91 ദിവസം ഏതു നിമിഷവും അരിഞ്ഞു വീഴ്ത്തപ്പെടാം എന്ന ഭീതിയോടെ, ഒരു ഇടുങ്ങിയ ബാത്റൂമില്‍. അതും ഒരു പെണ്‍കുട്ടി. കൂട്ടത്തില്‍ വേറെ ഏഴ് സ്ത്രീകള്‍. അവിശ്വസനിയീമായി തോന്നാം ഇത്. പണ്ടെങ്ങോ നടന്നതല്ല. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ വംശീയഹത്യയുടെ ഇടയില്‍, ഈ കാലഘട്ടത്തില്‍ നടന്ന സംഭവമാണിത്. ഇമ്മാക്കുലി ഇലിബാഗീസ എന്നാണവളുടെ പേര്. നാട് റുവാണ്ട.
മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടെ പടിഞ്ഞാറേ ഭാഗത്തു കിബുയെ പ്രവിശ്യയില്‍ മതബ ഗ്രാമത്തില്‍ ആണ് 1972 ല്‍ ഇമ്മാക്കുലീ ജനിച്ചത്. അച്ഛന് ലിയോണാര്‍ഡ്. 'അമ്മ റോസ്. മൂന്ന് സഹോദരന്മാര്. കത്തോലിക്കാ വിശ്വാസികളായിരുന്നു അവര്‍. ആ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ലിയോണാര്‍ഡും റോസും, ദാരിദ്ര്യത്തിനും വിശപ്പിനും എതിരെയുള്ള ഏക പ്രതിരോധം വിദ്യാഭ്യാസം ആണെന്ന് മനസ്സിലാക്കിയവരാണ്. രണ്ടു പേരും അധ്യാപകര്‍ ആയി. നാട്ടില്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതായിരുന്നു ഇമ്മാക്കുലിയുടെ കുടുംബം. വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കിയതുകൊണ്ട് ഇമ്മാക്കുലിയും സഹോദരങ്ങളും നല്ല നിലയിലേക്ക് ഉയര്‍ന്നു. ആ പ്രദേശത്തു നിന്ന് ആദ്യമായി മാസ്റ്റേഴ്സ് ഡിഗ്രി എടുത്ത ഒരാള്‍ ആ കുടുംബത്തിലെ രണ്ടാമത്തെ മകന് ഡാമഷീന് ആയിരുന്നു. സ്കൂള്‍ പഠനം വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ ഇമ്മാക്കുലീയാകട്ടെ ബുട്ടരെ ദേശിയ സര്‍വകലാശാലയിലെ സ്കോളര്‍ഷിപ്പിന് അര്‍ഹയായി അവിടെ പഠനം ആരംഭിച്ചു.
റുവാണ്ടയിലെ വംശീയ ഭിന്നതകള്‍ക്കു ദശകങ്ങളുടെ പഴക്കമുണ്ട്. ജനസംഖ്യയുടെ 85 ശതമാനത്തോളം വരുന്ന ഹുട്ടു വിഭാഗക്കാരും ന്യൂനപക്ഷമായ ടുട്സികളും തമ്മിലായിരുന്നു പ്രധാന ഭിന്നത. ഉഗാണ്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ടുട്സികളുടെ Rwandan Patriotic Front (RPF) മായി Arushi Accords എന്ന് അറിയപ്പെടുന്ന സമാധാന സന്ധി റുവാണ്ടന്‍ ഭരണകൂടം 1993 ഓഗസ്റ്റില്‍ ഒപ്പു വെച്ചത് ഇഷ്ടപ്പെടാത്ത ധാരാളം ആളുകള്‍ രാജ്യത്തുണ്ടായിരുന്നു. കൂടാതെ ഇന്ററാഹംവെ (interahamwe-ഈ വാക്കിനു അര്‍ഥം ഒരുമിച്ചു ആക്രമിക്കുന്നവര്‍ എന്നാണ്) എന്ന പേരില്‍ ഹുട്ടു വംശജനായ പ്രസിഡന്റിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച യുവജന പ്രസ്ഥാനം ഔദ്യോഗിക പിന്തുണയോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇതിന്റെയൊക്കെ ബാക്കിപത്രമാകാം 1994 ഏപ്രില്‍ ആറാം തീയതി, രാജ്യതലവന്മാരുടെ ഒരു പ്രാദേശിക യോഗത്തിനു പോയി തിരിച്ചു വന്ന റുവാണ്ട, ബുറുണ്ടി എന്നീ രാജ്യങ്ങളിലെ ഹുട്ടു വംശജരായ പ്രസിഡന്റുമാരുടെ വിമാനം കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടു മുന്‍പ് മിസൈല്‍ ആക്രമണം ഏറ്റു തകര്‍ന്നതും പ്രെസിഡന്റുമാര്‍ ഉള്‍പ്പെടെ എല്ലാവരും കൊല്ലപ്പെട്ടതും. തുടര്‍ന്ന് അങ്ങോട്ട് ഉണ്ടായതു ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും ക്രൂരമായ വംശഹത്യ ആയിരുന്നു. ഏകദേശം നൂറു ദിവസം നീണ്ടുനിന്ന നരനായാട്ടില്‍ ന്യൂനപക്ഷക്കാരായ 10 ലക്ഷത്തോളം ആളുകള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഒരാളാകേണ്ടിയിരുന്ന ഇലിബാഗിസ പക്ഷെ സാഹസികമായ അതിജീവനത്തിന്റെ സാക്ഷിയായി ഇന്നും നമ്മുടെ മധ്യേ ജീവിക്കുന്നു.
ഈസ്റ്റര്‍ അവധിക്കു ഇലിബാഗിസ വീട്ടില്‍ വന്ന സമയത്താണ് പ്രസിഡണ്ട് കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ ടുട്സികള്‍ക്കെതിരെ ആയുധങ്ങളുമായി ഇന്റെര്ഹംവെയും കൂട്ടത്തില്‍ ധാരാളം ഹുട്ടു വംശജരും സൈനികര്‍ പോലും തെരുവില്‍ ഇറങ്ങി. കൊടുവാള് പോലെയുള്ള macheti എന്ന ആയുധം ആണ് ടുട്സികളെ അരിഞ്ഞു വീഴ്ത്താന്‍ വ്യാപകമായി ഉപയോഗിച്ചത്. മതബ ഗ്രാമത്തിലും അവര്‍ കൊലവിളി മുഴക്കി നിരപരാധികളെ കൊന്നു വീഴ്ത്തുവാന്‍ തുടങ്ങി. ടുട്സി വംശജര്‍ ആയിരുന്നതിനാല്‍ ഇമ്മാക്കുലിയുടെ കുടുംബവും കൊല്ലപ്പെടേണ്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ഗ്രാമത്തിലുള്ള ആയിരകണക്കിന് ടുട്സികള്‍ ലിയോണാര്‍ഡോയുടെ വീട്ടില്‍ പ്രതോരോധത്തിനായി ഒന്നിച്ചു കൂടിയെങ്കിലും എതിരാളികള്‍ അതിലും ശക്തരും ഔദ്യോഗിക പിന്തുണ ഉള്ളവരുമായിരുന്നതിനാല് പിടിച്ചു നില്‍ക്കാനാവില്ല എന്ന് അവര്‍ക്കു അറിയാമായിരുന്നു.
ഒരു യുവതി കൊലയാളികളുടെ കയ്യില്‍ പെട്ടാല്‍ കൂടുതല്‍ ക്രൂരതകള്‍ക്ക് ഇരയാകും എന്നറിയാമായിരുന്നതിനാല്‍ ഡാമാഷിന് ആണ് ആദ്യം പറഞ്ഞത്: ഇമ്മാക്കുലീ ഗ്രാമത്തിലെ മുറിന്സി എന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ വീട്ടില്‍ പോയി അഭയം തേടുകയാവും നല്ലതു എന്ന്. ഹുട്ടു വംശജനായതിനാല്‍ അദ്ദേഹത്തിന്റെ വീട് സുരക്ഷിതമായിരിക്കും. കലാപം ശമിച്ചു കഴിയുമ്പോള്‍ ഞാന്‍ തന്നെ വന്നു കൂട്ടികൊണ്ടു പോരാം എന്ന് ലിയോണാര്‍ഡ് പറഞ്ഞു. വീട്ടുകാരെ വിട്ടു പോകാന്‍ ഒട്ടും മനസില്ലായിരുന്നെങ്കിലും അവരുടെ നിര്‍ബന്ധത്തിനു അവള് വഴങ്ങി. ഏതാനും മൈലുകള്‍ അകലെയുള്ള പാസ്റ്ററുടെ വീട്ടിലേക്കു അവള് നീങ്ങി. അച്ഛന് കയ്യില്‍ വെച്ച് കൊടുത്ത ചുവപ്പും വെള്ളയും മുത്തുകളുള്ള ഒരു ജപമാലയും മുറുകെ പിടിച്ച്.
പാസ്റ്റര്‍ മുറിന്സിയുടെ യൂറോപ്യന്‍ രീതിയില്‍ പണി ചെയ്യപ്പെട്ട വീട് ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീടായിരുന്നു. ഏതാനും മുറികളും ഇടനാഴികളും ഒക്കെയുള്ള വീട്. ഇമ്മാക്കുലി അവിടെ എത്തുമ്പോള്‍ വേറെ പലരും നേരത്തെ തന്നെ അവിടെ അഭയം തേടിയിരുന്നു. അവിടെയുണ്ടായിരുന്ന പലരും ദുര്‍മുഖത്തോടെ ആണ് അവളെ സ്വീകരിച്ചത്. അതില്‍ താഴ്ന്ന ക്ലാസ് മുതല്‍ ഉറ്റസുഹൃത്തായിരുന്ന ഒരു സഹപാഠിയും പെടും. പക്ഷെ ഭൂരിപക്ഷ വംശജനായ പാസ്റ്റര്‍ എന്തോ അവളെ കയ്യൊഴിഞ്ഞില്ല. അവള് അവിടെ എത്തി കുറച്ചു സമയത്തിനുള്ളില്‍ അവള് അറിഞ്ഞു കൊലയാളികള്‍ അവളുടെ വീട് ആക്രമിച്ചു കത്തിച്ചു ചാമ്പലാക്കിയ വിവരം. കൊലയാളികള്‍ പാസ്റ്ററുടെ വീടിനു പുറത്തൊക്കെ ആക്രോശത്തോടെ അലറി നടക്കുന്നത് കേള്‍ക്കാമായിരുന്നു.
ഏതു നിമിഷവും അവര്‍ അകത്തു വരാം. പിടിക്കപ്പെട്ടാല്‍ ആ നിമിഷം കൊടുവാളിനു അറിഞ്ഞു വീഴ്ത്തപ്പെടും എന്ന് അവള്‍ക്കു ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ ഇമ്മാക്കുലി ഉള്‍പ്പെടയുള്ള ടുട്സി സ്ത്രീകളെ അങ്ങനെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ല എന്ന് പാസ്റ്റര്‍ക്കു നന്നായി അറിയാമായിരുന്നു. താന്‍ ഒരു ഹുട്ടു ആണെങ്കിലും ടുട്സികള്ക്കു അഭയം കൊടുത്താല്‍ തന്നെയും അവര്‍ കൊല്ലും എന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാല്‍ പാസ്റ്റര്‍ തന്നെ ഒരു പോംവഴി കണ്ടുപിടിച്ചു.
പിറ്റേ ദിവസം അതിരാവിലെ വീട്ടില്‍ മറ്റാരും ഉണരുന്നതിനു മുന്‍പേ പാസ്റ്റര്‍ ആ സ്ത്രീകളെ വീടിനുള്ളില്‍ സുരക്ഷിതം എന്ന് തോന്നിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി. കിടപ്പുമുറിയോടു ചേര്‍ന്നുള്ള ബാത്ത് റൂം ആയിരുന്നു. 4 അടി നീളവും 3 അടി വീതിയും മാത്രമുള്ള ഒരു ഇടുങ്ങിയ മുറി. ആ മുറിയിലേക്ക് ഇലിബാഗിസ ഉള്‍പ്പെടെ 55 നും 12 നും ഇടയില്‍ പ്രായമുള്ള ആ ആറ് സ്ത്രീകള്‍ കയറി. വീട്ടില്‍ ആരെയും ഇത് അറിയിച്ചില്ല. സ്ത്രീകളെ രാവിലെ തന്നെ വീട്ടില്‍ നിന്ന് പറഞ്ഞു വിട്ടു എന്നാണ് അദ്ദേഹം അവരോടു പറഞ്ഞത്. 'സ്വന്തം മക്കളെ പോലും ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല' എന്ന് പാസ്റ്റര്‍ക്ക് അറിയാമായിരുന്നു. ഒട്ടും ശബ്ദം പുറത്തു കേള്‍ക്കരുത് എന്ന് അവരെ പ്രത്യേകം നിര്‍ദേശിച്ചു. ടോയ്ലറ്റ് ഫ്ളഷ് ചെയ്യാന്‍ പോലും നിയന്ത്രണമുണ്ടായിരുന്നു. ഭിത്തിക്ക് അപ്പുറത്തെ മുറിയിലെ ഒരു ടോയ്ലറ്റ് വീട്ടിലെ അംഗങ്ങള്‍ ആരെങ്കിലും ഫ്ളഷ് ചെയ്യുമ്പോള്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പറ്റിയിരുന്നുള്ളു. ഒരാഴ്ച കൊണ്ട് എല്ലാം ശരിയാകും. അതുവരെ ഇതിനുള്ളില്‍ അനങ്ങാതെ കഴിയുക, എന്നായിരുന്നു പാസ്റ്ററിന്റെ നിര്‍ദേശം.

പക്ഷെ കാര്യങ്ങള്‍ അവര്‍ വിചാരിച്ചതുപോലെ എളുപ്പത്തില്‍ തീര്‍ന്നില്ല. ആ ഇടുങ്ങിയ മുറിയില്‍ അവര്‍ ദിവസങ്ങളും ആഴ്ചകളും കഴിച്ചുകൂട്ടി. ഒരു ദീര്‍ഘ ശ്വാസത്തിന്റെ ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാതെ. വീട്ടില്‍ ആരും കാണാതെ വല്ലപ്പോഴും, ചിലപ്പോള്‍ ഒന്നും രണ്ടും ദിവസം കൂടുമ്പോള്‍, പാസ്റ്റര്‍ കൊണ്ടുവന്നു കൊടുക്കുന്ന അല്പം ഭക്ഷണം ആയിരുന്നു ആശ്രയം. ഇതിനിടെ കൊലയാളികള്‍ സംശയം തോന്നി പലതവണ വന്നു പാസ്റ്ററുടെ വീട് അരിച്ചുപെറുക്കി. പുറത്താകട്ടെ അവര്‍ സര്‍ക്കാര്‍ പിന്തുണയോടെ എല്ലാ ടുട്സികളെയും അരിഞ്ഞുവീഴ്ത്തികൊണ്ടിരുന്നു. പള്ളികളില്‍ അഭയം തേടിയവരെ പോലും വെറുതെ വിട്ടില്ല. ഈ വാര്‍ത്തകളൊക്കെ ഇടയ്ക്കു പാസ്റ്റര്‍ സ്ത്രീകള്‍ക്ക് എത്തിച്ചു കൊടുക്കുമായിരുന്നു. ഇലിബാഗിസ ആകട്ടെ നിരന്തരം ജപമാല ചൊല്ലികൊണ്ടിരുന്നു. ഒരു ദിവസം അവള് പാസ്റ്ററോട് പറഞ്ഞു മുറിയില്‍ ഉണ്ടായിരുന്ന ഒരു അലമാര എടുത്തു ബാത്റൂമിലെ വാതില്‍ മറയത്തക്ക രീതിയില്‍ ഇടാന്‍. അത് ഏതായാലും അവര്‍ക്കു വലിയ രക്ഷയായി.
ഇതിനിടയില്‍ അഭയം തേടിവന്ന രണ്ടു സ്ത്രീകളെ കൂടെ പാസ്റ്റര്‍ ആ ബാത്ത് റൂമിലേക്ക് കയറ്റി. അങ്ങനെ 8 സ്ത്രീകള്‍ ആ ഇടുങ്ങിയ മുറിയില്‍ ഒതുങ്ങി കൂടി. ഒന്ന് നടുവ് നിവര്‍ത്താന്‍ പറ്റാതെ, വസ്ത്രം മാറുകയോ കുളിക്കുകയോ ചെയ്യാന്‍ പറ്റാതെ, തൊലിയെല്ലാം വിളറി, ചുണ്ടുകള്‍ വിണ്ടു കീറി, വായിലെല്ലാം വീര്‍ത്തു കെട്ടി, വല്ലപ്പോഴും മാത്രം ഭക്ഷണം കഴിച്ചു, പരസ്പരം മിണ്ടാനാവാതെ, ശബ്ദം പോലും കേള്‍പ്പിക്കാതെ, എപ്പോള്‍ വേണമെങ്കിലും കതകു തുറന്നു വരാവുന്ന കൊലയാളിയെ പേടിച്ചു..... ഇതിനിടയില്‍ വന്ന കടുത്ത പനിയും മൂത്രാശയ സംബന്ധമായ അണുബാധയുമൊക്കെ സഹിക്കുകയല്ലാതെ അവര്‍ക്ക് വഴിയുണ്ടായില്ല. ഇമ്മാക്കുലി പല ദിവസങ്ങളിലും 20 മണിക്കൂറോളം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇതിനെയെല്ലാം അതിജീവിക്കും എന്ന് അവള് ഉറച്ചു വിശ്വസിച്ചു. രണ്ടു കാര്യങ്ങള്‍ അവള് പാസ്റ്ററോട് ചോദിച്ചു വാങ്ങി. ഒരു ബൈബിളും പിന്നെ ഫ്രഞ്ച് ഇംഗ്ലീഷ് നിഘണ്ടുവും. കലാപത്തിന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയും ഉദ്യോഗസ്ഥരും വരാന്‍ സാധ്യത ഉണ്ടെന്നും അവരോടു സംസാരിക്കാന്‍ ഇംഗ്ലീഷ് പ്രാവീണ്യം നല്ലതായിരിക്കും എന്നും ചിന്തിച്ച അവള് ആ കുടുസു മുറിയില്‍ ഇരുന്നു ഇംഗ്ലീഷും പഠിച്ചു.
ഏകദേശം മൂന്നു മാസങ്ങള്‍ക്കു ശേഷവും ഇമ്മാക്കുലിക്കു വേണ്ടിയുള്ള തിരച്ചില്‍ കൊലയാളികള്‍ നിര്‍ത്തിയില്ല. 'ഞാന്‍ 399 പാറ്റകളെ കൊന്നു. ഇമ്മാക്കുലി ആയിരിക്കും 400 -മത്തെ പാറ്റ' എന്ന് ഒരു കൊലയാളി പുറത്തു നിന്ന് വമ്പു പറയുന്നത് അവള് തന്നെ കേട്ടു (ടുട്സികളെ പാറ്റകള്‍ എന്നാണ് ഹുട്ടുകള്‍ വിളിച്ചിരുന്നത്.) മൂന്നു മാസത്തോളമായി ബാത്ത് റൂം ക്ലീന്‍ ചെയ്യാത്തതിനാല്‍ പാസ്റ്ററുടെ വീട്ടീലെ വേലക്കാരന് പയ്യന് ചില സംശയങ്ങള്‍ തോന്നാന്‍ തുടങ്ങിയതായി പാസ്റ്ററിനു മനസ്സിലായി. പക്ഷെ ഇതിനകം ശുഭ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. നരഹത്യ അവസാനിപ്പിക്കാനും അവശേഷിക്കുന്ന ടുട്സികളെ രക്ഷിക്കാനായി ഫ്രഞ്ച് സൈന്യം റുവാണ്ടയില്‍ എത്തി. അവരുടെ ഒരു ക്യാമ്പ് അടുത്ത് ഉണ്ടായിരുന്നതിനാല്‍ പാസ്റ്റര്‍ വളരെ സാഹസികമായി ഈ സ്ത്രീകളെ ആ ക്യാമ്പില്‍ എത്തിച്ചു. അങ്ങനെ 91 ദിവസം നീണ്ട നരക തുല്യമായ ആ ജീവിതം അവസാനിപ്പിച്ചു ആ സ്ത്രീകള്‍ ശുദ്ധവായു ശ്വസിച്ചു. ഇമ്മാക്കുലീയുടെ മാതാപിതാക്കളും രണ്ടു സഹോദരങ്ങളും നേരത്തെ തന്നെ കൊല്ലപ്പെട്ടു എന്ന് പിന്നീടാണവള് അറിഞ്ഞത്. സെനെഗളില് പഠിക്കുകയായിരുന്ന മൂത്ത സഹോദരന് മാത്രമാണ് രക്ഷപെട്ടത്. ' മാസ്റ്റേഴ്സ് പഠിച്ച ഒരാളുടെ തലച്ചോര്‍ എങ്ങനെ എന്ന് കാണട്ടെ ' എന്ന് പറഞ്ഞാണ് ഒരു കൊലയാളി ഡാമേഷിന്റെ തല പിളര്‍ന്നത് എന്ന് അവള് കേട്ടു.
കലാപാനന്തരം ഐക്യ രാഷ്ട്ര സഭയില്‍ ജോലിക്കു പ്രവേശിച്ച ഇമ്മാക്കുലി പിന്നീട് അമേരിക്കല്‍ പൗരത്വം എടുത്തു. അമേരിക്കന്‍ വംശജനായ ബ്രയാന്‍ ബ്ലാക്കിനെ വിവാഹം ചെയ്തു. രണ്ട് മക്കളുണ്ട് ഇമ്മാക്കുലിക്ക്. ഇന്ന് ലോകപ്രശസ്തയായ ഒരു മോട്ടിവേഷണല്‍ പ്രസംഗകയും ആത്മീയ പ്രഭാഷകയുമാണ് അവര്‍. 2006 ല്‍ പ്രസിദ്ധീകരിച്ച 'Left to Tell ' എന്ന ആത്മകഥാപരമായ ബെസ്റ് സെല്ലറില്‍ ഇവയെല്ലാം ഇമ്മാക്കുലി വിവരിച്ചിട്ടുണ്ട്. ആത്മവിശ്വാസവും ദൈവവിശ്വാസവും മൂലം നേടിയെടുത്ത അതിജീവനത്തിന്റെ സാക്ഷ്യമാണ് ഇമ്മാക്കുലി ഇലിബാഗിസ.
Content Highlights: Immaculée Ilibagiza, inspirational life