വീട്ടമ്മ എന്ന പദവിയെ ഒരു തൊഴിലായി കണക്കാക്കണോ? അതിന് നിശ്ചത തുക ശമ്പളമായി നൽകണമോ? അതോ അതൊരു ഉത്തരവാദിത്തമെന്നും കടമയെന്നും പറഞ്ഞ് മുഴുവൻഭാരവും സ്ത്രീകൾക്കു തന്നെ നൽകണോ? സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പേരിലുള്ള ജോലിയായാണ് 'വീട്ടമ്മ' എന്ന ജോലിയെ/പദവിയെ നമ്മൾ കണക്കാക്കുന്നത്. സ്ത്രീകൾക്ക് വീട്ടുജോലിക്ക് ശമ്പളം നൽകണമെന്ന ആശയം ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ചുവടുറപ്പിച്ചകാലത്തു തന്നെ നിലവിൽ വന്നതാണ്. വീട്ടുജോലി എന്നത് ഒരു ജോലിയില്ലായ്മയായി കാണുന്നതാണ് നമ്മുടെ സമൂഹത്തിന്റെ ശീലം. പുറത്ത് ജോലിക്കുപോകുന്നുണ്ടെങ്കിലും വീട്ടിലെത്തിയാൽ വീട്ടമ്മയുമാവണം അവൾ, എന്നാൽ വീട്ടച്ഛനോ? പുരുഷന് വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ തുല്യമായ പങ്കുണ്ടെന്ന് ഇന്നും നമ്മുടെ സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടില്ല.
സുപ്രീംകോടതി ഒരു വിധി പ്രസ്ഥാവത്തിനിടെ വീട്ടമ്മയ്ക്ക് നിശ്ചിത വരുമാനം നൽകുന്നത് വളരെ പ്രധാനമാണെന്നും അത് സ്ത്രീകൾക്കുള്ള അംഗീകാരമാണെന്നും പരാമർശിച്ചത് കഴിഞ്ഞ ദിവസമാണ്. 2014 ൽ നടന്ന ഒരു വാഹനാപകടക്കേസിൽ നഷ്ടപരിഹാരത്തിനായുള്ള ബന്ധുക്കളുടെ വാദം കേൾക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ ഈ പരാമർശം. വീട്ടിലെ ഒരു സ്ത്രീയുടെ ജോലിയുടെ മൂല്യം അവളുടെ ഓഫീസിൽ പോകുന്ന ഭർത്താവിനേക്കാൾ കുറവല്ലെന്നായിരുന്നു ജസ്റ്റിസുമാരായ എൻ.വി. രമണ, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ അഭിപ്രായം.
ഇതിന്റെ ചുവടുപിടിച്ച്, രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുവച്ച നടൻ കമലഹാസൻ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന വാഗ്ദാനം തന്റെ പാർട്ടിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് വലിയ ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ രംഗത്തെത്തി. വീട്ടമ്മമാർക്ക് ശമ്പളം നൽകുന്നതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്ന ശശി തരൂർ എം.പിയുടെ ട്വീറ്റിനെതിരേ ബോളിവുഡ് നടി കങ്കണ രണാവത്ത് രംഗത്ത് വന്നതോടെ ഈ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. 'വീട്ടമ്മാമാരുടെ ജോലിക്ക് വിലയിടുന്നത് ശരിയല്ലെന്നും പങ്കാളിയെ സ്നേഹിക്കുന്നതിനും മക്കളെ നോക്കുന്നതിനും വീട്ടുകാര്യങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും ഞങ്ങൾക്ക് പണം ആവശ്യമില്ലെന്നുമായിരുന്നു കങ്കണ നൽകിയ മറുപടി. താൻ സ്ത്രീകളുടെ ത്യാഗത്തിന് വിലയിടാൻ ശ്രമിക്കുകയല്ലെന്നും ഇങ്ങനെ ചെറിയ തുക ശമ്പളം ലഭിക്കുന്നത് സ്ത്രീശാക്തീകരണത്തിന് വഴിവയ്ക്കുമെന്നുമാണ് തരൂരിന് നൽകാനുണ്ടായിരുന്ന ഉത്തരം.
പണമല്ല വേണ്ടത് തുല്യത
2012 ൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് വനിതാശിശുവികസന വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ തിരാത്ത് വീട്ടമ്മമാരുടെ ജോലിക്ക് അവരുടെ പങ്കാളികൾ പ്രതിഫലം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു.
2011 ലെ സെൻസസ് അനുസരിച്ച് രാജ്യത്ത് 159.85 ദശലക്ഷം സ്ത്രീകൾ “വീട്ടുജോലി” തങ്ങളുടെ പ്രധാന തൊഴിലായി സ്വീകരിച്ചവരാണ്. 5.79 ദശലക്ഷം പുരുഷന്മാർ മാത്രമാണ് വീട്ടച്ഛൻമാരായി രാജ്യത്തുള്ളത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ‘ടൈം യൂസ് ഇൻ ഇന്ത്യ -2019’ എന്ന റിപ്പോർട്ടനുസരിച്ച് സ്ത്രീകൾ ശരാശരി 299 മിനിറ്റാണ് വീട്ടിലെ അംഗങ്ങൾക്കായി ശമ്പളമില്ലാത്ത ഗാർഹിക സേവനങ്ങൾക്കായി ചെലവഴിക്കുന്നത്. ഒരു ദിവസത്തിൽ, സ്ത്രീകൾ വീട്ടിലെ പരിചരണ സേവനങ്ങൾക്കായി 134 മിനിറ്റ് ചെലവഴിക്കുന്നു എന്നാണ് കണക്ക്. ഇത് പുരുഷന്മാരിൽ 76 മിനിറ്റ് മാത്രമാണ്. സ്ത്രീകൾ ശരാശരി 16.9 ശതമാനം ശമ്പളമില്ലാത്ത ഗാർഹിക സേവനങ്ങൾക്കും 2.6 ശതമാനം ശമ്പളമില്ലാത്ത പരിചരണ സേവനങ്ങൾക്കുമാണ് ചെലവഴിക്കുന്നത്, പുരുഷന്മാർ യഥാക്രമം 1.7ശതമാനവും 0.8 ശതമാനവും മാത്രം.
എന്നാൽ തങ്ങൾ ചെയ്യുന്ന ജോലിയ്ക്ക് പണമല്ല അംഗീകാരമാണ് വേണ്ടതെന്നായിരുന്നു പലരുടെയും പ്രതികരണം. 'വീട്ടമ്മമാർക്ക് പണം നൽകണമെന്ന് പറയുന്നത് വലിയ വിഢ്ഢിത്തമാണെന്നായിരുന്നു അധ്യാപികയും രണ്ടുമക്കളുടെ അമ്മയുമായ അൽഫോൻസ പ്രതികരിച്ചത്. അങ്ങനെ പണം നൽകേണ്ട ഒന്നാണോ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ? ഭക്ഷണം തയ്യാറാക്കുക, കുട്ടികളെ വളർത്തുക, പ്രായമായവരെ നോക്കുക, വീട് വൃത്തിയാക്കുക... ഇങ്ങനെയുള്ള ജോലികളെല്ലാം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി കാണുന്നതാണ് പ്രശ്നം. ഇവയെല്ലാം തുല്യമായി പങ്കുവയ്ക്കപ്പെടേണ്ട കടമകളാണ്. അങ്ങനെ പങ്കുവയ്ക്കുകയും അത് ചെയ്യാതിരിക്കുമ്പോൾ സ്ത്രീകൾക്ക് നിയമനടപടി സ്വീകരിക്കാനും പറ്റുന്ന സംവിധാനം ഉണ്ടാകുകയാണ് വേണ്ടത്.'
വീട്ടമ്മമാരുടെ ജോലികൾ ഒരു കാണാപ്പണിയായി തുടരുന്നു അത് മാറണമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. എന്നാൽ ആ ജോലിക്ക് പണം നൽകുക എന്നതിനോട് അഭിപ്രായമില്ലെന്ന് തുറന്നുപറഞ്ഞത് സ്ത്രീകൾ തന്നെയായിരുന്നു. ഭർത്താവ് അല്ലെങ്കിൽ ബന്ധപ്പെട്ട ആളുകൾ വീട്ടിലെ സ്ത്രീകൾക്ക് അവർ ചെയ്യുന്ന കാര്യങ്ങൾക്ക് പണം നൽകുമ്പോൾ അതൊരു തൊഴിലാളി ഉടമ ബന്ധമാകില്ലേ എന്നായിരുന്നു ഐ.ടി വിദഗ്ധയും വീട്ടമ്മയുമായ കൊച്ചി സ്വദേശിനി നീതുവിന്റെ ചോദ്യം. 'കുഞ്ഞു പിറന്നതോടെ എനിക്ക് ജോലി വിടേണ്ടി വന്നു. പക്ഷേ വീട്ടുജോലികൾ വിശ്രമമില്ലാത്ത തരത്തിലുണ്ട്. അപ്പോൾ അതിന് പണമല്ല എന്നെപ്പോലുള്ളവർക്ക് ആവശ്യം. വീട്ടിലെ ഉത്തരവാദിത്തങ്ങൾ പുരുഷൻമാരും തുല്യമായി ചെയ്യാൻ തയ്യാറാകുകയാണ് വേണ്ടത്. "
ഞാൻ ജോലിക്കു പോകുന്നു, അവൾ വീട്ടിൽ വെറുതേ ഇരിക്കുന്നു എന്ന പറച്ചിലിൽ നിന്നാണ് മോചനം വേണ്ടത്. വീട്ടിൽ അവർ ചെയ്യുന്ന ജോലികളും ജോലി തന്നെയാണ് അംഗീകാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വീട്ടമ്മയും കോട്ടയം സ്വദേശിനിയുമായ ആൻ മേരിയുടെ അഭിപ്രായം.
വീട്ടമ്മ എന്നതും ഒരു ജോലി തന്നെ
ഗാർഹിക ജോലികൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ചെയ്യുന്നത്. ഒരു വീട്ടമ്മ പലപ്പോഴും മുഴുവൻ കുടുംബത്തിനും ഭക്ഷണം തയ്യാറാക്കുന്നു, പലചരക്ക് സാധനങ്ങളും മറ്റ് ഗാർഹിക ഷോപ്പിംഗ് ആവശ്യങ്ങളും കൈകാര്യം ചെയ്യുന്നു, വീടും പരിസരങ്ങളും വൃത്തിയാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു, അലങ്കാരം, അറ്റകുറ്റപ്പണികൾ, അറ്റകുറ്റപ്പണികൾ എന്നിവ ഏറ്റെടുക്കുന്നു, കുട്ടികളുടെ ആവശ്യങ്ങളും പ്രായമായ അംഗങ്ങളും നോക്കുന്നു. കുടുംബം, ബജറ്റുകൾ കൈകാര്യം ചെയ്യുന്നു, ഗ്രാമങ്ങളിലെ വീടുകളിൽ കൃഷിയിടങ്ങളിൽ വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനും നടുന്നതിനും സഹായിക്കുന്നു. കൂടാതെ മറ്റു പലതും... ഇത്തരത്തിൽ ദിവസം മുഴുവൻ അധ്വാനിക്കുന്ന സ്ത്രീകളുടെ ജോലിക്ക് മൂല്യം നൽകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെടുന്നുണ്ട്.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആന്റ് ഡവലപ്മെൻറ് (OECD) അതിന്റെ 26 അംഗ രാജ്യങ്ങളിലും ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും നടത്തിയ പഠനത്തിൽ ഗാർഹിക ഉൽപാദനം സമൂഹത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഒരു പ്രധാന ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. പണമില്ലാത്ത ഈ ജോലികൾ കൂടുതലും സ്ത്രീകൾ ചെയ്യുന്നതിനാൽ ഇത് അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. വീട്ടമ്മ പദവിയെ തൊഴിലായി പരിഗണിക്കാത്തതിനാൽ സമ്പദ് വ്യവസ്ഥയിൽ സ്ത്രീകളുടെ സംഭാവനയെ ആരും പരിഗണിക്കുന്നില്ല. തുർക്കിഷ്, മെക്സിക്കൻ, ഇന്ത്യൻ സ്ത്രീകൾ പുരുഷന്മാരേക്കാൾ 4.3 മുതൽ 5 മണിക്കൂർ വരെ ശമ്പളമില്ലാത്ത ജോലികൾക്കായി ചെലവഴിക്കുന്നുവെന്നും പഠനം കണ്ടെത്തിയിരുന്നു.

പണം നൽകിതുടങ്ങിയാൽ ആ തുല്യതയിലായ്മ നിലനിൽക്കുകയേ ഉള്ളൂ എന്നാണ് ആക്ടിവിസ്റ്റും അഭിഭാഷകയുമായ ജെ.സന്ധ്യക്ക് പറയാനുള്ളത്. 'നിനക്ക് കാശ് തരുന്നുണ്ടല്ലോ പണിയെടുക്കൂ എന്ന ചിന്തയാവും പിന്നെ വരുന്നത്. പണം നൽകുന്നതുകൊണ്ട് വീട്ടമ്മയുടെ സ്ഥാനത്തിന് മൂല്യത്തിന് മറ്റുള്ളവരുടെ മനസ്സിൽ ഉയർച്ചയൊന്നും ഉണ്ടാവില്ല, പകരം അവരെ തുല്യതയോടെ കാണാനും ജോലികൾ പങ്കുവക്കാനുമുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. നമ്മുടെ നിയമത്തിൽ കാര്യമായ മാറ്റം വരണം. വീട്ടമ്മമാരായ സ്ത്രീകൾ കുടുംബത്തിലേക്ക് നൽകുന്ന അവരുടെ അധ്വാനത്തെ ഒരു പ്രോപ്പർട്ടി അല്ലെങ്കിൽ സ്വത്ത് എന്ന രീതിയിൽ കാണാനുള്ള എന്ന ഒരു സംവിധാനം കൊണ്ടുവരണം. അല്ലാതെ കടമയായല്ല കാണേണ്ടത്. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെയൊരു സംവിധാനമുണ്ട്. വിവാഹപൂർവ സ്വത്തിന്മേൽ സ്ത്രീകൾക്ക് അവകാശം നൽകുന്നതാണ് ആ നിയമം.'
വീട്ടിലെ ജോലിക്ക് തുല്യത സമൂഹത്തിന് മുന്നിൽ ലഭിച്ചില്ലെങ്കിലും സ്വന്തം കുടുംബത്തിലെങ്കിലും ലഭിക്കണമെന്ന അഭിപ്രായമാണ് അധ്യാപികയും പത്തനംതിട്ട സ്വദേശിനിയുമായ ഡോ.സോണിയ കാതറീന് പറയാനുണ്ടായിരുന്നത്. ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സ്ത്രീകൾ അവരുടെ ജീവിതം മുഴുവനും നാല് ചുമരുകൾക്കുള്ളിൽ തീർക്കുന്നവരാണ്. അവരുടെ ആവശ്യങ്ങൾക്കായി പണം നൽകുമ്പോൾ അതിന് കണക്കു പറയുന്നവർ ഏറെയുണ്ട്. ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണമാണ് എന്ന മട്ടിൽ. എന്നാൽ ആ സ്ത്രീ വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി കൊണ്ടുപോകുന്നതുകൊണ്ടാണ് നിങ്ങൾക്ക് പുറത്തുപോയി നിങ്ങളുടെ ജോലികളിൽ മുഴുകാൻ കഴിയുന്നതെന്ന് കൂടി ഓർക്കണം. ഓരോമാസവും എല്ലാ കാര്യങ്ങൾക്കുമായി ബജറ്റ് കണ്ടെത്തുമ്പോൾ ഒരു മടിയും കൂടാതെ വീട്ടിലെ സ്ത്രീകൾക്കുള്ള ഒരു വിഹിതം കൂടി അതിൽ നിന്ന് മാറ്റിവയ്ക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. ഇതിനെല്ലാമപ്പുറം വീട്ടിലെ ജോലികൾ അവൾ വീട്ടമ്മയായാലും ഉദ്യോഗസ്ഥയായാലും തുല്യമായി പങ്കുവയ്ക്കണമെന്നാണ് തന്റെയും ആഗ്രഹമെന്ന് സോണിയ പറയുന്നു.

എന്നാൽ വീട്ടമ്മ എന്നതിനെ ഒരു ജോലിയായി തന്നെ കാണുന്നതും അവർക്ക് ശമ്പളം നൽകുന്നതും വളരെ നല്ലകാര്യമാണെന്നാണ് വീട്ടമ്മയായ സുമംഗലാദേവിയുടെ അഭിപ്രായം. ഒരു കുടുംബത്തിലെ മൂന്ന് തലമുറയുടെ വരെ കാര്യങ്ങൾ ഒരു അല്ലലുമില്ലാതെ നോക്കുന്ന സ്ത്രീകളുണ്ട്. പ്രായമായവരുടെയും സ്വന്തം മക്കളുടെയും കൊച്ചുമക്കളുടെയും എല്ലാ ആവശ്യങ്ങൾക്കും എത്രപ്രായമായാലും ഓടേണ്ടി വരുന്ന സ്ത്രീകൾ ധാരാളമുണ്ട്. അവരുടെ അധ്വാനത്തെ കുറച്ചുകാണാൻ പാടില്ലെന്നും അവർ പറയുന്നു. വീട്ടമ്മയായ ജയലക്ഷ്മിയ്ക്ക് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് പറയാനുള്ളത്. 'ഞാൻ എന്റെ ഓഫീസ് ജോലിക്കൊപ്പം തന്നെ വീട്ടിലെ പണികളും ചെയ്യേണ്ടി വരാറുണ്ട്, എന്നാൽ പുരുഷന് അത്തരം ബാധ്യതകൾ ഉണ്ടാവാറില്ല. അതായത് സ്ത്രീക്ക് മാത്രം ഡബിൾ ഡ്യൂട്ടി, ആ സാഹചര്യം മാറണം. വീട്ടമ്മയോടൊപ്പം വീട്ടച്ഛൻമാരും ഉണ്ടാകട്ടെ. ഇതേ അഭിപ്രായക്കാരിയാണ് തൃശ്ശൂരിലെ ഒരു വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ. ജോലിക്കു പോവുകയും ഒപ്പം വീട് നോക്കുകയും ചെയ്യുമ്പോൾ ഒരുകൈസഹായം പോലും കിട്ടുന്നത് ചുരുക്കമാണ്. രണ്ടും കൂടി പറ്റില്ലെങ്കിൽ ജോലി ഉപേക്ഷിച്ചോളൂ എന്നാണ് നമുക്ക് കിട്ടുന്ന ഉപദേശം. എന്നാൽ വീട്ടുജോലി ചെയ്യേണ്ട എന്നാരും പറയുകയുമില്ല.
ശമ്പളം നൽകണം എന്ന നിയമം വന്നാൽ അത് ദുരുപയോഗിക്കപ്പെടാം- ഡോ. ജെ.ദേവിക
വീട്ടമ്മമാർക്ക് ശമ്പളം നൽകുക എന്ന സംവിധാനമുണ്ടായാൽ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് സാമൂഹ്യ പ്രവർത്തകയായ എഴുത്തുകാരിയുമായ ഡോ. ജെ.ദേവിക അഭിപ്രായപ്പെടുന്നു. 'ശമ്പളം നൽകുന്നത് നല്ലതാണ്, എന്നാൽ ആര് ശമ്പളം കൊടുക്കും എന്നതാണ് ചോദ്യം. ഭർത്താവാണോ, സർക്കാരാണോ, മറ്റ് കുടുംബാംഗങ്ങളാണോ, അതുപോലെ കല്യാണം കഴിക്കാത്ത സ്ത്രീക്ക് ആര് ശമ്പളം കൊടുക്കും.. ഈ ചോദ്യങ്ങൾക്കാണ് ആദ്യം മറുപടി തരേണ്ടത്. നടപ്പാക്കാൻ എളുപ്പമായ ഒന്നല്ല ഈ തീരുമാനം.

വീട്ടമ്മയുടെ ജോലി എന്നത് ഓരോ ആളുകളിലും ഓരോ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും മാറിക്കൊണ്ടിരിക്കും. പണ്ട് വീട്ടമ്മ എന്നാൽ പ്രധാനം അടുക്കളപ്പണികളും വീട് വൃത്തിയാക്കലും എല്ലാമായിരുന്നു. ഇപ്പോൾ അതിനൊപ്പം മക്കളുടെ പഠനവും അവരുടെ സ്കൂളിലെ കാര്യങ്ങൾ വരെ അമ്മമാരുടെ മാത്രം ജോലിയായിട്ടുണ്ട്. വീട്ടുജോലിയെ നിർവചിക്കാതെ ശമ്പളം നൽകാനാവില്ല എന്ന അവസ്ഥവരും. '
ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ശമ്പളം നൽകിത്തുടങ്ങിയാൽ സ്ത്രീകൾക്ക് അത് ഒരു നിർബന്ധിതവേലയായി മാറും. ജോലി ചെയ്യാതിരുന്നാൽ അതൊരു കുറ്റകൃത്യമായി മാറുന്ന അവസ്ഥ വരാം . മാത്രമല്ല വീട്ടുജോലിക്ക് ശമ്പളം കിട്ടുമെങ്കിൽ ഇനി സ്ത്രീകൾ വീട്ടിലിരുന്നാൽ മതി എന്ന തീരുമാനങ്ങൾ ഉണ്ടാവാം. അത് സ്ത്രീകളുടെ വിദ്യാഭ്യാസത്തെ മുതൽ വ്യക്തിയെന്ന നിലയിൽ അവരുടെ സാമൂഹികവും മാനസികവുമായ വളർച്ചയെ വരെ ബാധിക്കാനും സാധ്യതയുള്ള ഒന്നാണ് ഇത്. ഇപ്പോൾ തന്നെ നല്ല വിദ്യാഭ്യാസം എന്നത് വിവാഹ മാർക്കറ്റിൽ കൂടുതൽ മൂല്യം ലഭിക്കാൻ മാത്രമാകുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ കൂടി വരുന്നുണ്ട്.
എന്നാൽ ഇനി മറ്റൊരു ജോലിയും ലഭിക്കില്ല സാധ്യതയില്ല എന്ന അവസ്ഥയിലുള്ള അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള വീട്ടമ്മമാർക്ക് ശമ്പളം നൽകണം, അവർക്ക് അത് ഒരു ആശ്രയമാകും എന്ന രീതിയിൽ നിയമം കൊണ്ടുവരുന്നത് നല്ലതാണ്.
വീട്ടമ്മമാരുടെ അധ്വാനത്തിന് ശമ്പളം നല്‍കണോ? അതോ മറ്റ് ജോലികള്‍ക്കൊപ്പം തുല്യപദവിയാണോ ആവശ്യം? സുപ്രീംകോടതിയുടെ നിരീക്ഷണത്തോടുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം
Content Highlights: How much salary should a homemaker get