുട്ടികളും ഇങ്ങനെയായിരിക്കണമെന്നും ദുശ്ശീലത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നുമൊക്കെ പോകുന്നു കമന്റുകൾ. അതിനിടെ വീഡിയോ നിജസ്ഥിതി പരിശോധിക്കണമെന്നും വ്യാജമാവാമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.