ശാരീരിക ആരോഗ്യത്തോടൊപ്പം പ്രധാനമാണ് മാനസിക ആരോഗ്യം. എത്ര മെലിഞ്ഞിരിക്കുന്നു, ഷെയ്പ് നിലനിർത്തുന്നു എന്നതിനേക്കാൾ പ്രധാനം ആരോഗ്യകരമായ ജീവിതം കാത്തുസൂക്ഷിക്കുക എന്നതിലാണ്. ഇപ്പോഴിതാ ഹിന്ദിതാരം ഹിനാ ഖാൻ ഇതുസംബന്ധിച്ച് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. കണ്ണാടിക്ക് മുന്നിൽ നിന്നുള്ള ചിത്രത്തോടൊപ്പമാണ് ഹിന കുറിപ്പ് പങ്കുവെച്ചത്.

വർക്കൗട്ടിനിടയിൽ നിന്നുള്ള ചിത്രമാണ് ഹിന പങ്കുവച്ചിരിക്കുന്നത്. വണ്ണം അൽപമൊന്നു കൂടിയിട്ടുണ്ടെന്നും തന്നെ കാണാൻ എങ്ങനെയിരിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് മാനസികാരോഗ്യത്തിനാണെന്നും കുറിക്കുകയാണ് ഹിന.

ഈ മാസങ്ങളിൽ അൽപം വണ്ണം വച്ചിട്ടുണ്ട്, പക്ഷേ അതെത്ര കിലോ ആണെന്നതിലൊന്നും താൻ ശ്രദ്ധ കൊടുക്കുന്നില്ല. തന്റെ മാനസികാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും തന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നു മാത്രമേ കരുതിയിരുന്നുള്ളു എന്നും ഹിന കുറിച്ചു.

ചിലപ്പോഴൊക്കെ അവനവനാകണം, കുഞ്ഞുകാര്യങ്ങൾ ആസ്വദിക്കണം. ആളുകൾ‌ എന്തു പറയുമെന്നോ അവനവനെ കാണാൻ എങ്ങനെയുണ്ടെന്നോ ചിന്തിക്കരുത്. പുറംകാഴ്ചയേക്കാൾ മാനസികാരോഗ്യത്തിനും സൗഖ്യത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നത്- ഹിന കുറിച്ചു.

പ്രശസ്ത ടിവിഷോ ആയ യേ രിഷ്താ ക്യാ കെഹലാതാ ഹേ യിലൂടെ പ്രശസ്തയായ താരമാണ് ഹിന ഖാൻ. ഏതാനും സിനിമകളിൽ വേഷമിട്ട ഹിന ബിഗ്ബോസ് ഹിന്ദി പതിപ്പിലും പങ്കെടുത്തിരുന്നു. 

Content Highlights: I Chose Mental Health Over My Physical Appearance says Hina Khan