ലൈംഗികസ്വത്വത്തെക്കുറിച്ച് സമൂഹത്തില്‍ നിരവധി ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നു വരുന്ന കാലമാണ്. മക്കള്‍ സ്വവര്‍ഗാനുരാഗികളായാല്‍ അവരെ കുടുംബത്തില്‍ നിന്ന് ഇറക്കിവിടുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ തന്റെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് വില്യം രാജകുമാരന്‍. മക്കള്‍ സ്വവര്‍ഗാനുരാഗികളായാല്‍ അവര്‍ക്ക് താനും കെയ്റ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് വില്യം രാജകുമാരന്‍ പരസ്യപ്രസ്താവന നടത്തി. 

കിഴക്കന്‍ ലണ്ടനിലുള്ള എല്‍.ജി.ബി.ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സദസില്‍ നിന്ന് വില്യമിന് ആ ചോദ്യം നേരിടേണ്ടി വന്നത്. മക്കള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞാല്‍ ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് എന്തായിരിക്കും താങ്കളുടെ പ്രതികരണമെന്നായിരുന്നു ചോദ്യം. എന്നാല്‍ വളരെ അനുകൂലമായ, പ്രതിക്ഷ നല്‍കുന്ന പ്രതികരണമാണ് വില്യമില്‍ നിന്നു ലഭിച്ചത്.

If my children were gay, that would be fine by me: Prince William
വില്യം രാജകുമാരനും കുടുംബവും 

ഈ വിഷയത്തില്‍  ഒരു കുഞ്ഞ് ജനിച്ചതിനു ശേഷമാണ് ഞാന്‍ ഈ കാര്യം ആലോചിക്കുന്നത്. എനിക്ക് ഭയം തോന്നി, എന്നാല്‍ അത് അവര്‍ ഗേയാകുമോ എന്ന കാര്യത്തിലല്ല. ആ അവസ്ഥയില്‍ അവരുടെ ജീവിതം എത്ര കഠിനമായിരിക്കും എന്ന് ആലോചിച്ചാണ്. അവര്‍ നേരിടേണ്ടി വരുന്ന മോശം വാക്കുകളും അവഗണനകളും ഒരു പിതാവ് എന്ന നിലയില്‍ തന്നെ വേദനിപ്പിക്കും. എന്നാല്‍ അതിനുമപ്പുറം അവരുടെ തീരുമാനമാണ് വലുത്. ഈ വിഷയത്തില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ നല്ല രീതിയില്‍ ആശയവിനിമയം ഉണ്ടാകണമെന്നും വില്യം വ്യക്തമാക്കി. തന്റെ നിലപാടിന് കെയ്റ്റിന്റെ പൂര്‍ണ പിന്തുണയുണ്ട് എന്നും വില്യം പറഞ്ഞു. 

രാജകുമാരന്റെ നിലപാടിനെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് എത്തി. രാജകുടുംബത്തിലെ ഒരു അംഗം ഇത്രയും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്നത് സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുമെന്ന് ഇവര്‍ വ്യക്തമാക്കി. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍റ്റണും ഉള്ളത്.

Content Highlights: If my children were gay, that would be fine by me: Prince William