വീട്ടമ്മമാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണോ? അവർക്ക് മാസം ശമ്പളം നൽകിയാലോ? അർത്ഥമില്ലാത്ത ചോദ്യങ്ങളല്ല ഇവ. വീട്ടമ്മജോലി ഭർത്താവിന്റെ ഓഫീസ് ഉദ്യോഗത്തിന് തുല്യമാണെന്ന് പറഞ്ഞത് സുപ്രീം കോടതി തന്നെയാണ്. എങ്കിൽ അവർക്ക് ശമ്പളവും അവധിയുമൊക്കെ ആയിക്കൂടെ എന്നാണ് ചോദ്യം. ഒരു വീട്ടമ്മയുടെ അല്ലെങ്കിൽ ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ നാല് മണിക്കും അഞ്ച് മണിക്കുമിടയിലാണ്. അവസാനിക്കുന്നത് പലപ്പോഴും രാത്രി പന്ത്രണ്ട് മണി കഴിഞ്ഞും. ശരാശരി മനുഷ്യന് വേണ്ട ഉറക്കം എട്ട് മണിക്കൂറാണെങ്കിൽ ഇന്ത്യൻ സ്ത്രീകളുടെ ഉറക്കത്തിന്റെ നിരക്ക് പലപ്പോഴും നാല് മണിക്കൂർ മാത്രം. പക്ഷേ ഇതെല്ലാം അവരുടെ കടമയെന്നും ഉത്തരവാദിത്തമെന്നും പറഞ്ഞ് കൈയൊഴിയുകയാണ് സമൂഹം ചെയ്യുന്നത്. ഈ ഉറക്കമില്ലായ്മയും ജോലിഭാരവും മധ്യവയസിലേ രോഗികളാക്കുന്ന സ്ത്രീകളെ നമുക്കു ചുറ്റും ധാരാളം കാണാം. ജോലിഭാരം കൂടുതലാണോ, എങ്കിൽ ഉദ്യോഗം ഉപേക്ഷിച്ചോളൂ എന്നാണ് സ്ത്രീകൾക്ക് ലഭിക്കുന്ന മറുപടി. അല്ലാതെ വീട്ടുജോലി നിർത്തിക്കോളൂ എന്ന് പറയുന്നവർ ആരുമുണ്ടാവില്ല. വീട്ടമ്മ ജോലി മാത്രമാണെങ്കിലോ, അവർ എവിടെയെങ്കിലും വീണുപോകും വരെ ആരും അവരുടെ സേവനത്തെ വകവയ്ക്കാറുമില്ല.
വീട്ടമ്മമാർക്കും ആഴ്ചയിലൊരു ദിവസം അവധിവേണമെന്ന് അഭിപ്രായപ്പെട്ടത് 88 ശതമാനം ആളുകളാണ്. മാതൃഭൂമി ഡോട്ട് കോം സോഷ്യൽമീഡിയയിലൂടെ നടത്തിയ നടത്തിയ വോട്ടെടുപ്പിൽ നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞത്. അതിൽ പന്ത്രണ്ട് ശതമാനം ആളുകൾ വേണ്ട എന്ന അഭിപ്രായക്കാരായിരുന്നു. സ്ത്രീകൾക്ക് 'വീട്ടമ്മ ജോലിയാണെങ്കിൽ' എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും എന്നതാണ് അവരുടെ ജോലിയുടെ രീതി. ഉദ്യോഗസ്ഥരാണെങ്കിൽ ആഴ്ചയിലെ ഒരു ദിവസത്തെ അവധി ദിനം വീട്ടിൽ ബാക്കിയുള്ള എല്ലാവരുടെയും വിശ്രമദിനവും അവളുടെ വീട്ടുപണി ദിനവുമായി മാറുന്നതുകാണാം. പലപ്പോഴും ഒരു കൈ സഹായം പോലും ആരിൽ നിന്നും കിട്ടാത്തവരും ഇക്കൂട്ടത്തിൽ ഏറെയുണ്ട്. പുതുതലമുറയുടെ ഇടമായ ഇൻസ്റ്റഗ്രാമിൽ ഈ ചോദ്യത്തിന് അവധി വേണമെന്ന് പറഞ്ഞത് 1415 പേരാണ്. 181 ആളുകൾ വേണ്ട എന്ന ഉത്തരം നൽകിയവരായിരുന്നു. ട്വിറ്ററിൽ 85 ശതമാനം ആളുകൾ വീട്ടമ്മമാർക്ക് അവധിവേണമെന്ന് പറഞ്ഞു. ചോദ്യത്തിന് വന്ന കമന്റുകളിൽ പലതും 'പിന്നെ വീട്ടിലെ പണികൾ ആര് വന്നു ചെയ്യും, ആ ദിവസം ഞങ്ങൾ പട്ടിണി കിടക്കണോ..' തുടങ്ങിയ പരാതികളായിരുന്നു എന്നതാണ് വിചിത്രം.
അംഗീകാരവും തുല്യതയുമാണ് വീട്ടമ്മമാർക്കു വേണ്ടതെന്ന് എസ്. ജി മോഹൻ എന്നയാളുടെ മറുപടി. ''ജോലിക്കുപോകാൻ നിവൃത്തിയില്ലാത്തവരുണ്ട്, അർഹതയുള്ളജോലി ലഭിയ്ക്കാൻ അവസരം ലഭിയ്ക്കാത്തവരുണ്ട്, അവസരങ്ങൾ ഉണ്ടായിട്ടും ജോലിക്കു വിടാതെ വീട്ടിലെ വിഴുപ്പലക്കാൻ മാത്രം തളയ്ക്കപ്പെട്ടുപോയവരുണ്ട്, തൊഴിൽ ലഭിയ്ക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുണ്ട്, തൊഴിൽ ഉണ്ടായിട്ടും (ജോലിക്കു പോകുന്നതിനു മുൻപും, വന്നതിനുശേഷവും) യന്ത്രംകണക്കെ രാവിലെയും വൈകുന്നേരവും വീട്ടുവേലകൾ ചെയ്തുതീർക്കാൻ നിർബന്ധിതരാവുന്നവരുണ്ട്. പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതൽ കലാലയ തലംവരെ ആൺകുട്ടികളെ അപേക്ഷിച്ചു പഠനനിലവാരത്തിൽ മികച്ച ഔന്നത്യം പുലർത്തുന്നവരാണ് പെൺകുട്ടികൾ. എന്നിട്ടും എന്തുകൊണ്ട് ഒരു വിവാഹശേഷം അവരെ കാണുന്നില്ല!? അവരുടെ കഴിവുകൾ അവരർഹിക്കുന്നയിടങ്ങളിൽ സേവനമായി മാറാൻ അവസരം കൊടുക്കാത്തതാണ് വാസ്തവം. ഒരു ശമ്പളം കൊടുത്ത് അവരെ ഇപ്പോഴുള്ള "വീട്ടമ്മ" എന്നെങ്കിലുമുള്ള പദവിയിൽ നിന്ന് വേലക്കാരി (വേലയ്ക്കു കൂലി വാങ്ങുന്നവൾ) എന്ന തരത്തിലേക്ക് വീണ്ടും താഴ്ത്തുകയല്ല വേണ്ടത്. അവരൊരു യന്ത്രമല്ല, തുല്യമായ സ്ഥാനമുള്ള വ്യക്തിയാണ് എന്ന തിരിച്ചറിവും ബഹുമാനവും ആണ് അവർക്കു ഇനിയെങ്കിലും സമൂഹം നൽകേണ്ടത്. 25 വയസ്സുള്ള മകനായാലും അവൻ അവിവാഹിതൻ ആണെങ്കിൽ അവൻ്റെ അടിവസ്ത്രം 'അമ്മ അലക്കിക്കൊടുക്കണം എന്ന നികൃഷ്ടമായ നിലപാടാണ് മാറേണ്ടത്! ശാരീരിക വിഷമതകൾ അലട്ടുമ്പോഴും, അതിരാവിലെ എഴുനേറ്റ് അച്ഛനും മക്കൾക്കും സമൃദ്ധമായ പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊടുത്തേ മതിയാകൂ എന്ന വൃത്തികെട്ട "ആൺ" ധാർഷ്ട്യമാണ് മാറേണ്ടത്! ഇങ്ങനെയൊക്കെ ആയിട്ടും സ്വന്തമായി പത്തുപൈസ കയ്യിൽ ഇല്ലാതെ കഷ്ടപ്പെടുന്നവരുമാണ് കൂടുതലും. അത്തരം സ്ത്രീകളെ കൃത്യമായ സർവ്വേയിലൂടെ കണ്ടെത്തി അവർക്കു ഒരു നിശ്ചിത തുക മാസം കൊടുക്കാൻ സർക്കാർതല നടപടിയുണ്ടാകേണ്ടതും ഉണ്ട്.''
വീട്ടമ്മപദവിക്ക് ശമ്പളത്തെക്കാളും അവധിയേക്കാളും തുല്യസ്ഥാനമാണ് സ്ത്രീകൾ പ്രതീക്ഷിക്കുന്നത്. അവൾക്ക് ജോലിയൊന്നുമില്ല.. എന്ന മറുപടില്ല, അവളുടെ ജോലികൾ തുല്യമായി പങ്കിടുന്ന കുടുംബത്തെയാണ് അവർക്ക് ആവശ്യം. വീട്ടുജോലികൾ കുടുംബാംഗങ്ങൾ തുല്യമായി പങ്കിട്ട് ചെയ്യാറുണ്ടോഎന്ന ചോദ്യത്തിന് നാൽപത്തിയൊമ്പത് ശതമാനം ആളുകൾ ഉണ്ടെന്നും മുപ്പത്താറ് ശതമാനം പേർ ഇല്ലെന്നും പതിനഞ്ച് ശതമാനം ആളുകൾ വീട്ടിലെല്ലാവരും ചേർന്ന് ചെയ്യുന്നുവെന്നുമാണ് മറുപടി നൽകിയത്. ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞ കണക്കുകൾ തമ്മിൽ വലിയ അന്തരമില്ല എന്നതാണ് കാണാനാവുക. 2011 ലെ സെൻസസ് അനുസരിച്ച് 159.85 മില്യൺ സ്ത്രീകളാണ് രാജ്യത്ത് വീട്ടു ജോലികൾ ചെയ്യുന്നത്, അതും അവരുടെ പ്രധാനജോലിയായി. എന്നാൽ 5.79 പുരുഷൻമാർ മാത്രമാണ് നമ്മുടെ രാജ്യത്തെ വീട്ടച്ഛൻമാർ.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ലോകത്തിൽ ശമ്പളമില്ലാത്ത വീട്ടുപണികളും ചെയ്യുന്നത് 76.3 ശതമാനം സ്ത്രീകളാണ്. ഇന്ത്യയിൽ ശമ്പളമില്ലാത്ത വീട്ടുപണികൾ ചെയ്യേണ്ടിവരുന്നത് 90.5 ശതമാനവും സ്ത്രീകളാണ്. പുരുഷൻമാരുടേത് 9.5 ശതമാനവും. തൊട്ടടുത്ത് പാക്കിസ്താനും കമ്പോഡിയയും മാലിയുമുണ്ട്. വീട്ടുജോലികളിൽ സ്ത്രീപുരുഷ അനുപാതം ഏറെ മികച്ച് നിൽക്കുന്ന രാജ്യം സ്വീഡനാണ്. 40.7 ശതമാനം പുരുഷൻമാരും 55.3 ശതമാനം സ്ത്രീകളും വീട്ടുജോലികളിൽ പങ്കാളികളാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് ഈ ലിംഗസമത്വം പ്രധാനമായും കാണുന്നതെന്ന് പറയാം.
Read More...അടുക്കളയിൽ ജോലി, അക്കൗണ്ടിൽ കൂലി, എന്താ കയ്ക്കുമോ?
വിവാഹം, പ്രസവം, വീട്ടിലെ പ്രായമായവരുടെ രോഗങ്ങൾ, ഭർത്താവിന്റെ ജോലി മാറ്റം... ഇവയ്ക്കെല്ലാം അനുസരിച്ച് ജോലി ഉപേക്ഷിക്കുന്ന അഭ്യസ്ഥവിദ്യരായ വീട്ടമ്മമാരുടെ എണ്ണവും നമുക്കിടയിൽ കൂടുന്നുണ്ട്. വീട്ടുത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വരുന്നത് സ്ത്രീകളാണോ എന്ന ചോദ്യത്തിന് എൺപത്തിയഞ്ച് ശതമാനം ആളുകളാണ് അതെ എന്ന് ഉത്തരം നൽകിയത്. ട്വിറ്ററിൽ 76.2 ശതമാനം ആളുകൾ അതെ എന്ന ഉത്തരം നൽകി. ഇന്ത്യയിൽ 40 ശതമാനത്തോളം സ്ത്രീകൾ പ്രസവശേഷം കുഞ്ഞിന്റെ ചുമതലകൾക്കായി ജോലി ഉപേക്ഷിക്കുന്നുവെന്നാണ് പഠനങ്ങൾ. എന്നാൽ പലർക്കും പിന്നീട് അവരുടെ കരിയറിലേക്കോ സ്വപ്നങ്ങളിലേക്കോ തിരിച്ചുവരാനുള്ള സാഹചര്യങ്ങളും നമ്മുടെ സമൂഹത്തിലില്ല എന്നതും കാണാം. കുഞ്ഞുണ്ട് എന്ന കാരണം കൊണ്ട് കരിയർഗ്രാഫിൽ താഴേക്ക് പോയ ധാരാളം അമ്മമാർ നമുക്കു ചുറ്റുമുണ്ട്. എന്നാൽ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വലിയൊരു വളർച്ചക്ക് കാരണം ഈ വീട്ടമ്മമാരുടെ സേവനങ്ങൾ തന്നെയാണ് എന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആന്റ് ഡവലപ്മെൻറ് നടത്തിയ പഠനം പറയുന്നുണ്ട്. എന്നിട്ടും സ്ഥിതി വീട്ടമ്മപദവിയുടെ സ്ഥിതി ഇന്നും എന്നും മോശം തന്നെ.
'നന്നായി പഠിച്ചിരുന്നെങ്കിലും വീട്ടിലെ സാമ്പത്തിക പരാധീനതകൾ പഠനം തുടരാൻ അനുവദിച്ചില്ല. ഡിഗ്രി കഴിഞ്ഞതോടെ വിവാഹം കഴിഞ്ഞു. അതും ഒരാളുടെ രണ്ടാംഭാര്യയായി. വിവാഹം കഴിഞ്ഞ് ആറ്മാസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. ആദ്യഭാര്യയുടെ മക്കളുടെ ചുമതലയും പ്രായമായ അമ്മയും എല്ലാം എന്റെ ചുമലിലായി. ദിവസക്കൂലിക്കുള്ള പല പണികൾക്ക് പോയാണ് ഞാൻ അവരെയെല്ലാം നോക്കിയത്. എല്ലാവരുടെയും പഠനവും വിവാഹവും കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഞങ്ങൾ താമസിച്ചിരുന്ന വീട് അയാളുടെ ആദ്യഭാര്യയുടെ പേരിലാണെന്ന്. ഇപ്പോൾ ആ മക്കൾ എന്നെ അവിടെ നിന്ന് ഒഴിവാക്കാൻ കേസ് കൊടുത്തിരിക്കുകയാണ്. എനിക്ക് വേറെ വരുമാനമില്ല, 60 വയസ്സുണ്ട് എനിക്ക്. എനിക്കുവേറെ സമ്പാദ്യമില്ല. എന്നെപ്പോലെ പ്രായമാകുമ്പോൾ കൈയിൽ ഒരു വരുമാനവുമില്ലാതെ സ്വന്തം മക്കൾ വരെ ആട്ടിപ്പുറത്താക്കുന്ന സ്ത്രീകളുണ്ട്. വീട്ടമ്മാർക്കു വേണ്ടി ഒരു പെൻഷനോ, അവർക്കുവേണ്ടി ഒരു നിക്ഷേപപദ്ധതിയോ സർക്കാർ കൊണ്ടുവന്നാൽ നല്ലതാണ്.. " വീട്ടമ്മയായ മഹിളാമണിയുടെ വാക്കുകളിലും ഉണ്ട് ആ ചോദ്യം. വീട്ടമ്മ എന്നത് ഒരു ജോലിയില്ലായ്മയാണോ, ഞങ്ങളുടെ ജോലിക്കും ഒരു മൂല്യമില്ലേ?
Content Highlights:housewife need weekly leave and salary, opinions