ചര്‍മ്മ സംരക്ഷണത്തിനായി സമയം ലഭിക്കാത്തവരാണ് മിക്ക സ്ത്രീകളും ലഭിച്ചാല്‍ തന്നെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വസ്തുക്കള്‍ക്ക് നല്ല വിലയും. ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ പൊടികള്‍ എളുപ്പം തയ്യാറാക്കാവുന്നതാണ് . വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ചില പൊടികള്‍ പരിചയപ്പെടാം.

റോസ് പൗഡര്‍

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാനും മ്യദുവാക്കാനും മികച്ചതാണ് റോസ് പെറ്റല്‍ പൗഡര്‍ അഥവാ റോസ് പൗഡര്‍. വീട്ടില്‍ വളരുന്ന റോസ് പൂവിന്റെ ഇതളുകള്‍ മാത്രം എടുത്ത് നന്നായി വെയില്‍ കൊണ്ട് ഉണക്കുക. റോസ പൂവിന്റെ മുകളില്‍ ഒരു നേര്‍ത്ത തുണി വിരിച്ചാല്‍ പൊടി പറ്റാത്ത സംരക്ഷിക്കാം. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിരിക്കുന്ന ഇത് പ്രായമാവുമ്പോള്‍ വരുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം നല്‍കും. ഹെയര്‍ മാസ്‌ക്കിലും ഈ പൊടി ഉള്‍പ്പെടുത്താവുന്നതാണ്

ഓറഞ്ച് പീല്‍ പൗഡര്‍

ഓറഞ്ചിന്റെ തൊല്ലി ഉണക്കി പൊടിച്ചാല്‍ നല്ല അസ്സല്‍ ഓറഞ്ച് പീല്‍ പൗഡറായി.വിറ്റാമിന്‍ സി, സിട്രീക്ക് ആസിഡ്, കാല്‍സിയം എന്നിവ ധാരാളം അടങ്ങിയ ഓറഞ്ച് പീല്‍ പൗഡര്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്. കരുവാളിപ്പ്, ബ്ലാക്ക് ഹെഡ്സ് എന്നിവ മാറാനും നിറം വര്‍ദ്ധിക്കാനും ഇത് മികച്ചതാണ്.

നെല്ലിക്ക പൊടി

നെല്ലിക്കയുടെ കുരു കളഞ്ഞ് വ്യത്തിയായി ഉണക്കി പൊടിച്ച് സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. പല ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്ക പൊടി വിവിധ തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ദഹനത്തിനും അസിഡിറ്റിക്കും മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ അമിതമായി ഇത് കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. മുടി വളരാനും താരന്‍ അകറ്റാനും നെല്ലിക്ക പൊടി ഉപയോഗിക്കാം. തൈര്, നെല്ലിക്ക് പൊടി, ചെറുപഴം അടിച്ചത് എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ പുരട്ടുന്നത് മുടി വളരാനും തലക്ക് കുളിര്‍മ്മ നല്‍കാനും സഹായിക്കുന്നു

വേപ്പില പൊടി

വേപ്പില പൊടി അഥവാ നീം പൗഡര്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കേശ പ്രശനങ്ങള്‍ക്കും നല്ലതാണ്. മുഖകുരുവിന് നല്ലൊരു ഒറ്റമൂലിയാണിത്. താരന്‍, പേന്‍ ശല്യം എന്നിവ മാറാനും ഇവ ഫലപ്രദമാണ്. ഇലകള്‍ കഴുകി ഉണക്കിയെടുത്താല്‍ ഒരു വര്‍ഷത്തോളം സൂക്ഷിക്കാവുന്നതാണ്. മഞ്ഞളിനൊപ്പം ഈ പൊടി ചേര്‍ത്ത്  ഫെയ്സ് പാക്ക് തയ്യാറാക്കാവുന്നതാണ്.

 
Content Highlights: Homemade Powders for facepack