മുന്‍കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടുവര്‍ഷംനീണ്ട വിചാരണയ്ക്കുശേഷം മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയെ ഡല്‍ഹി കോടതി വെറുതേവിടുന്നതായി ഉത്തരവിട്ടത് ഇന്നലെയാണ്. 1993ല്‍ നടന്ന സംഭവത്തില്‍ എന്തുകൊണ്ട് പ്രിയാ രമണി നേരത്തേ പരാതി ഉന്നയിച്ചില്ലെന്ന അക്ബറിന്റെ നിയമജ്ഞരുടെ ചോദ്യത്തിന്, സ്ത്രീകള്‍ക്ക് പതിറ്റാണ്ടുകള്‍ കഴിഞ്ഞും പരാതി ഉന്നയിക്കാമെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പാണ്ഡെ വ്യക്തമാക്കി. ഒരാളുടെ സത്‌പേര് സംരക്ഷിക്കേണ്ടത് മറ്റൊരാളുടെ അഭിമാനം നഷ്ടപ്പെടുത്തിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സമൂഹത്തില്‍ ഉന്നത പദവിയിലിരിക്കുന്നയാളും ലൈംഗിക പീഡകനാകാം. ലൈംഗിക പീഡനം ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ഇല്ലായ്മ ചെയ്യും. ആത്മാഭിമാനം സംരക്ഷിക്കാനുള്ള അവകാശത്തിനു മുന്നില്‍ സത്‌പേര് സംരക്ഷിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതില്ലെന്നും കോടതി പറഞ്ഞു. ലെംഗിക പീഡനത്തിനെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഒരു സ്ത്രീയും ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും കോടതി വിലയിരുത്തി. 

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ എല്ലാ സ്ത്രീകളെയും നീതീകരിക്കുന്ന വിധിയാണ് ഇതെന്ന് പ്രിയാ രമണി പ്രതികരിച്ചു. പ്രസ്തുത വിധിയോടെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്ക് അര്‍ഹമായ ശ്രദ്ധ ലഭിക്കുമെന്നും സത്യം തുറന്നുപറയുന്ന സ്ത്രീകള്‍ക്കെതിരേ വ്യാജപരാതി ഉന്നയിക്കാന്‍ അധികാരമുള്ള പുരുഷന്മാര്‍ ധൈര്യപ്പെടില്ലെന്നാണ് കരുതുന്നതെന്നും പ്രിയാരമണി പറഞ്ഞു. 

കേസിന്റെ തുടക്കം

2017ല്‍ വോഗിലാണ് പ്രിയാ രമണി അമേരിക്കയിലെ മീടൂ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ പുരുഷ മേലധികാരികളുടെ സ്വഭാവത്തെക്കുറിച്ച് ലേഖനം എഴുതുന്നത്. ഇതിലാണ് വ്യക്തിപരമായ ഒരനുഭവവും പ്രിയാ രമണി ചൂണ്ടിക്കാട്ടിയത്. 1993ല്‍ ഏഷ്യന്‍ ഏജ് ന്യൂസ്‌പേപ്പറിന്റെ അഭിമുഖത്തിനായി ഒരു ഹോട്ടലില്‍ വച്ച് എംജെ. അക്ബറിന്റെ കണ്ടപ്പോഴുള്ള അനുഭവമാണ് പ്രിയാ രമണി കുറിച്ചത്. അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ക്ഷണിച്ചുവെന്നും ഭയപ്പെടുത്തിയ അഭിമുഖമായിരുന്ന അതെന്നും പ്രിയാ രമണി കുറിക്കുകയുണ്ടായി. അഭിമുഖത്തേക്കാളുപരി അക്ബര്‍ തനിക്കരികിലുള്ള ചെറിയ സ്ഥലത്ത് ഉരിക്കാന്‍ പറഞ്ഞുവെന്നും ബെഡും ഭയപ്പെടുത്തുന്ന അഭിമുഖ അന്തരീക്ഷത്തില്‍ നിന്നും വല്ലവിധേനയാണ് താന്‍ രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു. തുടര്‍ന്ന് തന്നെ അക്ബര്‍ ജോലിക്കെടുത്തെങ്കിലും അക്ബറിനൊപ്പം ഒരിക്കല്‍പ്പോലും ഒരുമുറിയില്‍ തനിച്ചുണ്ടാകില്ലെന്ന് ശപഥം ചെയ്തുവെന്നും പ്രിയാ രമണി കുറിച്ചു. എഴുത്തില്‍ മേലധികാരിയെക്കുറിച്ച് പരാമര്‍ശിച്ചില്ലെങ്കിലും പിന്നീട് 2018 ഒക്ടോബര്‍ എട്ടിന് അത് എം.ജെ അക്ബറാണെന്ന് പ്രിയാ രമണി ട്വീറ്റ് ചെയ്തു. പിന്നാലെ നിരവധി പേര്‍ എം.ജെ അക്ബറിനെതിരേ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തി. ഏതാണ്ട് പതിനാലോളം വനിതാ മാധ്യമപ്രവര്‍ത്തകരാണ് സമാനവും ഗൗരവകരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 

ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച്ചയ്ക്കകം അക്ബര്‍ പ്രിയാ രമണിക്കെതിരേ ക്രിമിനല്‍ മാനനഷ്ടത്തിന് പരാതി നല്‍കി. ഇന്ത്യയില്‍ മീടൂ ആരോപണത്തിന്‍ മുനയില്‍ നിന്ന പ്രശസ്തനായ വ്യക്തിയായിരുന്ന എഡിറ്ററും രാഷ്ട്രീയക്കാരനും മുന്‍മന്ത്രിയുമായിരുന്ന എം.ജെ അക്ബര്‍. പ്രിയാ രമണിയുടെയും തുടര്‍ന്ന് നിരവധി സ്ത്രീകളുടെയും ലൈംഗികപീഡന ആരോപണത്തോടെ 2018ലാണ് അക്ബര്‍ വിദേശകാര്യ സഹമന്ത്രി പദവി രാജിവെക്കുന്നത്. പ്രിയാ രമണിയുടെ ആരോപണം തന്റെ പദവിക്ക് കോട്ടമുണ്ടാക്കിയെന്നു കാണിച്ചാണ് അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയത്. എന്നാല്‍ താന്‍ പ്രതിരോധിക്കുന്നത് സത്യത്തിലൂടെയും പൊതുനന്മയിലൂടെയുമാണെന്നും അക്ബറിന്റേത് തെറ്റായ സത്‌പേരാണെന്നുമാണ് പ്രിയാ രമണി ചൂണ്ടിക്കാട്ടിയത്. 

കോടതിയില്‍, പ്രിയാ രമണി നടത്തിയ ആരോപണങ്ങളെ നിഷേധിച്ച അക്ബര്‍ താന്‍ അവരെ ഹോട്ടലില്‍ അഭിമുഖത്തിന് ക്ഷണിച്ചിട്ടില്ലെന്നും മുറിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രിയാരമണിയുടേത് നിന്ദ്യമായ ഭാഷണയാണെന്നും നുണകളാല്‍ കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും പറഞ്ഞു. ഇത് തന്റെ പൊതുസമ്മതിയെ ബാധിച്ചുവെന്നും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള നിലനില്‍പ്പിനെയും ബാധിച്ചുവെന്നും പറഞ്ഞ അക്ബര്‍ തന്റെ സത്‌പേര് സംരക്ഷിക്കാനാണ് കേസ് നല്‍കുന്നതെന്നും പറഞ്ഞു. 

വോഗില്‍ എഴുതിയ ആര്‍ട്ടിക്കിള്‍ തന്നെയാണ് പ്രിയാരമണി പിന്നീട് കോടതിക്ക് മുന്നില്‍ സുപ്രധാന തെളിവായി ഹാജരാക്കിയതും. ഒപ്പം സമാനമായ ആരോപണങ്ങളുന്നയിച്ച മറ്റ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. 1990കളില്‍ അക്ബര്‍ ഏഷ്യന്‍ ഏജിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നെന്നും ശക്തനായ മനുഷ്യനായിരുന്നെന്നും പ്രിയാ രമണി കോടതിയില്‍ സമര്‍ഥിച്ചു. അന്ന് എംജെ അക്ബര്‍ നാല്‍പതുകളിലായിരുന്നെന്നും ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഇരുപതുകളിലും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരും ജോലി നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമായിരുന്നെന്നും പ്രിയാ രമണി പറഞ്ഞു. ഇതിനിടെ എം.ജെ അക്ബറിന്റെ സഹപ്രവര്‍ത്തകയായ ഗസാല വഹാബും അക്ബറിനൊപ്പമുണ്ടായിരുന്ന കാലം നരകതുല്യമായിരുന്നെന്നും നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നും ദി വയറില്‍ ആര്‍ട്ടിക്കിള്‍ എഴുതുകയുണ്ടായി. ഇതും അക്ബറിനെതിരെയുള്ള ആരോപണം ശക്തമാക്കുന്നതായിരുന്നു.  

Content Highlights: India ex-minister loses #MeToo defamation case to Priya Ramani, What is the case about