2018- ലാണ് സമൂഹത്തിന് നേരെ വിരല്‍ ചൂണ്ടി ഒരു കൂട്ടം സ്ത്രീകള്‍ മുന്നോട്ടുവന്നത്. അവര്‍ക്ക് പിന്നാലെ നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്നതോടെ അതൊരു വലിയ ചര്‍ച്ചയായി.  #MeToo മൂവ്‌മെന്റ് സിനിമാലോകമടക്കം സമൂഹത്തിന്റെ പലമേഖലകളെ പിടിച്ചു കുലുക്കി. ഹോളിവുഡ് താരമായ ഷാരോണ്‍ സ്‌റ്റോണ്‍ തുറന്ന് പറഞ്ഞത് പ്രസിദ്ധമായ ബേസിക് ഇന്‍സ്റ്റിങ്്ന്റ് എന്ന സിനിമയുടെ ഒരു സീനില്‍ പോലും താന്‍ ചതിക്കപ്പെട്ടതിനെ പറ്റിയായിരുന്നു. തന്റെ നഗ്നതയാണ് അവര്‍ ഷൂട്ട് ചെയ്ത് അങ്ങനെ തന്നെ സിനിമയില്‍ ഉപയോഗിച്ചതെന്നും സംവിധായകന്‍ തന്നോട് കള്ളം പറയുകയായിരുന്നു എന്നും ഷാരോണ്‍ പറഞ്ഞു. 

'ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒരു സ്‌കിന്‍ കളര്‍ ഇന്നര്‍ വെയര്‍ നല്‍കുമായിരുന്നു.' പറയുന്നത് ഒരു ഇരുപത്താറുകാരിയാണ്. ആസ്ത ഖന്ന എന്ന ഇന്ത്യയിലെ അംഗീകാരമുള്ള ആദ്യത്തെ ഇന്റിമസി കോര്‍ഡിനേറ്റര്‍. 

'മീടൂ മൂവ്‌മെന്റ് നമ്മുടെ രാജ്യത്ത് ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. എന്നാല്‍ അതിനൊരു പരിഹാരം കാണാന്‍ സിനിമാമേഖലയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. പുറത്തുള്ള രാജ്യങ്ങളില്‍ അങ്ങനെയായിരുന്നില്ല. ഇന്റിമസി കോര്‍ഡിനേറ്റര്‍ എന്ന സങ്കല്‍പം നമുക്ക് പരിചിതമായിരുന്നില്ല.' കഴിഞ്ഞ ഒമ്പത് മാസമായി ആസ്ത ഇന്ത്യന്‍ സിനിമയിലെ സര്‍ട്ടിഫൈഡ് ഇന്റിമസി കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയാണ്. 

2020 മുതല്‍ ഷാകുന്‍ ബത്രയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ആസ്ത. ബത്രയുടെ ഒരു ചിത്രത്തിന് വേണ്ടിയാണ് ഇന്റിമസി കോര്‍ഡിനേറ്ററിനായുള്ള തിരച്ചില്‍ ആസ്ത ആരംഭിച്ചത്. എന്നാല്‍ നമ്മുടെ നാട്ടില്‍ അങ്ങനെയൊരു പോസ്റ്റിനെ പറ്റി ആരും കേട്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല എന്ന് ബെറ്റര്‍ ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആസ്ത പറയുന്നു. 'യൂഫോറിയ എന്ന നാടകത്തിന് വേണ്ടി പ്രവര്‍ത്തിച്ച അമാന്‍ഡ ബ്ലുമെന്താളിനെ പരിചയപ്പെടുന്നത് ഈ തിരച്ചിലിന് ഇടയിലാണ്. ഇന്റിമസി വര്‍ക്ക്‌ഷോപ്പുകളും അതിനായുള്ള പ്രത്യേക പരിശീലനവും അമാന്‍ഡയുടെ നിര്‍ദേശമനുസരിച്ച് താരങ്ങള്‍ക്ക് നല്‍കിയാണ് പിന്നീട് സിനിമ ഷൂട്ട് ചെയ്തത്. ആ സിനിമയ്ക്കുവേണ്ടി ഞാന്‍ ഇന്റിമസി കോര്‍ഡിനേറ്ററായി, ഒപ്പം ഒരു ഇന്റിമസി കോച്ചും ഇന്റിമസി ഡയറക്ടറുമടങ്ങുന്ന മൂന്നുപേരുടെ ഒരു ടീമും ഞങ്ങള്‍ രൂപികരിച്ചു.' 

അമാന്‍ഡയാണ് ഇന്റിമസി കോര്‍ഡിനേറ്റര്‍ എന്ന പോസ്റ്റ് ആസ്തയ്ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് കൊറോണ പടര്‍ന്നു പിടിച്ചതോടെ ഷൂട്ടിങുകള്‍ നിര്‍ത്തി വീട്ടിലിരുന്നപ്പോഴാണ് ഇന്റിമസി പ്രൊഫഷണല്‍ അസോസിയേഷന്റെ ഇരുപതാഴ്ച നീളുന്ന പരിശീലന പരിപാടിയില്‍ ആസ്ത പങ്കെടുത്തത്. സര്‍ട്ടിഫിക്കറ്റും ആസ്ത കരസ്ഥമാക്കി.

'എന്ത് തരം ഇന്റിമസി സീനുകളാണ് നമ്മള്‍ ഷൂട്ട് ചെയ്യുക എന്നതനുസരിച്ചാണ് ഇന്റിമസി കോര്‍ഡിനേറ്ററുടെ ജോലി. ചെറിയ ചുംബനം മുതല്‍ സെക്‌സ് സീനുകളും ബലാത്സംഗ രംഗങ്ങളും വരെ ഇന്റിമസി കോര്‍ഡിനേറ്ററുടെ നിര്‍ദേശമനുസരിച്ചാണ് ഷൂട്ട് ചെയ്യുക. പ്രായപൂര്‍ത്തിയാവാത്ത കൂട്ടികളുടെ ഇത്തരം സീനുകളുണ്ടെങ്കില്‍ കൂടുതല്‍ കരുതലോടെ വേണം നമ്മള്‍ പ്രവര്‍ത്തിക്കാന്‍. പ്രത്യേകിച്ചും നമ്മുടെ സാമൂഹിക സാഹചര്യത്തില്‍. ' ആസ്ത പറയുന്നു. ഇപ്പോള്‍ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവരുടെ നിരവധി ചിത്രങ്ങളില്‍ ആസ്ത പ്രവര്‍ത്തിച്ചു കഴിഞ്ഞു.

'ഞാന്‍ ഒരു സെക്‌സ് പോലീസല്ല. ആളുകള്‍ക്ക് സുരക്ഷിതമായും മാനസികസമ്മര്‍ദ്ദമൊഴിവാക്കിയും ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുയാണ് എന്റെ ടീം ചെയ്യുന്നത്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.' തന്റെ ജോലിയെ പറ്റി ആസ്ത പറയുന്നു.   

content Highlights: India's first 'intimacy coordinator'Aastha Khanna