ഗുവഹാത്തി ഐ.ഐ.റ്റിയിലെ പ്രൊഫസറും ഗവേഷകയുമായ ചാരു മോംഗയെ അഭിനന്ദിച്ചു കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  ഡോ. ആര്‍. പി. നിശാങ്ക് ഒരു ട്വീറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആരാണ് ഈ ചാരു മോംഗ? ഒരു സാധാരണ അധ്യാപിക എന്ന് വിചാരിക്കാന്‍ വരട്ടെ. സോളാര്‍ പവറില്‍ വെളിച്ചം നല്‍കുന്ന ഭാരം കുറഞ്ഞ സ്‌കൂള്‍ ബാഗുകളാണ് ചാരു മോംഗ കണ്ടെത്തിയത്. ഗ്രാമീണ മേഖലയില്‍ വൈദ്യുതിയും മറ്റും ലഭ്യമല്ലാത്ത ഇടങ്ങളിലെ കുട്ടികള്‍ക്കു വേണ്ടിയാണ് ചാരുവിന്റെ ഈ കണ്ടെത്തല്‍. ജുഗുനു അഥവാ മിന്നാമിനുങ്ങ് എന്ന് പേരിട്ട ഈ ബാഗ് ധാരാളം കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് ചാരു കരുതുന്നത്.

'200 ജുഗുനു ബായ്ക്ക് പായ്ക്കുകളാണ് ഇപ്പോള്‍ ചാരു നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളം കയറാത്ത ദീര്‍ഘകാലം ഈടു നില്‍ക്കുന്ന ഈ ബാഗുകള്‍ സംസ്‌കരിച്ച് പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്നാണ് തയ്യാറാക്കുന്നത്. ' കേന്ദ്രമന്തി ചാരുവിനുള്ള അഭിനന്ദനമായി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ. 

' വിലകുറഞ്ഞ ഈടു നില്‍ക്കുന്ന ഈ ബാഗുകള്‍ വൈദ്യതിയെത്താത്ത ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കു വേണ്ടിയാണ്. മിക്ക കുട്ടികളും മലകളൊക്കെ താണ്ടി ദീര്‍ഘദൂരം നടന്നാണ് സ്‌കൂളുകളിലെത്തുന്നത്. മാത്രമല്ല തിരിച്ചെത്തുമ്പോള്‍ രാത്രിയാവുകയും ചെയ്യും. അവര്‍ക്ക് പഠിക്കാനുള്ള വെളിച്ചം ലഭിക്കാനുള്ള പവര്‍, പകല്‍ ബാഗുകള്‍ ആഗിരണം ചെയ്തിട്ടുണ്ടാവും. ജുഗുനു കുട്ടികള്‍ക്ക് ആഹ്‌ളാദം പകരട്ടെ.' ചാരു മോംഗ തന്റെ മിന്നാമിന്നി ബാഗിനെ പറ്റി ട്വിറ്ററില്‍ കുറിക്കുന്നത് ഇങ്ങനെയാണ്. 

ഇത്രെയല്ലാം സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ ബാഗിന് ഭാഗം കൂടുമോ എന്ന സംശയത്തിനും ചാരു മറുപടി പറയുന്നുണ്ട്. ' ഭാരം കുറഞ്ഞ മോഡുലാര്‍ ഡിസൈനാണ് ബാഗിന്റേത്. മിന്നാമിനുങ്ങുകള്‍ ഇത്തിരി വെളിച്ചത്തില്‍ ഇരുട്ടിലൂടെ അതിന്റെ വഴി കണ്ടെത്തുന്നത് വലിയ അത്ഭുതമല്ലേ, അങ്ങനെ തന്നെയാണ്  ജുഗുനു ബാഗിനെയും താന്‍ കണ്ടെത്തിയതെന്നും ചാരു പറയുന്നു. 

Content Highlights: IIT Prof Designs Over 200 Backpacks with Solar Lights To Help Kids in Villages Study