മിസ് യൂണിവേഴ്‌സായി മെക്‌സിക്കോയുടെ ആന്‍ഡ്രിയ മെസ് കിരീടമണിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ത്ഥി അഡ്‌ലീന്‍ കാസ്റ്റലിനോ. 2020 യില്‍ മിസ് ദിവ യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടതും അഡ്‌ലീനാണ്. 

കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചതുമൂലം കഴിഞ്ഞ വര്‍ഷം നടത്തേണ്ട മിസ് യൂണിവേഴ്‌സ് മത്സരം നീട്ടി വയ്ക്കുകയായിരുന്നു. മത്സരത്തില്‍ സൗന്ദര്യത്തോടൊപ്പം ബുദ്ധിശക്തി അളക്കുന്നതിനുള്ള ചോദ്യങ്ങളും മത്സരാർത്ഥികള്‍ നേരിട്ടിരുന്നു. അത്തരത്തിലൊരു ചോദ്യത്തിന് അഡ്‌ലീന്‍ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലാകുന്നത്. 'എത്ര ശക്തമായ ഉത്തരമാണ് ഇന്ത്യയുടേത്' എന്ന് ക്യാപ്ഷനോടെ മിസ് യൂണിവേഴ്‌സായ ആന്‍ഡ്രിയ മെസും അഡ്‌ലീനിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 

കൊറോണ തടയാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നറിഞ്ഞിട്ടും ലോക്ഡൗണ്‍ നടപ്പാക്കുമോ അതോ രോഗവ്യാപം കൂടുമെന്നറിഞ്ഞിട്ടും എല്ലാ അതിര്‍ത്തികളും തുറന്നു കൊടുക്കുമോ എന്നായിരുന്നു അഡ്‌ലീന്‍ നേരിട്ട ചോദ്യം.

'ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്നതിന്റെ ദൃക്‌സാക്ഷിയെന്ന നിലയില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട് ഒരു കാര്യമാണ് മനസ്സിലായത്. നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. സമ്പദ്‌വ്യവസ്ഥയും ആരോഗ്യവും തമ്മിലുള്ള ബാലന്‍സ് ചോരാതെ നിലനിര്‍ത്തണം. അത് സംഭവിക്കണമെങ്കില്‍ ജനങ്ങളും സര്‍ക്കാരും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം.' എന്നാണ് അഡ്‌ലീന്‍ നല്‍കിയ മറുപടി.

Content Highlights: India’s Adline Castelino said about covid pandemic in her Miss Universe speech