'താന്‍ പ്രതിനിധികരിക്കുന്നത് എല്ലാവരും ഉള്‍പ്പെടുന്ന ഇന്ത്യയെയാണ്'-സീമന്തരേഖയില്‍ സിന്ദുരം തൊട്ട് കൈകളില്‍ വളകളണിഞ്ഞ് പാര്‍ലമെന്റില്‍ എത്തിയതിന് തൃണമൂല്‍ എം.പി നുസ്രത്ത് ജഹാന്റെ മറുപടി ഇങ്ങനെയായിരുന്നു. നുസ്രത്തിനെതിരെ ജൂണ്‍- 25 ന് ഒരു മത പണ്ഡിതൻ ഫത്വ ഇറക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചലച്ചിത്രതാരം കൂടിയായ തൃണമൂലിന്റെ കന്നിക്കാരിയായ എംപി.

ജൂണ്‍ -25 ന് സത്യപ്രതിജ്ഞ ചടങ്ങിലായിരുന്നു സീമന്തരേഖയില്‍ സിന്ദൂരവും കൈകളില്‍ വളകളുമായി സുസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ എത്തിയത്. വിവാഹം കഴിഞ്ഞ്  ആറു ദിവസത്തിനുശേഷമാണ് അവർ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. മുസ്ലീമല്ലാത്ത ആളെയാണ് നുസ്രത്ത് വിവാഹം കഴിച്ചത്. ഇതിനെ തുടർന്നാണ് ഫത്വ പുറപ്പെടുവിച്ചതെന്നാണ് വാർത്താ ഏജൻസിയായ ഐ.എ.എന്‍.എസ്‌ റിപ്പോർട്ട് ചെയ്തത്.

ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഉള്‍പ്പെടുന്ന ഇന്ത്യയെയാണ് താന്‍ പ്രതിനിധികരിക്കുന്നത്. ഇപ്പോഴും താന്‍ മുസ്ലീം തന്നെയാണ് എന്നാല്‍ അത് മറ്റുള്ളവരോട്‌ ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്നും തന്നെ തടയുന്നില്ല. കാരണം മതവും വിശ്വാസവും വേഷവിധാനങ്ങള്‍ക്കും അപ്പുറമാണ്- നുസ്രത്ത് വ്യക്തമാക്കി. 

women

എന്നാല്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ല. അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് സമയം കളയലാണ്, ശരിയത്ത് പറയുന്നത് എന്താണെന്ന് നടിയോട് ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത് എന്നും ഫത്വ ഇറക്കിയ മുഫ്തി അസാദ് വസ്മി വ്യക്തമാക്കി. 

women

പാര്‍ലമെന്റില്‍ ഗ്ലാമറസായ പാശ്ചാത്ത്യ വസ്ത്രങ്ങള്‍ ധരിച്ച് എത്തിയതിനും നുസ്രത്തിന് ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ താന്‍ എന്തു ധരിക്കണമെന്ന് മറ്റാര്‍ക്കും തീരുമാനിക്കാന്‍ കഴിയില്ല അത് തന്റെ മാത്രം തീരുമാനമാണെന്നുമായിരുന്നു നുസ്രത്ത് വ്യക്തമാക്കിയത്. ജൂണ്‍ 19 നാണ് വ്യവസായിയും ജൈനമത വിശ്വാസിയുമായ നിഖില്‍ ജെയിനുമായി നുസ്രത്തിന്റെ വിവാഹം നടന്നത്. ബംഗാളി നടിയായ നുസ്രത്ത് 3.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പശ്ചിമബംഗാളിലെ ബസിർഹട്ട് മണ്ഡലത്തിൽ നിന്നും ജയിച്ചത്. 

Content Highlights: I Represent Inclusive India: Nusrat Jahan