സ്വന്തം കുറവുകളെ സ്വീകരിച്ച് അവയെക്കുറിച്ച് ആശങ്കപ്പെടാതെ മുന്നോട്ടുള്ള പാത ആത്മവിശ്വാസത്തോടെ നയിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുക. ശാരീരിക പ്രത്യേകതകളുടെ പേരിൽ പരിഹാസങ്ങൾക്ക് ഇരയായിട്ടുള്ളവർക്കെല്ലാം അവയെ മറികടന്ന കഥയും പങ്കുവെക്കാനുണ്ടാവും. അത്തരത്തിൽ ശരീരം മുഴുവൻ വെള്ളപ്പാണ്ട് പടർന്നപ്പോഴും അതൊന്നും വകവെക്കാതെ ഫിറ്റ്നസിലും ബോഡിബിൽഡിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ച അന്റോണിയ ലിവേഴ്സ് എന്ന യുവതിയുടെ കഥ പ്രചോ​ദനാത്മകമാണ്. 

‌പതിനാല് വയസ്സുള്ളപ്പോഴാണ് അമേരിക്കക്കാരിയായ അന്റോണിയയുടെ ശരീരത്തിൽ വെള്ളപ്പാണ്ടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കൺപോളയിലായിരുന്നു ആദ്യം കണ്ടത്. വൈകാതെ അതു ശരീരത്തിന്റെ പല ഭാ​ഗങ്ങളിൽ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് മെലാനിന്റെ അഭാവം മൂലമുണ്ടാകുന്ന വെള്ളപ്പാണ്ട് ആണെന്ന് തിരിച്ചറിയുന്നത്. തുടക്കത്തിൽ അന്റോണിയ നിരാശയിലാവുകയും കരഞ്ഞ് സമയം തള്ളിനീക്കുകയും ചെയ്തു. തന്റെ ശരീരത്തിലെ പാണ്ടുകൾ മറ്റുള്ളവർ കാണാതിരിക്കാനും അന്റോണിയ പരമാവധി ശ്രമിച്ചു. 

പതിയെയാണ് തന്റെ ഈ ശാരീരികാവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ മറികടക്കാൻ വർക്കൗട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്റോണിയ തീരുമാനിച്ചത്. ശരീരം മുഴുവൻ വെള്ളപ്പാണ്ട് നിറഞ്ഞപ്പോഴും അവയെക്കുറിച്ച് ആവലാതിപ്പെടാതെ വർക്കൗട്ട് നൽകിയ ആത്മവിശ്വാസത്തോടെ അന്റോണിയ മുന്നേറി. തന്റെ ശരീരം എപ്രകാരമാണോ അപ്രകാരം തന്നെ സ്നേഹിക്കാൻ അന്റോണിയ ശീലിച്ചു. വർക്കൗട്ടുകൾ ​ഗൗരവത്തോടെ കണക്കിലെടുക്കുകയും ബോഡിബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 

ബോഡിബിൽഡിങ്ങിന് യോജ്യമായ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും തുടക്കത്തിൽ അന്റോണിയയെ ആശങ്കപ്പെടുത്തിയിരുന്നു. അത്തരം ഔട്ട്ഫിറ്റുകളിൽ തന്റെ ശരീരത്തിലെ വെള്ളപ്പാണ്ടുകൾ ആളുകൾ കാണുമല്ലോയെന്നതായിരുന്നു അന്റോണിയയെ അലട്ടിയിരുന്നത്. എന്നാൽ ഉള്ളിലെ ഭയത്തെ അതിന്റെ വഴിക്കുവിടാതെ തനിക്കിഷ്ടമുള്ളത് ചെയ്യാൻ യാതൊന്നും ഭയക്കേണ്ടെന്ന് അന്റോണിയ തിരിച്ചറിഞ്ഞു. 

വൈകാതെ പല ബോഡിബിൽഡിങ് മത്സരങ്ങളിലും അന്റോണിയ പങ്കെടുത്ത് വിജയങ്ങൾ നേടി. ഫിറ്റ്നസ് ട്രെയിനർ കൂടിയായ അന്റോണിയയ്ക്ക് തന്റെ ശാരീരിക പ്രത്യേകതകളെ കുറവുകളെന്നു വിളിച്ച് ജീവിതം തള്ളിനീക്കാൻ സമയമില്ല. പകരം ആത്മവിശ്വാസത്തോടെ മുന്നേറുന്ന യുവതികളുടെ പ്രതീകമായി നിലകൊള്ളുകയാണ് അവൾ.

Content Highlights: how this woman with vitiligo embracing her skin