രുളക്കിഴങ്ങിന് ഒരാളുടെ ജീവിതം മാറ്റിമറിക്കാനാകുമോ, പറ്റുമെന്നാണ് പോപ്പി എന്ന യുവതിയുടെ അനുഭവം. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും മറ്റും ഇനിയൊരു പ്രതീക്ഷയില്ലാത്തവിധം തകര്‍ന്നു പോയവര്‍ ഏറെയുണ്ട്. ഹോട്ടല്‍ ഇന്‍ഡസ്ട്രിയിലാണ് കൊറോണക്കാലത്ത് നഷ്ടങ്ങള്‍ ഏറെ വന്നത്. ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്ക് എണ്ണാവുന്നതിലും ഏറെയുണ്ട്. ലണ്ടന്‍ സ്വദേശിനിയായ പോപ്പി ഒ ടൂളി എന്ന യുവതിയുടെ കഥയും മറിച്ചായിരുന്നില്ല. കൊറോണ പടര്‍ന്നതോടെ ഷെഫായി ജോലി ചെയ്തിരുന്ന പോപ്പിയുടെ ജോലി നഷ്ടമായി. 

പതിനെട്ട് വയസ്സുമുതല്‍ ഈ പ്രൊഫഷനില്‍ ജോലിചെയ്ത പോപ്പിക്ക് ഇനിയെന്ത് എന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. വീട്ടുവാടകപോലും കൊടുക്കാന്‍ വഴിയില്ലെന്നായി. അതോടെ മാതാപിതാക്കളുടെ ഒപ്പമായി പോപ്പിയുടെ താമസം. വെറുതേ സമയം കളയേണ്ടെന്നു കരുതിയാണ് സഹോദരങ്ങളുടെ സഹായത്തോടെ ടിക്ക് ടോക്കില്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ എത്രനല്ല പാചക വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടും ആരു തിരിഞ്ഞുനോക്കുന്നില്ല എന്നതായിരുന്നു അവിടെയും അവസ്ഥ. 

എന്നാല്‍ ഒരു ദിവസം അപ്‌ലോഡ് ചെയ്ത പൊട്ടറ്റോ റെസിപ്പി പോപ്പിയുടെ തലേവര തന്നെ മാറ്റുകയായിരുന്നു. ഒരു മില്യണിലധികം ആളുകളാണ് പോപ്പിയുടെ ഉരുളക്കിഴങ്ങ് റെസിപ്പി കണ്ടത്. അതോടെ ഉരുളക്കിഴങ്ങുകള്‍ കൊണ്ടുള്ള പല വ്യത്യസ്ത വിഭവങ്ങളും പോപ്പി പങ്കുവച്ചു തുടങ്ങി. ധാരാളം പേര്‍ ഈ വീഡിയോകള്‍ക്ക് ആരാധകരായി എത്തി. ഡോനട്ട്‌സിന് പകരം ഉരുളക്കിഴങ്ങുകൊണ്ടുള്ള സ്പുനട്ട്‌സ് എന്ന പുത്തന്‍ വിഭവം വരെ പോപ്പി ആരാധകര്‍ക്കു വേണ്ടി പങ്കുവച്ചു.

പതിനായിരം ഫോളോവേഴ്‌സില്‍ നിന്ന് ഒരുമില്യണിലധികം ഫോളോവേഴ്‌സിനെയാണ് ഉരുളക്കിഴങ്ങ് പോപ്പിക്ക് സമ്മാനിച്ചത്. പോപ്പിയുടെ പാചകം ലോകമെങ്ങും വൈറലായതോടെ വലിയ ബ്രാന്‍ഡുകള്‍ വരെ അവളെ തേടി എത്തി.

ഇപ്പോള്‍ പോപ്പിയുടെ ഒരു ചെറിയ പാചകവീഡിയോക്ക് പോലും മൂന്ന് ലക്ഷം കാഴ്ചക്കാരെങ്കിലും ഉണ്ടാകും എന്ന് ചുരുക്കം. ഏതായാലും ഇനി ഹോട്ടലില്‍ ഷെഫാവുന്നില്ല എന്നാണ് പോപ്പിയുടെ തീരുമാനം. മുഴവന്‍ സമയ ഓണ്‍ലൈന്‍ ഷെഫാണ് അവളിപ്പോള്‍. പോപ്പി കുക്ക്‌സ് എന്നൊരു ഇന്‍സ്റ്റഗ്രാം പേജും പോപ്പി തുടങ്ങിയിട്ടുണ്ട്. തന്റെ പുതിയ റെസിപ്പി ബുക്കിന്റെ പണിപ്പുരയിലാണ് പോപ്പി.

Content Highlights: How Potato Recipe Videos Transformed London Woman's Life