ജൂഹി ചൗള എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ ബോളിവുഡ് ചിത്രങ്ങളുടെ ലിസ്റ്റൊന്നും വേണ്ട, ഹരിക‍ൃഷ്ണൻസ് എന്ന മലയാളചിത്രം മാത്രം മതി. മികച്ച പ്രകടനത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ജൂഹി. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ കുട്ടികളെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ആദ്യമൊന്നും തനിക്ക് കുട്ടികളോട് ഒരു സ്നേഹവും തോന്നിയിരുന്നില്ലെന്നും പിന്നീട് അത് മാറിയത് എങ്ങനെയാണെന്നും പങ്കുവെക്കുകയാണ് ജൂഹി. 

കരിയറിന്റെ തുടക്ക കാലത്തെ പല ചിത്രങ്ങളിലും കുട്ടികൾക്കൊപ്പം ജൂഹി അഭിനയിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും തനിക്ക് അവരോട് ഒരുതരത്തിലുള്ള സ്നേഹവും തോന്നിയിട്ടില്ലെന്ന് പറയുകയാണ് ജൂഹി. മാത്രവുമല്ല പലപ്പോഴും കുട്ടികളെ ശല്യമായി തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. അമ്മയായതോടെയാണ് അതിന് മാറ്റമുണ്ടായത്. മാതൃത്വം തന്നെ മാറ്റിമറിച്ചു. പിന്നീട് കുട്ടികളോടുള്ള പഴയ നിലപാടിൽ മാറ്റം വന്നുവെന്നും ജൂഹി പിങ്ക് വില്ലയോട് പറഞ്ഞു. 

കരിയറും കുടുംബവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ചും താരം പറയുന്നു. തന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്നതു കണ്ടാണ് താൻ വളർന്നത്. തന്റെ മക്കൾക്കും അങ്ങനെ തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈക്ക് പുറത്താണ് ഷൂട്ടെങ്കിൽ ഭർതൃമാതാവിനെയോ ഭർതൃസഹോദരിയെയോ വീട്ടിൽ നിർത്തും. അതുകൊണ്ട് കുട്ടികൾക്ക് ഒരിക്കലും ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകില്ല. പത്തുദിവസത്തിൽ കൂടുതൽ ഒരു ഷൂട്ടിങ് നീണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കും. അപ്പോൾ മാത്രമേ തനിക്ക് കുട്ടികൾക്കരികിലേക്ക് ഓടിയെത്താൻ കഴിയൂ- ജൂഹി പറയുന്നു. 

തന്റെ സിനിമകൾ കാണാൻ മക്കൾക്ക് താൽപര്യം പ്രകടിപ്പിക്കാറില്ലെന്ന് ജൂഹി നേരത്തേ പറഞ്ഞിരുന്നു. താൻ അഭിനയിച്ച റൊമാന്റിക് സിനിമകൾ കാണേണ്ടെന്നാണ് മക്കൾ പറയാറുള്ളത്. അതുകൊണ്ടുതന്നെ അവർ തന്റെ സിനിമകൾ കാണാറില്ലെന്നും ജൂഹി പറഞ്ഞിരുന്നു. 

വ്യവസായിയായ ജയ് മേത്തയാണ് ജൂഹിയുടെ ഭർത്താവ്. പത്തൊമ്പതുകാരിയായ ജാൻവി മേത്തയും പതിനേഴുകാരനായ അർജുൻ മേത്തയുമാണ് മക്കൾ. 

Content Highlights: I had no fondness for children says juhi chawla