ട്ടും പ്രതീക്ഷിക്കാതെയാണ് കണ്ണൂർ സ്വദേശിയായ ​ഗോപിക സുരേഷ് മിസ് കേരള സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ലോക്ക്ഡൗൺ കാലത്തെ ഒരു തോന്നലിന്റെ പുറത്താണ് അപേക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അളവറ്റ് സന്തോഷം തോന്നി. ഒടുവിൽ ഇരുപത്തിയഞ്ചോളം മത്സരാർഥികളെ മറികടന്ന് ഇംപ്രസാരിയോ അവതരിപ്പിക്കുന്ന മിസ് കേരള പദവി കരസ്ഥമാക്കിയപ്പോഴും ​ഗോപികയ്ക്ക് കൃത്യമായ നിശ്ചയമുണ്ട്, ഇനിയങ്ങോട്ടുള്ള ചുവടുകളെക്കുറിച്ച്. മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുകയാണ് ​ഗോപിക.

''ഞാൻ പഠിച്ചതും വളർന്നതുമൊക്കെ ബെം​ഗളൂരുവിൽ ആണ്. ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി. ചെയ്യുന്നു. ലോക്ക്ഡൗൺ സമയത്താണ് ഓഡിഷൻ നോട്ടീസ് കണ്ട് മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. ഇരുപത്തിയഞ്ച് ഫൈനലിസ്റ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് ടോപ് ഫൈവ് വരെയെത്തി. ഒടുവിൽ കിരീടവും സ്വന്തമാക്കി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുള്ളത്. മോഡലിങ് പശ്ചാത്തലത്തിൽ നിന്നുൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതാദ്യത്തെ റാംപ് അനുഭവമാണ്. കേരളത്തെ പ്രതിനിധീകരിക്കുന്ന ടൈറ്റിലാണ് ലഭിച്ചിരിക്കുന്നത്. അതിന്റെ ഉത്തരവാദിത്തോടെ മുന്നോട്ടുപോവും. ജീവിതം ബെം​ഗളൂരുവിലാണെങ്കിലും ഓരോ ചുവടിലും കേരളം മനസ്സിലുണ്ടാവും''.- ​ഗോപിക പറയുന്നു.

gopika

പഠനമേഖലയെ ​ഗൗരവമായി കൊണ്ടുപോകാനും ​ഗോപികയ്ക്ക് പദ്ധതിയുണ്ട്. ''പ്രത്യേകിച്ച് പ്രസവാനന്തര വിഷാദരോ​​ഗത്തിലൂടെ കടന്നുപോകുന്ന അമ്മമാർക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. നിരവധി ചെറുപ്പക്കാരായ അമ്മമാർ പ്രസവാനന്തര വിഷാദരോ​ഗത്തിലൂടെ കടന്നുപോവുന്നുണ്ട്. വിഷാദരോ​ഗത്തെ പലരും അം​ഗീകരിക്കുമ്പോഴും പ്രസവാനന്തര വിഷാദരോ​ഗത്തെക്കുറിച്ച് ഇപ്പോഴും സ്റ്റി​ഗ്മ നിലനിൽക്കുന്നുണ്ട്. മാതൃത്വത്തെ അമിതമായി മഹത്വവൽക്കരിക്കുന്ന സ്വഭാവമാണ് രാജ്യത്തുള്ളത്. ഹോർമോൺ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നത്തെ സമൂഹം ​ഗൗരവമായി എടുക്കേണ്ടതുണ്ട്. ഒപ്പം കുട്ടിക്കാലം മുതൽ കൂടെയുള്ള നൃത്തവുമായി മുന്നോട്ടു പോകണമെന്നുണ്ട്.''

ലഹരിയുമായി ബന്ധപ്പെട്ടു വന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് ​ഗോപികയെ വിജയിയാക്കിയത്. ട്രഡീഷണൽ റൗണ്ട്, ഡിസൈനർ റൗണ്ട്, ​ഗൗൺ റൗണ്ട് എന്നിങ്ങനെയാണ് റൗണ്ടുകളുള്ളത്. അതിൽ രണ്ടു ചോദ്യോത്തര റൗണ്ടുമുണ്ട്. അവസാന ഘട്ടത്തിൽ ലഹരിയുമായി ബന്ധപ്പെട്ട ചോദ്യമാണ് എനിക്കു വന്നത്. ലഹരി ഉപയോ​ഗത്തിൽ ആരെയാണ് പഴിചാരേണ്ടത് എന്നതായിരുന്നു ചോദ്യം. വിദ്യാഭ്യാസത്തെയാണ് പഴിചാരേണ്ടത് എന്നാണ് ഞാൻ നൽകിയ ഉത്തരം. ലൈം​ഗിക വിദ്യാഭ്യാസത്തിനു വേണ്ടി വാദിക്കുന്നതു പോലെ തന്നെ ആന്റി നർകോട്ടിക്, ആന്റി ഡ്ര​ഗ് എജ്യുക്കേഷനു വേണ്ടിയും സംസാരിക്കണം. കുട്ടികൾ അതിന്റെ ദോഷഫലത്തെക്കുറിച്ച് സ്കൂൾകാലം മുതൽ തിരിച്ചറിയണം.- ​ഗോപിക പറയുന്നു. 

കേരളത്തിന്റെ സൗന്ദര്യറാണിയായ ​ഗോപികയ്ക്ക് സൗന്ദര്യത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്. കാഴ്ചയിലെ സൗന്ദര്യത്തിനേക്കാൾ ​ഒരു വ്യക്തിയുടെ ധീരതയാണ് അയാളുടെ യഥാർഥ സൗന്ദര്യം എന്നുപറയുന്നു ​ഗോപിക. "സ്ത്രീകൾ എല്ലാ കാര്യങ്ങളിലും മുന്നിൽ നിൽക്കുന്ന കാലമാണിത്. ധീരയായ, കരുത്തയായ സ്ത്രീയാണ് തന്റെ മനസ്സിലെ ഏറ്റവും വലിയ സുന്ദരി''- ​ഗോപിക പറഞ്ഞുനിർത്തി.

Miss Kerala 2021
എറണാകുളത്ത് നടന്ന മിസ്‌ കേരള-2021 ആയി തിരഞ്ഞെടുക്കപ്പെട്ട ഗോപിക സുരേഷ്, ഫസ്റ്റ് റണ്ണറപ്പ് ലിവ്യ ലിഫി (ഇടത്), സെക്കൻഡ്‌ റണ്ണറപ്പ് ​ഗ​ഗന ​ഗോപാൽ എന്നിവർ

Content Highlights: impresario miss kerala 2021 , gopika suresh crowned Miss Kerala, miss kerala beauty pageant